ഏറ്റവും ഇഷ്ടപ്പെട്ട കേക്കും കത്തിച്ചുവച്ച മെഴുകുതിരിയുമായി കാത്തിരിക്കാൻ തുടങ്ങിയട്ടല്പ നേരമായി. മുറിയിലെ അരണ്ട മെഴുകുതിരി വെളിച്ചത്തിനഭിമുഖമായി ഇരിക്കുമ്പോൾ ഓർമ്മയിൽ ഡാഫോഡിൽ പൂത്തുലഞ്ഞു. “പുനർജന്മവും പുതുവസന്തവും ഓർമ്മിപ്പിക്കുന്ന ഡാഫോഡിൽസ്”. മഞ്ഞപ്പൂവുകൾ കണ്ണിനേകുന്ന കുളിർമ്മ മനസ്സിൽ നിറയ്ക്കുന്ന തണുപ്പ്. അത് അനിർവചനീയമായ അനുഭൂതിയാണ്. അതാണ് ഇന്ന് തന്റ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. നിറയെ പൂത്തുനിൽക്കുന്ന ഡാഫോഡിൽസ്. ഒരിക്കൽ പുനർജനിച്ച എന്റെ ഡാഫോഡിൽസ് ഇനി മരണമില്ലാത്തതായ് മാറുന്നു. ഇനി മരണവും പുനർജനിയും എന്നോടൊപ്പം മാത്രം. എന്നിലെ പുനർജ്ജനി നടന്നത് അന്നായിരുന്നു. കോവിഡ് എന്ന മഹാമാരി വില്ലനായി ജീവനുകൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്ന കാലത്ത്. അവളുടെ ഓർമ്മകൾ അധികം പിന്നിലല്ലാത്ത ആ ദിവസങ്ങളിലേക്ക് നീങ്ങി. ദിവസങ്ങളോളം റസ്റ്റില്ലാതെ ജോലി ചെയ്ത ക്ഷീണം ആകെ തളർത്തിയിരുന്നു. അതൊരു വ്യാഴാഴ്ച ആയിരുന്നു. കുറെ ദിവസം കുടി കിട്ടിയ മോചനം ആയിരുന്നു. മരണങ്ങൾ കണ്ട് മരവിച്ച കണ്ണുകളും കണ്ണീരുപ്പിന്റെ രുചി അറിഞ്ഞ നാവും തകർന്ന ഹൃദയവും ശാന്തിക്കുവേണ്ടി തലച്ചോറിനെ ആശ്രയിച്ചുകൊണ്ടിരുന്നു. ഒന്ന് ഉറക്കത്തിലേക്ക് കൊണ്ടു പോകാൻ. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ഫോൺതുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് ഉണർന്നത്. എത്ര നേരം ഉറങ്ങി എന്നൊരു ബോധ്യവും ഇല്ലായിരുന്നു. മുറിയിൽ ഇരുട്ടു പരന്നിരുന്നു. ഉറക്കം കണ്ണുകളെ വിട്ടു പോകാൻ മടികാണിച്ചു.
കണ്ണുകൾ തുറന്നടച്ച് പലപ്രാവശ്യം ശ്രമിച്ചപ്പോൾ ഒരു വിധം തുറന്നു പിടിക്കാമെന്നായി. എഴുന്നേറ്റ് ഫോൺ എടുക്കുമ്പോഴേക്കും അത് നിന്നിരുന്നു. തിരികെ വച്ച് ഒന്നു കൂടി കിടന്നാലോ എന്നാലോചിക്കുമ്പോഴേക്കും വീണ്ടും തുടങ്ങി സംഗീതം പൊഴിക്കൽ. വാട്സ്ആപ്പ് കോളാണ്. പരിചയം ഇല്ലാത്ത നമ്പർ. നാട്ടിലെ നമ്പർ ആണല്ലോ? ഒരു നിമിഷം സംശയിച്ചു എടുക്കണോ? വീണ്ടും വീണ്ടും സംഗീതം കേട്ടപ്പോൾ എന്തായാലും ശരി എന്നു കരുതി എടുത്തു. . മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം. ശാന്തമായ ശബ്ം. . എന്തോ ഒരാകർഷണം. കട്ട് ചെയ്യാൻ തോന്നിയില്ല. ഹലോ… ആരാണ്? എന്താണ്? കുറെ സമയം നിശ്ശബ്ദത മാത്രമായിരുന്നു മറുപടി. . പിന്നെ കട്ട് ചെയ്തു. ഉറക്കത്തെ വല്ലാതെ സ്നേഹിച്ച ദിവസമായതിനാൽ ആര് എന്ത് എവിടെ നിന്ന് എന്ന ചോദ്യങ്ങൾക്കൊന്നും പ്രസക്തി ഇല്ലായിരുന്നു. . അടുത്ത ദിവസം വീണ്ടും അതേ സമയം അതേ ശബ്ദം. ആശബ്ദത്തിലെന്തോ ഒരു മാസ്മരികത ഉള്ളതു പോലെ തോന്നി. ജോലിത്തിരക്കിനിടയിലും അവഗണിക്കാൻ കഴിഞ്ഞില്ല. ഒരു പരിചയവും ഇല്ല. എങ്കിലും കട്ട് ചെയ്യാൻ തോന്നിയില്ല. അറിയാൻ ആകാംക്ഷയുണ്ടായി, എവിടെ നിന്നാണ് നമ്പർ കിട്ടിയത് ആരാണ് എന്താണ് എന്നൊക്കെ. ഒരു സുഹൃത്തിന്റെ നമ്പർ ഒരക്കം മാറി സേവ് ചെയതതാണ്. അങ്ങനെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. പിന്നീട് മെസ്സേജുകളിലൂടെ ഫോൺ വിളികിലൂടെ പരസ്പരം കൂടുതൽ അറിയുകയായിരുന്നു. . മനസ്സ് കൈവിട്ട നേരങ്ങളിലൊക്കെയും അവന്റെ വാക്കുകൾ സാന്ത്വനമായി.
വസന്തം വിരുന്നിനെത്തിയതും പുലരികൾ പൂത്തുലഞ്ഞതും അറിയാതെ മനുഷ്യൻ നടന്നകലുമ്പോഴും ഇരുളിൽ മുഖമൊളിപ്പിച്ച് ഉടയവരിൽ നിന്നും ഉറ്റവരിൽ നിന്നും ഒറ്റപ്പെടുമ്പോഴും പ്രകൃതിയും മനുഷ്യനൊഴിച്ചുള്ള ജീവികളും സാധാരണപോലെ കഴിഞ്ഞ കാലം. മനസ്സ് കൈവിട്ട എത്രയോ നിമിഷങ്ങൾ. മനുഷ്യ ജീവന്റെ മൂല്യം അതു തിരിച്ചു പിടിക്കാൻ മെഡിക്കൽ ടീമിന്റെ അശ്രാന്ത പരിശ്രമം. എന്നിട്ടും പരാജയത്തിന്റെ കയ്പു നീരു മാത്രം കുടിച്ച നിമിഷങ്ങൾ. ആത്മ വിശ്വാസം നഷ്ടപ്പെട്ട നിമിഷങ്ങളും കുറവല്ലായിരുന്നു. മനുഷ്യൻ അവനഹങ്കരിക്കാൻ ഒന്നുമില്ലെന്ന തിരിച്ചറിവിൽ എത്തുന്ന കാഴ്ച. ആദ്യം എന്നെ ഏറെ തളർത്തിയത് 26 വയസ് മാത്രം പ്രായം ഉള്ള ചെറുപ്പക്കാരന്റെ മരണമായിരുന്നു. .
സ്വന്തം കൺ മുന്നിൽ അത്രയും ആരോഗ്യവാനായ ഒരാൾ അനുനിമിഷം ഇല്ലാതാവുന്നത് കാണേണ്ടി വന്ന അവസ്ഥ. വർഷങ്ങളായി ഒന്നാകാൻ കാത്തിരുന്നവർ. പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിനായ് നൊയമ്പ് നോറ്റവർ. ഒടുവിൽ വിവാഹം കഴിഞ്ഞ് പ്രേയസിക്കടുത്തെത്തിയത് എന്നത്തേയ്ക്കും യാത്ര പറയാനായിപ്പോയി. 22 വയസ്സ് പ്രായം മാത്രമുള്ള ആ കുട്ടിയുടെ കരച്ചിൽ ഇന്നും മുഴങ്ങുന്നുണ്ട് ഇടനെഞ്ചിൽ തീരാവേദനയായി. എത്രയോ പ്രായമായ അമ്മമാർ എന്നും അവസാനം വരെ തണലാകേണ്ട മക്കളെ അവസാനാമായി ഒരു നോക്കു കാണാൻ പോലും ആകാതെ ആശയറ്റ് ശബ്ദം പോലും പുറത്തേക്ക് വരാതെ കുറുകലിന്റെ ശബ്ദം ഫോണിന്റെ ഇങ്ങേ തലയ്ക്കൽ നിന്നും ദൃശ്യവൽകരിക്കേണ്ടി വന്ന മനസ്സിന്റെ തേങ്ങൽ. ഹൃദയം കീറിമുറിക്കുന്ന വേദനകളുടെ കൂമ്പാരം. ഗാന്ധാരീ വിലാപം എന്ന കവിതയിൽ തന്റെ നൂറു മക്കളെയും മരുമകനെയും നഷ്ടപ്പെട്ട് യുദ്ധഭൂമിയിൽ കബന്ധങ്ങൾക്കിടയിലൂടെ മക്കളെ തേടി വിലപിക്കുന്ന ഗാന്ധാരി എന്ന അമ്മയ്ക്ക് ശപിക്കാൻ ഒരാളുണ്ടായിരുന്നു. എല്ലാം ഒഴിവാക്കാമായിരുന്നിട്ടും ചെയ്യാതിരുന്ന കൃഷ്ണൻ. ഇവിടെ ഈ അമ്മമാർ ആരെ ശപിക്കാൻ. നിസ്സാഹയരായ അമ്മമാർ തങ്ങളുടെ കണ്ണുനീരിന് ആരോടു കണക്കു ചോദിക്കാൻ. . ഒന്നിനും ആകാതെ തളരുന്ന അവരോട് എന്ത് ആശ്വാസവാക്കാണ് പറയാൻ കഴിയുക. സ്വയം അപകടത്തിലാണെന്നറിയാമായിട്ടും മറ്റുള്ളവരെ രക്ഷിക്കാൻ ആശ്വസിപ്പിക്കാൻ സ്വയം ബലിയാടാവുന്ന എത്രയൊ പേർ. എന്നും മനുഷ്യന്റെ പ്രവർത്തികളാണ് അവനെ നിത്യമായ ദു: ഖത്തിലേക്ക് വലിച്ചെറിയുന്നത്. ആര് തിരിച്ചറിയാൻ? അതു പോലെ എത്രയോ മറക്കാനാവാത്ത നൊമ്പരങ്ങൾ. . അതിനിടയിലെ എന്റെ പുണ്യമായിരുന്നു ഈ കൂട്ടുകാരൻ. വഴി തെറ്റി എത്തിയ സൗഹൃദം. ഒരിക്കലും മറക്കാനാവില്ല. ഒരിക്കലും പിരിയാനും. എന്റെ പ്രീയ കൂട്ടുകാരാ മരണം വരെ നീ ഒപ്പമുണ്ടാകണം.
വെറുതെ രാത്രികളിലെ സ്വപ്നമാകാനല്ല. ഓർമ്മകളുടെ പൂക്കാലം തന്ന് ഇറങ്ങിപ്പോകാനുമല്ല. പുലരികളും സന്ധ്യകളും നിന്നിൽ പൂക്കണം. നിന്നിലെ പുഞ്ചിരി സാന്ത്വനമായെന്നും എന്നിൽ നിറയണം. . നിന്നെ അല്ലാതെ ആരെയും ഇത്രയും ഭ്രാന്തമായി സ്നേഹിക്കാനെനിക്കാവില്ല. ഹൃദയത്തിൽ ഹൃദയം ചേർത്ത്. നിന്റെ ചുണ്ടുകളിലെ ചുംബനങ്ങളെ മഞ്ഞുപൂക്കളായി എന്റെ ചുണ്ടുകളിലേക്ക് പകരാൻ. എന്റെ ഓരോ ശ്വാസകണികയിലും നിന്റെ ഗന്ധം നിറയ്ക്കാൻ. എന്റെ സിരകളിൽ നിന്റെ പ്രണയം നിറയ്ക്കാൻ. എന്റെ കാതുകളിൽ, ഓർമ്മയിൽ നിന്റെ ശബ്ദം നിറയ്ക്കാൻ. മരണം തേടിയെത്തുമ്പോഴും കണ്ണുകളിൽ നിന്നെ നിറച്ച് വരും ജന്മങ്ങളിലും ആത്മാവിൽ നിന്റെ ആത്മാവിനെ ചേർത്ത്. നമുക്കെന്നും ഒന്നാകാനാണ് ഞാൻ നിന്നെ എന്നിലേക്ക് ചേർത്തുനിർത്തിയത്. നേരിയ തണുപ്പ് ജനലിലെ ഏതോ ചെറിയ വിടവിലൂടെ അരിച്ചു കയറുന്നുണ്ടായിരുന്നു. ഇളം കാറ്റിൽ ആകാശ നീലിമയുള്ള ജനൽ വിരി മെല്ലെ ഇളകി. ചില്ലു കൂടിലെ മെഴുകുതിരി വെളിച്ചം മുറിയിലെ ഇരുട്ടിനെ അപൂർണ്ണമാക്കി. ഒരു പക്ഷെ വേദനകളുടെ ലോകത്തിൽ പൂർണ്ണമായ ഇരുട്ടിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തിലെ വെളിച്ചമായെത്തിയ എന്റെ സൗഹൃദം പോലെ. ഏതു തിരക്കിലും എത്ര ഗാഢ നിദ്രയിലും അവന്റെ വാക്കുകൾക്ക് കാതോർത്തു. സരയുവിലേക്ക് ആഴ്ന്നിറങ്ങാൻ കാത്തിരിക്കുന്ന രാമൻ. രാമായണത്തിലെ ശ്രീരാമനല്ല. രാമായണത്തിലെ രാമനെപ്പോലെ സരയുവിൽ ലയിച്ച് ജീവനുപേക്ഷിക്കാനല്ല. ഈ സരയുവിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ കാത്തിരിക്കുന്ന എന്റെ രാമൻ. എന്റെ രാമന്റെ ശബ്ദം നാദമായ് സ്വരമായ് എന്നിൽ ആശ്വാസം നിറച്ചു കൊണ്ടേയിരുന്നു. മനസ് തകരുന്ന വേളകളിലെല്ലാം അവന്റെ പാട്ടുകളിൽ അഭയം തേടി.
എനിക്കായി മാത്രം പാടുന്ന ഗാനങ്ങൾ. സ്വരമഴയായി എന്നെ പൊതിയുന്ന എന്റെ സൗഹൃദം. വിശ്വസിക്കാനാവുന്നില്ല. എത്രവേഗമാണ് ദിനരാത്രങ്ങൾ അടർന്നു പോയത്. ഇനി എന്നാണ് നേരിൽ കാണുക. കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ തകർത്തെറിഞ്ഞപ്പോഴും താങ്ങായി തന്നിലേക്കെത്തിയ പ്രീയകൂട്ടുകാരാ. നിന്നെയും കാത്താണ് ഞാനിരിക്കുന്നത്. എനിക്കറിയാം എന്നെപ്പോലെ തന്നെ നീയും ഓരോ കണികയിലും കാണുന്നതെന്നെയെന്ന്. ആ കൈപിടിക്കാൻ ഇനിയും എത്ര നാൾ. ഒരു കോവിഡ് കാല പ്രണയം. എന്റെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു. ഫോണിൽ മെസേജ് വന്ന ശബ്ദം ചിന്തകളിൽ നിന്നുണർത്തി. ഞാനിവിടെ റെഡിയാണ്. തുടങ്ങിയാലോ? ഞാനും റെഡിയാണ്. മറുപടി അയച്ചു കാത്തിരുന്നു, കണ്ണുകളിൽ ആയിരം തിരിയിട്ടു കത്തിച്ച വിളക്കുമായി. വീഡിയോ കാളിലൂടെ സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആഘോഷം. കുറെ ദിവസമായി മനസ്സ് കൂട്ടലുകളും കിഴിക്കലുകളും നടത്തുകയായിരുന്നു. എങ്ങനെ ആകണം ഒരുവർഷം പ്രായമായ സൗഹൃദം ഊട്ടി ഉറപ്പിച്ച പ്രണയവും സൗഹൃദവും ആഘോഷിക്കേണ്ടത് എന്ന്. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ഞങ്ങൾ രണ്ടാളും എത്തിയത്. ഫോൺ റിംഗ് ചെയ്തു. ആവേശത്തോടെ എടുത്തു. മറുവശത്ത് മേശയ്ക്കരികിൽ അവൻ. മെഴുകുതിരി വെളിച്ചത്തിൽ പരസ്പരം കാണുമ്പോൾ വാക്കുകൾക്ക് പ്രസക്തിയില്ലാതെയായി. കണ്ണുകളിൽ നോക്കിയിരിക്കെ വായിച്ചെടുക്കാൻ ഒരുപാടുണ്ടായിരുന്നു. ചുണ്ടുകളിലെ പുഞ്ചിരിയിൽ വിരിഞ്ഞത് ഒരുയുഗത്തിലെ കഥകളായിരുന്നു. ഹൃദയങ്ങൾ കൈമാറിയത് ജന്മാന്തരങ്ങളിലെ പ്രണയമായിരുന്നു. എത്ര നേരം മിഴികളിൽ മിഴികോർത്തിരുന്നു എന്നറിയില്ല. തലച്ചോറിലെ സംജ്ഞകൾ അനസ്യൂതം രണ്ടുപേരിലേക്കും പ്രവഹിച്ചു കൊണ്ടേയിരുന്നു. റാമിന്റെ നാട്ടിൽ പുലരി പൂക്കുവോളം.
(ന്യൂയോർക്കിലെ ബ്രൂക്കിലിൽ താമസിക്കുന്ന കഥാകാരി പൊതുപ്രവര്‍ത്തകയാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.