26 June 2024, Wednesday
KSFE Galaxy Chits

വൈദ്യുതി പ്രതിദിന ഉപയോഗം വീണ്ടും കുറഞ്ഞു; പ്രതിസന്ധി കടന്നു

സ്വന്തം ലേഖിക
തിരുവനന്തപുരം
May 12, 2024 11:02 pm

സംസ്ഥാനത്ത് വേനല്‍മഴ സജീവമായതോടെ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്. ശനിയാഴ്ച 9.56 കോടി യൂണിറ്റായി പ്രതിദിന ഉപയോഗം കുറഞ്ഞു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4585 മെഗാ വാട്ടായും കുറഞ്ഞു.
വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റായിരുന്നു. ഈ മാസം ആദ്യമായാണ് വൈദ്യുതി ഉപയോഗം വെള്ളിയാഴ്ച 10 കോടി യൂണിറ്റിന് താഴെയെത്തിയത്. പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നിയന്ത്രണ വിധേയമായെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. 

പരക്കെ മഴ ലഭിക്കാന്‍ തുടങ്ങിയതോടെ വലിയ തോതില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. വേനൽ കനത്തതോടെ പ്രതിദിന ഉപയോഗം റെക്കോഡിലെത്തിയിരുന്നു. കഴിഞ്ഞ മാസം വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിന് മുകളിൽ രേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോഡ് ഭേദിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചിരുന്നു.

സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിട്ടി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി വൈദ്യുതി വകുപ്പ് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ കുറച്ച് ദിവസങ്ങളായി കുറവുണ്ടായിരുന്നു. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി ഈ നിര്‍ദേശങ്ങളോട് സഹകരിക്കുകയും ചെയ്തു. നിലവില്‍ മിക്ക ദിവസങ്ങളിലും ഉച്ചയോടെ വേനൽമഴ ശക്തമാകുന്നതിനാൽ ഉപഭോക്താക്കൾ എസി, ഫാൻ തുടങ്ങിയ ഉപയോഗിക്കുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് വൈദ്യുതി ബോർഡിന്റെ നിരീക്ഷണം. 

വേനൽമഴ ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും ചൂടിന് കാര്യമായ കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ യെല്ലോ അലർട്ട് നൽകിയിരുന്നു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, നാളെ തിരുവനന്തപുരം, പത്തനംതിട്ട, 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേ സമയം കേരള — കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയിലുള്‍പ്പെടെ എവിടെയും രണ്ട് ദിവസമായി ഉഷ്ണതരംഗ മുന്നറിയിപ്പില്ല. 

Eng­lish Sum­ma­ry: Dai­ly use of elec­tric­i­ty decreased again; The cri­sis is over

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.