9 March 2026, Monday

Related news

March 9, 2026
March 5, 2026
March 1, 2026
February 27, 2026
February 16, 2026
February 14, 2026
February 9, 2026
February 6, 2026
February 4, 2026
January 29, 2026

യുദ്ധഭീതിയിൽ ദലാൽ സ്ട്രീറ്റ്

ഒരാഴ്ചകൊണ്ട് ഒഴുകിപ്പോയത് 25 ലക്ഷം കോടി
Janayugom Webdesk
മുംബൈ
March 9, 2026 9:33 pm

പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഫെബ്രുവരി 28‑ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഇതുവരെ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 25 ലക്ഷം കോടി രൂപയാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതുമാണ് വിപണിയെ തളർത്തുന്നത്. 

ഇന്നലെ വിപണി തുറന്നത് മുതൽ സെൻസെക്സും നിഫ്റ്റിയും കുത്തനെ താഴോട്ടായിരുന്നു. നിക്ഷേപകർക്ക് 8.5 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 2,500 പോയിന്റും നിഫ്റ്റി 750 പോയിന്റും ഇടിഞ്ഞെങ്കിലും പിന്നീട് നേരിയ തോതിൽ തിരിച്ചുപിടിച്ചു. എങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 1,353 പോയിന്റ് ഇടിഞ്ഞ് 77,566 ലും, നിഫ്റ്റി 422 പോയിന്റ് ഇടിഞ്ഞ് 24,028 ലും എത്തി. ഈ തകർച്ചയോടെ നിക്ഷേപകരുടെ സമ്പാദ്യത്തിൽ നിന്ന് 8.5 ലക്ഷം കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് ഇല്ലാതായത്.
ഇറാൻ യുദ്ധം ആഗോള വിപണികളിൽ വലിയ ആശങ്ക പടർത്തുന്നതാണ് ഇതിന് കാരണം. സമീപഭാവിയിലൊന്നും ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന ഭീതി നിക്ഷേപകരെ തളർത്തുന്നു. ബാങ്കിങ്, പെട്രോളിയം മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്: എച്ച്ഡിഎഫ്സി ബാങ്ക് (3%), ഐസിഐസിഐ ബാങ്ക് (4.5%), എസ്ബിഐ (4.5%) എന്നിവയുടെ വില ഇടിഞ്ഞു. എൽ ആൻഡ് ടി അഞ്ച് ശതമാനത്തിലധികം താഴ്ന്നു. എണ്ണവില കൂടിയത് ലാഭക്ഷമതയെ ബാധിക്കുമെന്നതിനാൽ ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികളുടെ ഓഹരികൾ എട്ട് ശതമാനത്തിലധികം ഇടിഞ്ഞു. വിമാന ഇന്ധനത്തിന്റെ വില വര്‍ധിക്കുമെന്ന ആശങ്കയിൽ ഇൻഡിഗോ ഓഹരികൾ ഏഴു ശതമാനത്തോളം ഇടിഞ്ഞു. 

അസംസ്കൃത എണ്ണവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനവാണ് വിപണിയെ തകർക്കുന്ന ഘടകം. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 91 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇത് കഴിഞ്ഞ 36 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ്. ഒരാഴ്ചയ്ക്കുള്ളിൽ 25 % വർധിച്ച് ബാരലിന് 114 ഡോളർ കടന്നു. എണ്ണവില 100 ഡോളറിന് മുകളിൽ എത്തിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ച നേരിട്ടു.

ഇത് രാജ്യത്ത് വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.എണ്ണവില ദീർഘകാലം 100 ഡോളറിന് മുകളിൽ തുടരുന്നത് രാജ്യത്തിന്റെ ബജറ്റ് കണക്കുകളെ തെറ്റിക്കുകയും സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും ചെയ്യും. ആഗോളതലത്തിലെ അസ്ഥിരത കാരണം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം വൻതോതിൽ പിൻവലിക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം വിദേശ നിക്ഷേപകർ 21,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഫെബ്രുവരിയിൽ വിപണിയിലുണ്ടായിരുന്ന ആവേശം ഇതോടെ ഇല്ലാതായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.