3 March 2026, Tuesday

Related news

February 24, 2026
February 15, 2026
February 11, 2026
February 6, 2026
February 1, 2026
January 17, 2026
January 10, 2026
December 23, 2025
December 9, 2025
November 5, 2025

ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചു; ഒഡീഷയിൽ അംഗൻവാടി ബഹിഷ്കരിച്ച് നാട്ടുകാർ

Janayugom Webdesk
ഭുവനേശ്വർ
February 11, 2026 6:22 pm

ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തി. രാജ്‌നഗർ ബ്ലോക്കിലെ നുവഗാവോൺ ഗ്രാമത്തിലുള്ള അംഗൻവാടി കേന്ദ്രമാണ് കഴിഞ്ഞ മൂന്ന് മാസത്തോളമായി കുട്ടികളില്ലാതെ വിജനമായി കിടക്കുന്നത്. ശർമിഷ്ഠ സേത്തി എന്ന 20 വയസ്സുകാരി കഴിഞ്ഞ നവംബറിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നാലെ ഗ്രാമവാസികൾ അംഗൻവാടി ബഹിഷ്കരിക്കുകയായിരുന്നു. കുട്ടികളെ അയക്കാത്തതിന് പുറമെ അംഗൻവാടി വഴി നൽകുന്ന പോഷകാഹാരങ്ങൾ കൈപ്പറ്റാനും രക്ഷിതാക്കൾ തയ്യാറാകുന്നില്ല.

താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് ഗ്രാമവാസികൾ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ബിരുദധാരിയായ ശർമിഷ്ഠ പറഞ്ഞു. കടുത്ത ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതിയാണ് താൻ ഈ ജോലി നേടിയതെന്നും ജാതീയമായ ചിന്താഗതികൾ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും അവർ കൂട്ടിച്ചേർത്തു. അംഗൻവാടിയിൽ 20 കുട്ടികൾ ഔദ്യോഗികമായി എൻറോൾ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ഹാജർ നില പൂജ്യമാണെന്ന് അവിടുത്തെ അംഗൻവാടി വർക്കറും സ്ഥിരീകരിച്ചു. വീടുകൾ തോറും കയറിയിറങ്ങി അപേക്ഷിച്ചിട്ടും കുട്ടികളെ അയക്കാൻ ആരും തയ്യാറാകുന്നില്ലെന്നാണ് വിവരം.

സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും ഉദ്യോഗസ്ഥ സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു. ഗ്രാമവാസികളുമായി ചർച്ച നടത്തിയെങ്കിലും കുട്ടികളെ അയക്കാത്തതിന് കൃത്യമായ കാരണം പറയാൻ അവർ തയ്യാറായിട്ടില്ലെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ ദീപാലി മിശ്ര അറിയിച്ചു. ഈ തസ്തികയിലേക്ക് ശർമിഷ്ഠ മാത്രമാണ് അപേക്ഷ നൽകിയിരുന്നതെന്നും അത് നിയമപരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഗ്രാമവാസികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.