
സീൽ ചെയ്ത ഭക്ഷ്യ ഉൽപ്പന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കർണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് സുപ്രധാന വിധി.
2024 ജൂലൈ 18‑ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർമാർക്കറ്റിൽ നിന്നാണ് ശ്രീരാജ് പ്രദീപ് കുമാർ ‘ക്വാലിറ്റി മിക്സ് ഫ്രൂട്ട് മ്യൂസലി’ എന്ന ഭക്ഷ്യ ഉൽപ്പന്നം വാങ്ങിയത്. 2024 ഏപ്രിൽ 6‑നാണ് ഉൽപ്പന്നം നിർമ്മിച്ചതെന്നും 2025 ജനുവരി 5‑നാണ് കാലാവധി തീരുന്നതെന്നും പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഫ്രൂട്ട് മിക്സ് ഉപയോഗിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പാക്കറ്റിനുള്ളിൽ ചത്ത പുഴുവിനെ കണ്ടെത്തിയത്.
തുടർന്ന്, തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഉൽപ്പന്നത്തിൽ ചത്ത പുഴുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ വിവരം കമ്പനിയെ അറിയിച്ചപ്പോൾ, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ ഉൽപ്പന്നം മാറ്റി നൽകാൻ മാത്രമാണ് അവർ തയ്യാറായതെന്ന് പരാതിയിൽ പറയുന്നു.
എതിർകക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലാക്കിയെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഉൽപ്പന്നത്തിൻ്റെ വിലയായ 265.50 രൂപ തിരികെ നൽകാനും, മാനസിക, സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് 20,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവായി 10,000 രൂപയും 45 ദിവസത്തിനകം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ലഭിക്കുന്നത് ഉപഭോക്താവിൻ്റെ അവകാശമാണെന്ന് ഉത്തരവിൽ കമ്മീഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.