18 December 2024, Wednesday
KSFE Galaxy Chits Banner 2

ജനാധിപത്യത്തിന്റെ മരണമണിമുഴക്കം

Janayugom Webdesk
December 22, 2021 5:00 am

പരിഷ്കരണമെന്ന പേരില്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ബിജെപി അധികാരത്തിലെത്തിയ കാലം മുതല്‍ ആരംഭിച്ചതാണ്. ഭരണഘടനാ സ്ഥാപിതവും സ്വതന്ത്ര അധികാരങ്ങളുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ ചട്ടുകമാക്കുന്ന സമീപനങ്ങളും നാം കണ്ടതാണ്. ഏറ്റവും ഒടുവില്‍ മുഖ്യ തെര‍ഞ്ഞെടുപ്പ്കമ്മിഷണറെ ഉള്‍പ്പെടെ കൂടിയാലോചനയ്ക്കു വിളിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അതിന് കൂട്ടുനില്ക്കുന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കമിട്ടിട്ടും കുറച്ചുനാളുകളായി. വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിന് എന്ന പേരിലാണ് ജനാധിപത്യത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന ഇത്തരമൊരു നിര്‍ദേശം ബിജെപിയും അതിന്റെ ചുവടുപിടിച്ച് രാഷ്ട്രപതി, തെരഞ്ഞെടുപ്പുകമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളും ചര്‍ച്ചയാക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് എന്ന പേരില്‍ കഴിഞ്ഞ ദിവസം ചുളുവില്‍ പാസാക്കിയെടുത്ത ബില്‍ ഇതിന്റെ മറ്റൊരു രൂപമാണ്. പ്രതിപക്ഷ കക്ഷികളില്‍ നിന്നുമാത്രമല്ല തെരഞ്ഞെടുപ്പ് പരിഷ്കരണം ആവശ്യമാണെന്ന് നിലപാടുള്ള സന്നദ്ധ — സാമൂഹ്യ സംഘടനകള്‍ പോലും ദുരുദ്ദേശ്യപരമെന്ന് ആരോപിക്കുകയും ജനാധിപത്യ ധ്വംസനമെന്ന് വ്യാഖ്യാനിക്കുകയും ചെയ്ത ഒന്നാണ് പാസാക്കിയെടുത്ത നിയമം. പ്രധാനമായും ആധാറിനെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുകയാണ് ബില്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാരമാക്കുന്ന ജനുവരി ഒന്ന് എന്ന തീയതിക്കു പകരം മൂന്ന് തീയതികള്‍ കൂടി മുന്നോട്ടു വയ്ക്കുന്നുമുണ്ട്. എങ്കിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറുമായി ബന്ധപ്പെടുത്തുന്നതാണ് ചര്‍ച്ചാ വിഷയമായിട്ടുള്ളത്. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ആധാര്‍ കാര്‍ഡും സംബന്ധിച്ച് നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. പരമോന്നത കോടതി വരെ ഇക്കാര്യത്തില്‍ തീര്‍പ്പുകല്പിച്ചിട്ടുമുണ്ട്. അതൊന്നും പരിഗണിക്കാതെ, ജനാധിപത്യത്തിന്റെ ഏറ്റവും പരമോന്നതമായൊരു പ്രക്രിയയെ ആധാറുപയോഗിച്ച് അട്ടിമറിക്കുവാനുള്ള തികച്ചും ദുരുദ്ദേശ്യപരമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഏറ്റവും ഉന്നതമായ ജനപ്രതിനിധി സഭയാണ് നിയമനിര്‍മ്മാണ സഭകള്‍. അത്തരം വേദികളായ ലോക്‌സഭ, രാജ്യസഭ എന്നിവയെ ചര്‍ച്ചാ വേദിയെന്നതിനപ്പുറം ഭൂരിപക്ഷമുപയോഗിച്ച് ചൂടപ്പം പോലെ നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി.


ഇതുകൂടി വായിക്കാം; ജനാധിപത്യത്തെ കഴുമരത്തിലേറ്റുവോർ


ഏത് നിയമവും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയും പൊതുജനങ്ങള്‍ക്കുപോലും അഭിപ്രായവും നിര്‍ദേശവും സമര്‍പ്പിക്കുന്നതിനുള്ള അവസരം നല്കിയും അംഗീകരിക്കുമ്പോള്‍ മാത്രമേ അത് സമഗ്രവും കുറ്റമറ്റതുമാകുന്നുള്ളൂ. അതിനാണ് അവതരിപ്പിക്കുന്ന ബില്ലുകള്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതികള്‍, സ്ഥിരം സമിതികള്‍, പ്രത്യേക ഘട്ടത്തില്‍ രൂപീകരിക്കുന്ന സെലക്ട് കമ്മിറ്റികള്‍ എന്നിവയുടെ പരിഗണനയ്ക്ക് വിടുന്നതും. കഴിഞ്ഞ കുറച്ചു നാളുകളായി നിയമനിര്‍മ്മാണത്തിന് അത്തരം പ്രക്രിയകളൊന്നും അവലംബിക്കപ്പെടുന്നില്ല. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളയുന്നിനുള്ള നിയമനിര്‍മ്മാണമായാലും തൊഴില്‍ കോഡുകളായാലും കാര്‍ഷിക കരിനിയമമായാലും ബിജെപിയുടെ ഏകപക്ഷീയ വിശദീകരണങ്ങള്‍ അവതരിപ്പിച്ച ശേഷം ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും അവസരമില്ലാതെ പാസാക്കിയെടുത്തവയാണ്. അതേ രീതിയില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആ സംവിധാനത്തിന്റെ ശക്തമായ അടിത്തറയാകുന്ന തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലും പാസാക്കിയെടുത്തിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പോലും വ്യാപകമായ ദുരുപയോഗ സാധ്യതകളും സംശയാസ്പദവുമാണെന്ന സംശയം നാള്‍ക്കുനാള്‍ ബലപ്പെട്ടുകൊണ്ടിരിക്കുകയും കടലാസ് വോട്ടിങ്ങിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തുകൊണ്ടിരിക്കേയാണ് കൂടുതല്‍ ക്രമക്കേടുകള്‍ക്ക് വഴി തുറന്നേക്കാവുന്ന വോട്ടര്‍ ഐഡി — ആധാര്‍ ലിങ്കിങ് എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രം നിയമനിര്‍മ്മാണം നടത്തുന്നത്. മൗലികാവകാശത്തിന്റെ ലംഘനം, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത്, പരമോന്നത കോടതിവിധിയുടെ ലംഘനം എന്നിവയും ഈ നടപടിയെ എതിര്‍ക്കുന്നതിനുള്ള കാരണങ്ങളാണ്. ക്ഷേമ പദ്ധതികള്‍ക്കുള്ള ഉപാധിയായി ആധാറിനെ നിശ്ചയിച്ചപ്പോള്‍ ആനുകൂല്യ പട്ടികയ്ക്കു പുറത്തായവരുടെ എണ്ണം കോടിക്കണക്കിനായിരുന്നുവെന്ന കണക്കുകൂടി പരിശോധിക്കുമ്പോള്‍ പലരെയും ഒഴിവാക്കുന്നതിനുള്ള ദുഷ്ട ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് അനുമാനിക്കുന്നതിലും തെറ്റില്ല. സുതാര്യവും നിഷ്പക്ഷവും സത്യസന്ധവും പണാധിപത്യമില്ലാത്തതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് പരിഷ്കരണത്തിന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ടതെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന്റെ മുന്നിലുണ്ട്. വോട്ടിങ് ശതമാനം കണക്കാക്കി പ്രാതിനിധ്യ സമ്പ്രദായം വേണമെന്ന ആവശ്യങ്ങളും ശക്തമാണ്. അവയൊന്നും പരിഗണിക്കാതെ വലിയ വിഭാഗത്തെ വോട്ടിങ് സംവിധാനത്തില്‍ നിന്ന് പുറത്താക്കി തങ്ങളുടെ നിഗൂഢ രാഷ്ട്രീയ — നിക്ഷിപ്ത താല്പര്യങ്ങള്‍ നിറവേറ്റുന്നിനുള്ള കുറുക്കുവഴികള്‍ സൃഷ്ടിക്കുക മാത്രമാണ് ഈ ബില്ല് കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്. ഇത്, നിരവധി പഴുതുകളുണ്ടെങ്കിലും ഇപ്പോഴും മഹാഭൂരിപക്ഷത്തിന്റെ വിശ്വാസമാര്‍ജിച്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാകുമെന്ന് ഭയപ്പെടുത്തുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.