5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024
October 1, 2024
September 27, 2024
September 25, 2024
September 24, 2024

ആര്‍ക്കും പ്രതീക്ഷിക്കാം.. പക്ഷേ പ്രതിരോധിക്കാവുന്നതേ ഉള്ളു..

ഡോ. എസ് പ്രമീളാദേവി
October 6, 2024 8:46 am

ന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% — 3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രെസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു.

കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യത കൂടുന്നു. ഈ വര്‍ഷത്തെ ‘സ്തനാര്‍ബുദ അവബോധ മാസ’ത്തിന്റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്.

പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം പിടിപെടുന്നത്, നിരവധി ജീവിത സാഹചര്യങ്ങളും ചില ജനിതക കാരണങ്ങളും ആണ് കാന്‍സര്‍ ഉണ്ടാക്കുന്നത്. കാരണങ്ങളം നമ്മുക്ക് രണ്ടായി തരം തിരിക്കാം.

പ്രതിരോധിക്കാവുന്നത് (Pre­ventable)

അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estra­di­ol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തില്‍ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദ്ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപോയോഗം, പാന്‍മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാന്‍സര്‍ രോഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്.

പ്രതിരോധിക്കാന്‍ സാധിക്കാത്തത് (Non Preventable)

പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നു പറയുമ്പോള്‍, ജനിതകമായ കാരണങ്ങള്‍ ആണ്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു.

ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.

സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യത കൂടുന്നു. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം കാന്‍സര്‍ രോഗങ്ങളും ആരംഭ ദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്.

മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.

സ്വയം പരിശോധന എപ്പോള്‍? കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ? കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ട് ഉള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ തുടക്കത്തില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം.

മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു സര്‍ജറിയിലെ ഡോക്ടറെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനിതക കാരണങ്ങളാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത BRCA1, BRCA2 എന്നീ ജീന്‍ (Gene) പരിശോധനയിലൂടെ ഒരു പരിധി വരെ നിര്‍ണ്ണയിക്കാന്‍ സാധിക്കും.

വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്തുന്നത്തിലേയ്ക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും.

ആരംഭത്തില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനര്‍ബുദത്തിനെ മറ്റു കാന്‍സറില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാല്‍ 100% ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടു പിടിക്കപ്പെടുന്ന കാന്‍സര്‍ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന് ബ്രസ്റ്റ് കാന്‍സര്‍ മുഖേന പരിമിതി ഇല്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടു പിടിക്കപ്പെടുന്ന സ്താനര്‍ബുദം, 5 മുതല്‍ 10 വര്‍ഷം കഴിയുമ്പോള്‍ മരണ കാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും തുടര്‍ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

ആരംഭത്തിലേ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം…

· മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാന്‍ കഴിയും.

· റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

· കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താന്‍ സാധിക്കും.
നിലവില്‍ മാറിടങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ചികിത്സ കൂടുതലായി ചെയ്തു വരുന്നു. എന്നാല്‍ അസുഖത്തിന്റെ ഘട്ടം (Stage) അനുസരിച്ച് ആയുര്‍ ദൈര്‍ഖ്യത്തില്‍ മാറ്റം വരുന്നില്ല. അതായത് 1, 2 ഘട്ടത്തില്‍ ഉള്ളവര്‍ക്ക് 100% ചികിത്സിച്ച് ഭേദമാക്കാം, 3, 4 ഘട്ടത്തില്‍ ആയുര്‍ദൈര്‍ഘ്യം പരിമിതമായിരിക്കും.

രോഗനിര്‍ണ്ണയം സങ്കീര്‍ണ്ണമല്ല

ക്ലിനിക്കല്‍ എക്സാമിനേഷന്‍ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന ആണ് പ്രാധമിക പരിശോധന. പിന്നീട് റേഡിയോളജിക്കല്‍ എക്സാമിനേഷന്‍ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ CT Breast ഇതില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു. Tis­sue diag­no­sis അഥവാ മുഴയുടെ അല്‍പം എടുത്തുള്ള പരിശോധന. ഇതിന് എഫ് എന്‍ എ സി (ഫൈന്‍ നീഡില്‍ ഉപയോഗിച്ച്) Core biop­sy, Inci­sion biop­sy, Exci­sion biospy, മുതലായവയാണ് രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങള്‍.

രോഗനിര്‍ണ്ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം

ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.

സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ത്ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.

സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം.

കാന്‍സറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരിശ്രയത്വം, അംഗവൈകല്യത്തെക്കുറിച്ചുള്ള പേടി, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍, അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ്.

ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെ കുറിച്ചുമുള്ള സങ്കീര്‍ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാനും അതുവഴി അനുയോജ്യമായ തീരുമാനമെടുക്കാനും ഈ സാനിധ്യം ഉപകരിക്കും.

സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ചയില്‍ കൂടുതല്‍ അത് നില്‍ക്കുന്നു എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.എല്ലാ സമയത്തും തുടര്‍ന്നുപോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ ഒരു മാനസിക രോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.

കാന്‍സര്‍ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. കാന്‍സര്‍ രോഗം കണ്ടെത്തി കഴിഞ്ഞ് ആദ്യത്തെ ആഴ്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത കാന്‍സര്‍ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യവര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കാന്‍സര്‍ ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കും കുടുംബത്തിനും സാമൂഹികമായ പിന്തുണ, രോഗിക്ക് കുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴില്‍ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാകാന്‍ നമുക്ക് കഴിയണം.

ചികിത്സ

കാന്‍സര്‍ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, മാറ്റം ചെയ്ത ഭാഗം Histopatho­log­ic Examination‑നു ശേഷം ആവശ്യമായ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ നല്‍കുക.

ബ്രസ്റ്റ് കാന്‍സറിന്റെ ചികിത്സ ഒരു ടീം വര്‍ക്ക് ആണ്. ജനറല്‍ സര്‍ജന്‍, ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് സൈകാട്രിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം വര്‍ക്കിലൂടെയാണ് ഒരു കാന്‍സര്‍ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിഷാദം അനുഭവപ്പെടുന്നവര്‍ക്ക് സൈകാട്രിസ്റ്റിന്റെ (Psy­chi­a­trist) സേവനം ഉറപ്പുവരുത്തേണ്ടതാണ്.

ഡോ.എസ്.പ്രമീളാദേവി
കൺസൾട്ടൻ്റ് ജനറൽ സർജറി
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.