27 November 2024, Wednesday
KSFE Galaxy Chits Banner 2

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയെന്ന് ഹർജിക്കാരി 
Janayugom Webdesk
കൊച്ചി
November 27, 2024 11:53 am

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം . സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ആവശ്യം ഉന്നയിച്ചത് . അന്വേഷണ പുരോഗതി വിലയിരുത്തുവാനാണ് 6-ാം തീയതിക്ക് മുൻപ് കേസ് ഡയറി ഹാജരാക്കുവാൻ കോടതി നിർദേശിച്ചത്.

കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ ആണെന്ന് ഹർജിക്കാരിയുടെ അഭിഭാഷക വാദിച്ചു. ഹർജിയിൽ തീരുമാനം ആകുന്ന വരെ കുറ്റപത്രം നൽകരുത്. പ്രതി മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സിപിഐ(എം) സജീവ പ്രവർത്തകയും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയുമാണ്. സിബിഐ ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറണമെന്നും ഹർജിക്കാരി പറഞ്ഞു . ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് . നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. നവീന്‍ ബാബുവിനെ ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ലായെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നു എന്നുമാണ് ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലായെന്നും കുടുംബം എത്തുന്നതിന് മുമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, എന്നാല്‍ അതുണ്ടായില്ല. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.