18 October 2024, Friday
KSFE Galaxy Chits Banner 2

‘ഡെത്ത് ദ ലെവലര്‍’ പറയുന്നു മരണം അനിവാര്യമാണ്

ഡോ. ബിറ്റര്‍ സി മുക്കോലയ്ക്കല്‍
February 24, 2022 7:34 pm

1596 മുതല്‍ 1666 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ നാടകകൃത്തായിരുന്നു ജയിംസ് ഷേര്‍ലി. അദ്ദേഹമെഴുതിയ ഒരു വിലാപയാത്രാ ഗാന (Funer­al song)മാണ് Death the Lev­eller (എല്ലാം നിരത്തുന്നവന്‍ മൃത്യു). മരണമെന്ന സത്യം എല്ലാപേരെയും തുല്യരാക്കുന്നുവെന്ന് ഈ ഗാനത്തിലൂടെ അദ്ദേഹം പ്രസ്താവിക്കുന്നു.

വില്യം ഷേക്സ്പിയറിന്റെ ജന്മനാടായ വാര്‍വിക് ഷെയറിലെ ഏറ്റവും പ്രാചീനമായ അശ്വാരൂഢ വീരയോധൃ കുടുംബമായ വാര്‍വിക് ഷെര്‍ലീസുകാരുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു ജയിംസ് ഷേര്‍ലി. ആണ്‍കുട്ടികള്‍ക്കു മാത്രമുള്ള ലണ്ടനിലെ മെര്‍ച്ചന്റ് ടെയ്‌ലേഴ്സ് സ്കൂളിലും ഓക്സ്ഫഡിലെ സെന്റ് ജോണ്‍സ് കോളജിലും കേംബ്രിഡ്ജിലെ കാതറിന്‍സ് കോളജിലും അദ്ദേഹം തന്റെ പഠനം നടത്തി. അനന്തരം ഹെര്‍ട്ടഫോര്‍ഡ് ഷെയറിലെ കത്തീഡ്രല്‍ നഗരമായ സെന്റ് ആല്‍ബന്‍സിലെ ദേവാലയത്തില്‍ വൈദികനായി മാറി. എന്നാല്‍ റോമന്‍ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കുള്ള പരിവര്‍ത്തനം കാരണം അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് അവിടത്തെ വിദ്യാലയത്തില്‍ അധ്യാപകനായി. അക്കാലത്താണ് തന്റെ ആദ്യ നാടകമായ ‘Love Tricks or the school of com­ple­ment’ അദ്ദേഹം എഴുതിയത്. അതിനു മുമ്പ് ‘പ്രതിധ്വനി അഥവാ ദൗര്‍ഭാഗ്യപരമായ പ്രണയികള്‍’ എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഏതാണ്ട് ഇരുപത്തിരണ്ട് വയസ് പ്രായമായിരുന്നു അദ്ദേഹത്തിന്.

1923 മുതല്‍ 1925 വരെ യായി രണ്ടു വര്‍ഷത്തിലധികം അധ്യാപകനായി ജോലി ചെയ്തശേഷം ലണ്ടനിലേയ്ക്കു മടങ്ങിച്ചെല്ലുകയും നാടകരംഗത്ത് സജീവമാകുകയും ചെയ്തു. വക്കീലും ജഡ്ജിയും കൂട്ടമായി താമസിക്കുന്ന ഗ്രേസ് ഇന്നി (Gracy’s Inn)ല്‍ താമസമാരംഭിക്കുകയും ചെയ്തു. ധാരാളം നാടകങ്ങള്‍ തുടര്‍ന്ന് അദ്ദേഹമെഴുതി. സാധാരണ നാടകങ്ങള്‍, ദുരന്ത നാടകങ്ങള്‍, സന്തോഷ‑സന്താപ നാടകങ്ങള്‍, ഒക്കെ ഇംഗ്ലണ്ടിലെ കരോളിന്‍ കാലഘട്ടത്തിലെ ‘ക്വീന്‍ ഹെന്‍റീറ്റാസ് മെന്‍’ എന്ന നാടകക്കമ്പനിയില്‍ ആ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഏതാണ്ട് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം അയര്‍ലണ്ടിലേക്കു നീങ്ങി. കിന്‍ഡര്‍ പ്രഭുവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നാലുവര്‍ഷം അവിടെ താമസിച്ചു അവിടത്തെ വെര്‍ബര്‍ഗ് സ്ട്രീറ്റ് നാടകക്കമ്പനി അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ലണ്ടനിലേക്കു തന്നെ അദ്ദേഹം വീണ്ടും മടങ്ങി. ‘ക്വീന്‍ ഹെന്‍റീറ്റാസ് മെന്‍’ കമ്പനി തന്റെ അനുവാദമില്ലാതെ തന്റെ പന്ത്രണ്ടോളം നാടകങ്ങള്‍ വിറ്റ് പണമാക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം ആ കമ്പനി വിട്ടു. മറ്റൊരു കമ്പനിയായ ‘കിങ്സ് മെന്‍’ കമ്പനിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. വില്യം ഷേക്സ്പിയര്‍ തന്റെ നാടകജീവിതത്തിലെ ഏതാണ്ട് ഭൂരിഭാഗം കാലവും ഈ കമ്പനിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ലണ്ടനിലെ ആഭ്യന്തര യുദ്ധവും അതിനെ തുടര്‍ന്നുണ്ടായ ലോങ് പാര്‍ലമെന്റും നാടകക്കമ്പനികള്‍ അടച്ചിട്ടതിനെതുടര്‍ന്ന് തന്റെ നാടകത്തൊഴില്‍ അദ്ദേഹത്തിനു നിര്‍ത്തിവയ്ക്കേണ്ടി വന്നു.

 


തുടര്‍ന്ന് അദ്ദേഹം ന്യൂ കാസിലിലെ പ്രഭുവിനൊപ്പം ജീവിതം നീക്കി. പക്ഷേ, പ്രഭുവിന്റെ സമ്പത്ത് ക്ഷയിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹം ലണ്ടനിലേക്ക് നീങ്ങി. അന്നത്തെ പ്രശസ്ത വിവര്‍ത്തകനായ തോമസ് സ്റ്റാന്‍ലിയുടെ സഹായത്താല്‍ ജീവിച്ചു. കുറച്ചു കവിതകളും നാടകങ്ങളും ചില വിവര്‍ത്തനങ്ങളും ഇക്കാലത്ത് അദ്ദേഹം നടത്തിയിരുന്നു.

ദ ട്രെയറ്റര്‍, ലൗവ്സ് ക്രൂവല്‍റ്റി, ദ പൊളിറ്റീഷ്യന്‍, ദ വെഡ്ഡിങ്, ദ ലേഡി ഓഫ് പ്ലഷര്‍, ദ ഹ്യൂമറസ്, കോര്‍ട്ടയര്‍, യങ് അഡ്മിറല്‍, ദ റോയല്‍ മാസ്റ്റര്‍, ദ ജന്റില്‍മാന്‍ ഓഫ് വെനീസ്, ദ കോര്‍ട്ട് ഓഫ് സീക്രട്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ നാടകങ്ങളാണ്. 1666 സെപ്റ്റംബറില്‍ ലണ്ടന്റെ മധ്യഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച ഒരു വലിയ തീപിടിത്തത്തിനിടയ്ക്ക് (ഏതാണ്ട് രണ്ടു ദിവസം ആ തീ നീണ്ടുനിന്നിരുന്നു) വലഞ്ഞ്, ഭയവും തീ സമ്പര്‍ക്കവും മൂലം അദ്ദേഹം മരണപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന് എഴുപത് വയസായിരുന്നു.

പരിഹാസശൈലി നിറഞ്ഞ ഒരു ഗാനമാണിത്. മനുഷ്യന്റെ വിധി ആത്യന്തികമായി മരണം നിശ്ചയിക്കുന്നു. വളരെ നല്ല അലങ്കാര പ്രയോഗങ്ങള്‍ ‍കൊണ്ട് മരണമെന്ന സത്യത്തെ വിവരിക്കാന്‍ ജയിംസ് ഷേര്‍ലിക്കു കഴിഞ്ഞിരിക്കുന്നു.

Metaphor, Per­son­i­fi­ca­tion, Allit­er­a­tion, metonymy, litotes, ono­matopoeia, oxy­moron തുടങ്ങി ധാരാളം കാവ്യാലങ്കാരങ്ങള്‍ ഗാനത്തിലുണ്ട്. ഗാനം തുടങ്ങുന്നതുതന്നെ metaphor (രൂപകം) റിലാണ്. Glo­ries of blood and state നെ shad­ows നോട് താരതമ്യം ചെയ്യുമ്പോള്‍ രൂപകാലങ്കാരമാണ് സംഭവിക്കുന്നത്. Death the Lev­eller എന്ന തലക്കെട്ടിലും death lays his icy hands on kings എന്നും death’s pur­ple altar എന്നും പറയുന്നിടത്ത് personificati0n നാണ്. ഒരു വസ്തുവിന്റെയോ ആശയത്തിന്റെയോ യഥാര്‍ത്ഥ പേരിനുപകരം അതുമായി ബന്ധമുള്ള മറ്റ് വാക്കോ മറ്റോ ഉപയോഗിക്കുന്നതാണ് metonymy. രാജാവ് എന്നു പറയുന്നതിനു പകരം scep­tre and crown (ചെങ്കോലും കിരീടവും) എന്നും സാധാരണക്കാര്‍/കര്‍ഷകര്‍ എന്നു പറയുന്നതിനു പകരം crooked scythe and spade (വളഞ്ഞ അരിവാളും മണ്‍വെട്ടിയും) എന്നു പറയുന്നിടത്ത് metonymy യാണ്.

Scythe and spade, vic­tor – vic­to­ry, smell sweet എന്നീ പ്രയോഗങ്ങളില്‍ ആദ്യ അക്ഷരം/ശബ്ദം con­so­nant ആയ നിലയില്‍ അവ allit­er­a­tion നു ഉദാഹരണങ്ങളാണ്. Not sub­stan­tial things, there is no armour against fate എന്നിങ്ങനെ പറയുന്നിടത്ത് Litotes ആണ് കാവ്യാലങ്കാരം. ഒരു വസ്തുതയെ അതിന്റെ വിപരീതത്തിന്റെ നെഗറ്റീവ് ഉപയോഗിച്ച് പ്രകടമാക്കുന്നതാണ് ഈ അലങ്കാരം. Mur­mur­ing breath എന്നു പറയുന്നിടത്ത് ono­matopoeia (ധ്വനിയനുകരണം) നടക്കുന്നു. പറയാന്‍ ഉദേശിക്കുന്ന വസ്തുവിനു പകരം ബന്ധപ്പെട്ട ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതാണിത്. രണ്ട് വിരുദ്ധ പദങ്ങള്‍ അഥവാ ആശയങ്ങള്‍ ഒന്നിച്ചു പറയുന്നിടത്ത് oxy­moron സംഭവിക്കുന്നു. vic­tor – vic­tim എന്നു പറയുന്നത് oxy­moronന് ഉദാഹരണമാണ്.

മൂന്നു ഖണ്ഡങ്ങളിലായാണ് കവിത. ABABCCDD എന്ന rhyme scheme ഉപയോഗിച്ചിരിക്കുന്നു. ഓരോ ഖണ്ഡത്തിനും താളാത്മക വരികളാണ്. State/fate, things/kings, crown/down, made /spade തുടങ്ങിയവ പ്രാസജോഡി (rhyming pairs)കളാണ്. ഓരോ ഖണ്ഡത്തിലേയും ആദ്യഭാഗത്ത് മനുഷ്യവിജയത്തെപ്പറ്റി പറയുന്നു. തുടര്‍ന്നുള്ള ഭാഗത്ത് മരണമെന്ന യാഥാര്‍ത്ഥ്യത്തിന്റെ അര്‍ത്ഥം വിവരിക്കുന്നു. മരണത്തിന്റെ അനിവാര്യതയാണ് ഈ കവിതയുടെ പ്രമേയം.

Iambic tetram­e­ter ലും iambic dimeterലുമായി ഗാനത്തെ ക്രമപ്പെടുത്തിയിരിക്കുന്നു. ഓരോ ഖണ്ഡത്തിലെയും ആദ്യ നാലു വരികളും അവസാന രണ്ടു വരികളും iambic tetrameterലാണ്. എന്നാല്‍ അഞ്ചും ആറും വരികള്‍ iambicdime­ter ലും.

ആദ്യ വരികള്‍

The GLO/ries OF/our BLOOD/and STATE

Are SHA/dows, NOT/sub STAN/tial THINGS…

അഞ്ചും ആറും വരികള്‍

SCEP tre/and CROWN

Must TUM/ble DOWN

മരണത്തെ അതിജീവിക്കാന്‍ നീതിമാന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ കഴിയൂ; അവ മണ്ണില്‍ പരിമളം ചാര്‍ത്തുകയും പുഷ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഗാനം അവസാനിക്കുന്നിടത്ത് കവി മറ്റൊരു പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.