
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരിച്ചവരിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ആകെ 1300 ഓളം പേരെ രോഗം ബാധിച്ചതായാണ് വിവരം. ഇതിൽ ഒരു വയസ്സിൽ താഴെയുള്ള എട്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 169 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മുൻസിപ്പൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പിലൂടെ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. വെള്ളത്തിന് കയ്പ്പ് രുചിയും അസാധാരണമായ മണവുമുണ്ടായിരുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. വെള്ളം കുടിച്ചവർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും നിർജ്ജലീകരണവും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് മുൻസിപ്പൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. അസുഖബാധിതർക്ക് സൗജന്യ ചികിത്സ നൽകാനും പ്രദേശത്ത് ശുദ്ധജലം ഉറപ്പാക്കാനും മധ്യപ്രദേശ് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.