23 January 2026, Friday

Related news

January 13, 2026
January 6, 2026
December 16, 2025
December 15, 2025
December 14, 2025
November 2, 2025
September 26, 2025
September 9, 2025
August 28, 2025
August 13, 2025

അപകീര്‍ത്തിക്കേസ്: വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കും

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2023 12:14 pm

മോഡി സമൂദായത്തെ അപമാനിച്ചെന്ന കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷച്ച സുറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും. ചീഫ് ജ്യുഡീഷ്യല്‍ മജിസട്രേറ്റ് കോടതി വിധിക്കെതിരേ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. അതിനായി രാഹുല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും.വിധി ഇപ്പോള്‍ നടപ്പാക്കുന്നില്ലെന്നും അപ്പീല്‍ സമര്‍പ്പിക്കാന്‍ 30 ദിവസം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കുകയായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധി അയോഗ്യനായി.2019‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ മോഡി സമുദായത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് രാഹുല്‍ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ലഭിക്കാവുന്ന പരമാവധി തടവുശിക്ഷയായ രണ്ടുവര്‍ഷത്തെ തടവാണ് രാഹുലിന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മ വിധിച്ചത്. 

ബിജെപി എംഎല്‍എപൂര്‍ണേഷ് മോഡിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. സെഷന്‍സ് കോടതിയില്‍ രണ്ട് ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ഉന്നയിക്കുക. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണം, തനിക്കെതിരായ ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യണം എന്നിവയാകും ആവശ്യങ്ങള്‍. മേല്‍ക്കോടതി അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ മജിസ്‌ട്രേറ്റ് കോടതി വിധി നടപ്പാക്കരുത് എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടും.മേല്‍ക്കോടതിയുടെ തീരുമാനം രാഹുല്‍ ഗാന്ധിയുടെ ഭാവി രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. 

മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ശരിവെക്കപ്പെടും.അതിനാല്‍ അദ്ദേഹത്തിന് അടുത്ത എട്ട് വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമാകില്ല.മേല്‍ക്കോടതി രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ശരിവെച്ചാല്‍ അദ്ദേഹം ജയിലില്‍ പോകേണ്ടിവരും.ജയിലില്‍ പോകാന്‍ തയ്യാറാണ് എന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. കോടതി വിധി അനുകൂല തരംഗമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്ന് ബിജെപി ആരോപിക്കുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകുന്നത് ഇതിന്റെ ഭാഗമാണെന്നും അവര്‍ പറയുന്നു.

അതേസമയം, ശിക്ഷ മേല്‍ക്കോടതി റദ്ദാക്കിയാല്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും ലോക്‌സഭയില്‍ പ്രവേശിക്കാനാകും. രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ബുള്ളറ്റ് ട്രെയിന്‍ വേഗതയിലാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.അയോഗ്യനാക്കിയ പിന്നാലെ അദ്ദേഹത്തോട് വസതി ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒഴിയാന്‍ തയ്യാറാണ് എന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

മോഡി പരാമര്‍ശത്തിന്റെ പേരില്‍ ബിഹാറിലും രാഹുല്‍ ഗാന്ധിക്കെതിരെ കേസുണ്ട്. ഈ മാസം 12ന് നേരിട്ട് ഹാജരാകാന്‍ പട്‌ന കോടതി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ പുതിയ പരാതി നല്‍കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശമാണ് ഈ കേസിന് ആധാരം. രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Eng­lish Summary:
Defama­tion case: Rahul Gand­hi will appeal against the ver­dict in the Surat Ses­sions Court tomorrow

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.