
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ പാറോപ്പടി വാർഡിൽ പരാജയപ്പെട്ട സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോൽവിക്ക് പിന്നിൽ സംഘടനാ വീഴ്ചയുണ്ടായതായി കെപിസിസി നിർവാഹകസമിതി അംഗം മഠത്തിൽ നാണു, ഡിസിസി ജനറൽ സെക്രട്ടറി ടി കെ രാജേന്ദ്രൻ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കമ്മിഷൻ റിപ്പോർട്ട് വെള്ളിയാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് സമർപ്പിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച വാർഡിൽ ഇത്തവണ ബിജെപി ജയിക്കുകയും പി എം നിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമായിരുന്നു. ഇതോടെയാണ് ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. നിയാസിന്റെ തോൽവിയിൽ പങ്കുള്ളവർ എത്ര മുതിർന്ന നേതാവാണെങ്കിലും ശക്തമായ നടപിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കോർപറേഷനിൽ ഭരണം ലഭിച്ചാൽ നിയാസ് മേയറാവരുതെന്ന താല്പര്യത്തോടെ ചിലർ അട്ടിമറി നീക്കം നടത്തിയതായി കോൺഗ്രസിൽ നേരത്തെ തന്നെ ചർച്ചകൾ ഉയർന്നിരുന്നു. കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ച പി എം നിയാസ് പരാജയപ്പെട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ചലച്ചിത്ര സംവിധായകൻ വി എം വിനു മത്സരിക്കാൻ അയോഗ്യനായതോടെയാണ് പി എം നിയാസ് മേയർ സ്ഥാനാർത്ഥിയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.