23 December 2024, Monday
KSFE Galaxy Chits Banner 2

പ്രതിരോധിക്കുന്നത് ഫാസിസത്തെ

ഗീതാ നസീര്‍
March 27, 2023 6:00 am

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇടപെടേണ്ട കാര്യമുണ്ടോ എന്ന് പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ എന്തുകൊണ്ട് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും പ്രതിഷേധിക്കുന്നു എന്നതില്‍ അതിനുള്ള ഉത്തരമുണ്ട്. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ബോധത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കരുപിടിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. അത്തരമൊരു വീക്ഷണം മുറുകെപ്പിടിക്കുന്ന കോണ്‍ഗ്രസിന്റെ മുന്‍കൈയിലാണ് ഇന്ത്യന്‍ ഭരണഘടന ജന്മം കൊണ്ടത്. വിപുലവും ആഴമേറിയതുമായ ചര്‍ച്ചകള്‍ പലതലത്തില്‍ പല പണ്ഡിതരും ഉള്‍പ്പെട്ട് നടന്നിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യം.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ജനതയെക്കുറിച്ച് എന്തു പറയാനുണ്ട് എന്നൊരു ചോദ്യത്തിന് നെഹ്രു നല്കുന്ന മറുപടി — ”നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരും ഏഷ്യാക്കാരുമായിത്തന്നെയിരിക്കും. അതേസമയം നല്ല രാഷ്ട്രാന്തരീയവാദികളും ലോകപൗരന്മാരുമായിത്തീരുകയും ചെയ്യും” ടാഗോറിന്റെ വിശ്വപൗരനെന്ന ആശയത്തെ രാഷ്ട്രത്തിന്റെ പ്രഖ്യാപിത ചിന്തയായി നെഹ്രു അവതരിപ്പിച്ചത് ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ശഠിക്കുമ്പോള്‍ വിശ്വപൗരനിലേക്ക് ഒരു ജനതയെ വളര്‍ത്താന്‍ ആഗ്രഹിച്ച ആ മഹത്തായ പ്രഖ്യാപനത്തിനാണ് ഇടിവ് പറ്റിയിട്ടുള്ളത്. ‘ഹിന്ദു’ എന്ന പദത്തെപ്പറ്റി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരായ കെ ദാമോദരനും ഇഎംഎസും എന്‍ ഇ ബാലറാമും സി അച്യുതമേനോനും സി ഉണ്ണിരാജയും ഇ ചന്ദ്രശേഖരന്‍ നായരുമൊക്കെ ഭാരതീയ സാംസ്കാരിക ചരിത്രത്തെ സാക്ഷിയാക്കി നല്കിയ വിശകലനങ്ങള്‍ക്ക് തുല്യമായ വിശകലനം പിന്നീട് നാം കാണുക ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകത്തിലാണ്.

ഇന്ത്യന്‍ തത്വശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവ അപഗ്രഥിക്കുന്ന ഈ ബൃഹദ്ഗ്രന്ഥം നെഹ്രു എഴുതുന്നത് 1944 ലിലാണ്. ”ഹിന്ദു എന്ന വാക്ക് പുരാതന സാഹിത്യത്തില്‍ എവിടെയും കാണില്ല. പക്ഷേ, ’ സെന്റ് അവസ്തയിലും’ പുരാതന പേര്‍ഷ്യനിലും ആ വാക്ക് കാണുന്നുണ്ട്. ഒരായിരമോ അധികമോ കൊല്ലക്കാലത്തോളം പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും ജനങ്ങള്‍ ഈ വാക്ക് ഉപയോഗിച്ചത് സിന്ധു നദിയുടെ അക്കരെ താമസിക്കുന്ന ജനത്തെ കുറിക്കാനാണ്. സിന്ധുവില്‍ നിന്നാണ് ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നും ഇന്തോസ്, ഇന്ത്യ എന്നുമുള്ള വാക്കുകള്‍ വന്നത്. അതുകൊണ്ട് ഇന്ത്യന്‍ സംസ്കാരമെന്ന് പറയുന്നതിന് പകരം ‘ഹിന്ദു’ എന്നോ ‘ഹിന്ദുമതം’ എന്നോ പറയുന്നത് ശരിയല്ല, അശാസ്യവുമല്ല. ഒരു ക്രിസ്ത്യാനിക്കോ മുസ്ലിമിനോ ഇന്ത്യന്‍ ജീവിത രീതിയും സംസ്കാരവും അനുസരിക്കാം, സ്വന്തം വിശ്വാസത്തെ മുന്‍നിര്‍ത്തിതന്നെ. അയാള്‍ സ്വയം ഭാരതീയത്വം സ്വീകരിച്ച്, മതം മാറാതെ ഒരു ഇന്ത്യക്കാരനായി തീരുകയാണ്.

ചിന്തകളുടെയും ജനതകളുടെയും വ്യത്യസ്തങ്ങളായ അനേകം അംശങ്ങളെക്കൊണ്ട് ഒരു സമവായം സാധിക്കുക അഥവാ നാനാത്വത്തില്‍ നിന്നും ഏകത്വം സൃഷ്ടിക്കുക–അങ്ങനെ ചെയ്യാനുള്ള കഴിവും മനസുമാണ് മനുഷ്യലോകത്തിനുള്ള ഇന്ത്യയുടെ സവിശേഷ സംഭാവന” (ജവഹര്‍ലാല്‍ നെഹ്രു — ഇന്ത്യയെ കണ്ടെത്തല്‍). രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന ശില പാകിയത് ഈ ചിന്തകളുടെ പുറത്താണ്. പക്ഷേ, ഇന്നിത് പറയാന്‍ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും മാത്രമേയുള്ളു. കോണ്‍ഗ്രസ് ആ പാതയില്‍ നിന്നും വഴിമാറി അപഥസഞ്ചാരം നടത്തിയതാണ് ഇന്ത്യന്‍ ജനതയ്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമാകാന്‍ ഒരു കാരണം. നെഹ്രുവിന്റെ പത്നി കമലാ നെഹ്രുവിന് ക്ഷയരോഗം മൂര്‍ഛിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനിലുള്ള സാനിറ്റോറിയത്തില്‍ പ്രവേശിക്കപ്പെട്ട സമയം നെഹ്രു അവിടെയെത്തി ഭാര്യയുടെ ശുശ്രൂഷ ഏറ്റെടുത്തു. ആ സമയത്ത് ലോസാനിലെ ഇറ്റാലിയന്‍ കോണ്‍സില്‍ ജനറല്‍ നെഹ്രുവിനെ സന്ദര്‍ശിച്ച് മുസോളിനിയുടെ സന്ദേശം അറിയിക്കുകയും രോഗശാന്തിക്കായി ആശംസിക്കുകയും ചെയ്തു. ഒടുവില്‍ കമല വിടപറഞ്ഞ ശേഷം ഇന്ത്യയിലേക്ക് തിരിക്കുന്ന നെഹ്രു റോം വഴിയാണ് മടങ്ങുക എന്നറിഞ്ഞ മുസോളിനി നെഹ്രുവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതിനെക്കുറിച്ച് നെഹ്രു പിന്നീട് ഇങ്ങനെ എഴുതി: ”ഞാനദ്ദേഹത്തെ കണ്ടാല്‍ നാനാതരം ഊഹാപോഹങ്ങള്‍ക്കും ഇടയാകും. അത് ഫാസിസ്റ്റ് പ്രചാരവേലയ്ക്കായി അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യും.

ഇറ്റലി സന്ദര്‍ശിച്ച ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെയും മറ്റും അവരുടെ ഇഷ്ടത്തിനെതിരായും അറിവു കൂടാതെയും അവരുടെ പ്രചാരവേലയ്ക്കായി ഉപയോഗപ്പെടുത്തിയിരുന്ന അനേക ദൃഷ്ടാന്തങ്ങള്‍ എനിക്കറിയാം. മാത്രമല്ല, 1931 ല്‍ ‘ജ്യോര്‍നാല്‍ദ ഇത്തലി’ എന്ന പത്രം ഗാന്ധിജിയുമായി നടക്കാത്ത കള്ളക്കൂടിക്കാഴ്ച പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. റോമിലെത്തിയ എന്നെ എന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ കൂടിക്കാഴ്ച തീരുമാനിച്ച വിവരം മുസോളിനിയുടെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാണണമെന്ന് നിഷ്കര്‍ഷിച്ചു. കൈപിടിച്ചു കുലുക്കി കമലയുടെ ദുഃഖത്തില്‍ സഹതാപം അറിയിക്കുകയേയുള്ളു. പത്രങ്ങളില്‍ വാര്‍ത്ത വരില്ല എന്നു നിര്‍ബന്ധിച്ചെങ്കിലും എനിക്ക് വരാന്‍ സാധ്യമല്ല എന്ന് മുസോളിനിയുടെ കൊട്ടാരത്തിലേക്ക് ഒരു ടെലിഫോണ്‍ സന്ദേശം ഞാന്‍ തന്നെ നല്കി”. ഫാസിസത്തോട് സന്ധി ചെയ്യാന്‍ നെഹ്രു തയ്യാറായില്ല.

ഒരു മതസ്ഥാപനത്തിലും നെഹ്രു സന്ദര്‍ശനം നടത്തിയിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി മതേതര ജനാധിപത്യ ബോധമുള്ള പൗരനാണെന്ന് പ്രഖ്യാപിക്കാനും മടിച്ചില്ല. ബാബറി മസ്ജിദ് സംഭവം, സിഖ് കൂട്ടക്കൊല, ഷബാനു സംഭവം തുടങ്ങി മതേതര ഇന്ത്യക്കേറ്റ മുറിവുകളില്‍ നെഹ്രു നേതൃത്വം നല്കിയ കോണ്‍ഗ്രസിന്റെ അനന്തരതലമുറയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ഫാസിസ്റ്റുകള്‍ കളിപ്പാട്ടമാക്കി മാറ്റുന്നു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസുകാരനാണ് എന്നതുകൊണ്ടല്ല, അദ്ദേഹത്തെ ജനാധിപത്യ വിരുദ്ധമായി ഫാസിസ്റ്റ് രീതിയില്‍ ബിജെപി ആക്രമിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രതിരോധിക്കുന്നത്.

 

Eng­lish Sam­mury: Left and Com­mu­nist par­ties are defend­ing BJP’s anti-demo­c­ra­t­ic and fas­cist-style attack

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.