19 June 2024, Wednesday

ഫാസിസത്തിന്റെ വഴികൾ

അജിത് കൊളാടി
വാക്ക്
January 28, 2024 4:45 am

ഒരു രാജ്യത്തിന്റെ ചിന്ത‌‌ാഗതിയെ ഫാസിസം മാറ്റുന്നത് വളരെ  ആസൂത്രിതമായ ഒരു പ്രക്രിയയിലൂടെയാണ്. അവർ മനുഷ്യരെ പ്രവർത്തനക്ഷമമാക്കുന്നത് വ്യാമോഹങ്ങളെക്കൊണ്ടാണ്, യുക്തികൊണ്ടല്ല. അവരുടെ ഓരോ തന്ത്രവും, അടവുകളും, നമ്മുടെ ചിന്താശീലത്തെയും സ്നേഹശീലത്തെയും മാറ്റിനിർത്തും. മാറ്റിനിർത്തുക എന്നത് ഫാസിസം ആദ്യമായും അവസാനമായും ഉറപ്പിക്കുന്ന ഒരു തത്വമാണ്. ഫാസിസം എപ്പോഴും നടപ്പാക്കുന്നത് ഡീഹ്യൂമനൈസേഷൻ അഥവാ വികാര ദുരീകരണം ആണ്. വികാര നിർമ്മാർജനം എന്നത് അവരുടെ ക്രിയാപദ്ധതിയുടെ ആദ്യത്തെ ഘടകമാണ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ അധികാരം നേടുക എന്ന രാഷ്ട്രീയ പ്രവർത്തനത്തിനു പകരം ആചാരാനുഷ്ഠാനങ്ങളുടെ ഏകീകരണത്തിലൂടെ, സാംസ്കാരിക രംഗം വഴി അധികാരം പിടിച്ചടക്കുക എന്ന തന്ത്രമാണ് ഫാസിസ്റ്റ് മതശക്തികൾ പ്രയോഗിക്കുക. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഉയർന്നു വന്ന മധ്യവർഗത്തിന്റെ പ്രഭുവർഗ മോഹങ്ങൾ, സുഖാന്വേഷണസക്തി, ഉപഭോഗതൃഷ്ണ, വംശീയ താല്പര്യങ്ങൾ, യുക്തിബോധത്തിനു പകരം വിശ്വാസങ്ങളെയും ഭക്തിയേയും പകരം വയ്ക്കൽ, അന്ധവിശ്വാസം പ്രചരിപ്പിക്കൽ, ചരിത്ര ദുർവ്യാഖ്യാനങ്ങൾ തുടങ്ങിയവ ഫാസിസത്തിന്റെ കൊടിയടയാളങ്ങളായി മാറി. ജാതിപ്രത്യയശാസ്ത്രം അപരത്വത്തിന്റെ ഉല്പാദന കേന്ദ്രമാണ്. സംഘ്പരിവാർ ശക്തി സംഭരിക്കുന്നത്, ആ അപരത്വത്തിന്റെ ഉല്പാദന കേന്ദ്രത്തിൽ നിന്നാണ്. ആശയങ്ങളിലൂടെയല്ല, ശരിയായ ആശയസംവാദത്തെ അസാധ്യമാക്കുന്ന വികാര വിസ്ഫോടനങ്ങൾ വഴിയാണവർ വളർന്നുകൊണ്ടിരിക്കുന്നത്. ഭ്രാന്തമായൊരു വൈകാരിതയ്ക്ക് ഏത് തീക്ഷ്ണ യുക്തിയെക്കാളും താൽക്കാലികമായെങ്കിലും വല്ലാത്തൊരു ഊർജം ഉല്പാദിപ്പിക്കാനാവും എന്ന് ഫാസിസ്റ്റുകൾക്ക് അറിയാം. അത് നാം ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നു.

ഫാസിസം മതാത്മകമാണ്. അതുകൊണ്ട് അവർ യുക്തിചിന്തയെയും ശാസ്ത്രവീക്ഷണത്തെയും ആപത്തായി പ്രഖ്യാപിക്കുന്നു. ബഹുജനങ്ങളെ എളുപ്പത്തിൽ ചൂഷണത്തിനു വിധേയരാക്കുന്ന അജ്ഞതയ്ക്ക്, വിശ്വാസം ബഹുമാന്യത നൽകുന്നതിനാൽ ഫാസിസം മതത്തിനു സംരക്ഷണം നൽകുന്നു. മതത്തിൽ തന്നെ പ്രകടനപരതയിൽ അവർ ഊന്നൽ നൽകുന്നു. മതപരത കുറവും, തിളക്കവും ആഡംബരവും കൂടുതലും. എത്ര മോടിപിടിപ്പിക്കാനാകുമോ അത്രയും നല്ലത് എന്നതാണ് ഭാവം. ഇരുട്ടിൽ തന്നെ കിടന്നു പരിചയിക്കുമ്പോൾ ഇരുട്ട് വെളിച്ചമായി തോന്നുന്നതു പോലെ ഏറെ കാലത്തെ പരിചയം കൊണ്ട് വെളിച്ചത്തിനോടും ശുദ്ധവായുവിനോടും ഇവർക്ക് അസഹനീയതയാണ്. ഫാസിസത്തിന്റെ ലക്ഷ്യം തന്നെ നവീന ചിന്തയുടെ, സംസ്കാരത്തിന്റെ തിരസ്കാരമാണ്. അവർ പിന്തുടരുക അന്ധമായ പാരമ്പര്യ ആരാധനയാണ്. സംസ്കാരം എന്ന വാക്കിനെത്തന്നെ അവർ ഭയപ്പെടുന്നു. ചോദ്യങ്ങളെ, അഭിപ്രായ വ്യത്യാസങ്ങളെ, പ്രതിപക്ഷത്തെ, അധികാരത്തെ ചോദ്യം ചെയ്യുന്ന ഏതു സമീപനത്തെയും ഭയപ്പെടുന്ന സിദ്ധാന്തമാണ്, മാനസിക അവസ്ഥയാണ് ഫാസിസം. ഫാസിസം വായനയെ എതിർക്കും. അക്ഷരങ്ങളുടെ ശക്തി ഫാസിസ്റ്റുകൾക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഗ്രന്ഥങ്ങൾ അവർ നശിപ്പിക്കും, നശിപ്പിച്ചിട്ടുണ്ട്. അക്ഷരങ്ങൾ ഭാവനയെ ജ്വലിപ്പിക്കുമെന്ന് അവർക്ക് അറിയാം. വായന ചിന്തയെ ജ്വലിപ്പിക്കും എന്നതുകൊണ്ടുതന്നെ ഫാസിസം ചിന്തയെ ജീർണിപ്പിക്കും. പുതിയ ചിന്തകൾ കടക്കാത്ത കോട്ടകളായി സമൂഹത്തെ വാർത്തെടുക്കും. ജനതയെ ആത്മവിശ്വാസം ഇല്ലാത്തവരാക്കി മാറ്റും. ജനങ്ങളെ രക്ഷിക്കാൻ ഒരു രക്ഷകൻ വരും എന്ന വിലാസം പ്രചരിപ്പിക്കും. ഫാസിസം വീരപുരുഷനെ സൃഷ്ടിക്കും. അവർ വീരാരാധനയിൽ വിശ്വാസിക്കുന്നു. അടിമുടി പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നു അവർ. സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു. അധികാരികളോട്, ചോദ്യങ്ങൾ ചോദിക്കാതെ, വിനീതവിധേയ ദാസരായി കഴിയുന്ന ജനതയെ അവർ നിരന്തരം വാർത്തെടുക്കും. അവിടെ പുതിയ ചിന്തകൾ ഉരുത്തിരിയില്ല.


ഇതുകൂടി വായിക്കൂ:നാം, നമ്മുടെ റിപ്പബ്ലിക്


ഭരണാധികാരം നിലനിർത്താൻ അവർ ചരിത്രത്തെ മുൻനിർത്തി നുണപ്രചരണങ്ങൾ നടത്തുന്നു. ഭരണാധികാരികൾ രാഷ്ട്രീയ ലാഭത്തിനായി ചരിത്ര സത്യങ്ങളെ കയ്യൊഴിയുന്നു. ചരിത്രം ദുർവ്യാഖ്യാനിച്ച് ജനാധിപത്യത്തിന്റെ മരണമണി മുഴക്കും അവർ. ഏകാധിപത്യം നിലനിർത്തും അവർ. ഒരു വ്യക്തിയോടുള്ള ഭക്തിയും കണ്ണടച്ചുള്ള അനുസരണയും തീരെ നല്ലതല്ല എന്നറിഞ്ഞിട്ടും അവർ അമിതമായ വ്യക്തിഭക്തിയും, വ്യക്തിപൂജയും, കണ്ണടച്ചുള്ള അനുസരണയും കെട്ടിപ്പടുക്കും. അവർ ഓർമ്മകൾ, ഇഷ്ടപ്പെടുന്നില്ല. സംവാദാത്മകതയെയും സംഭാഷണത്തെയും കാത്തുരക്ഷിക്കണമെങ്കിൽ സ്മരണകൾ അനിവാര്യമാണ്. ഓർമ്മകൾ ഉണ്ടായിരുന്നാൽ അത് ഫാസിസ്റ്റുകൾക്ക് എതിരെ പ്രതിരോധം തീർക്കും. അതുകൊണ്ടുതന്നെ അവരെല്ലാതെ മറ്റാരെയും ഓർക്കാതിരിക്കാൻ, അവർ ചരിത്രം വികൃതമാക്കും, യുഗപ്രതിഭകളെക്കുറിച്ചുള്ള, സ്വാതന്ത്ര്യസമര ഭടന്മാരെ കുറിച്ചുള്ള, നവോത്ഥാന നായകരെ കുറിച്ചുള്ള സ്മരണകളെ അവർ ഇല്ലായ്മ ചെയ്യും. അവർ ഏതു ചരിത്ര പുരുഷനെയും അവരുടേതാക്കി മാറ്റും. പട്ടേൽ പ്രതിമയിലൂടെ സംഘ്പരിവാർ നിർവഹിച്ചത് ശക്തിയുടെയും ഉരുക്കുമുഷ്ടിയുടെയും പ്രകീർത്തനമാണ്. അവർ നെഹ്രുവിനെയും, ആസാദിനെയും തിരസ്കരിക്കും. അവർ വിവേകാനന്ദനെ അവരുടേതാക്കാൻ നിരന്തരം ശ്രമിക്കും. അവർ സംസ്കാരത്തെ സൈന്യവൽക്കരിക്കും. ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള പ്രവർത്തനമല്ല. ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായം എന്നു സമ്മതിക്കലാണ്. അങ്ങിനെ സമ്മതിക്കുക എന്നത് സാധാരണ മനുഷ്യർക്ക് സാധ്യമല്ല. പിന്നെ ഫാസിസ്റ്റുകളുടെ കാര്യം പറയാനുണ്ടോ? ഇവിടെ ജനാധിപത്യം എന്താണ് എന്ന് മനസിലാക്കാത്ത തീരെ ദുർബലർ ആയവർ അധികമുള്ളതുകൊണ്ട്, ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർന്നുപോയ ജനാധിപത്യം നിലനിൽക്കുന്നു. സ്വേച്ഛാധിപതികളുടെ പിന്നിൽ ചരിത്രപരമായി അണിനിരക്കുന്ന രണ്ട് ശക്തികൾ മതവും മൂലധനശക്തികളുമാണ്. സ്വേച്ഛാധിപതികൾ മനുഷ്യാവകാശങ്ങളും, പൊതു സാമൂഹ്യ പ്രസ്ഥാനങ്ങളും ഇല്ലായ്മ ചെയ്യുന്നതോടെ, മൂലധന ശക്തികൾക്ക് അതിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ യാതൊരു തടസവുമില്ലാതെ നടപ്പിലാക്കാൻ സാധിക്കുന്നു. മതങ്ങളാകട്ടെ അവയുടെ നിലനില്പ് ഉറപ്പാക്കാൻ സ്വേച്ഛാധിപതികളെ പിന്തുടരുന്നു.

ജനാധിപത്യത്തിന്റെ സദാചാരമായ ശക്തി ജനങ്ങൾ അന്യായത്തെ, അനീതിയെ, അഴിമതിയെ വെറുക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഫാസിസ്റ്റുകൾ ജനാധിപത്യത്തിന് എതിരാണ്. ഫാസിസം നിഷ്ഠൂരമാണ്. ഫാസിസം അനുകമ്പയില്ലാത്ത, കൃത്യമായ ലക്ഷ്യബോധം മാത്രമുള്ള ഒരു പ്രവർത്തന ശൈലിയാണ്. മനുഷ്യവിരുദ്ധമാണ് അതിന്റെ നയങ്ങൾ. ഫാസിസ്റ്റുകൾ ദേശീയതയുടെയും മതത്തിന്റെയും വൈകാരികാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ സ്തംഭിപ്പിച്ച് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത് രാഷ്ട്രത്തെ ദാരുണവും ഭീഷണവുമാക്കിയിരിക്കുന്നു. ഇരുട്ടിന്റെ ശക്തികൾ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടമാണ്. അങ്ങനെ ഓടുമ്പോൾ, അവരെല്ലാം തൊട്ടടുത്തുള്ള ദാരിദ്ര്യം അനുഭവിക്കുന്ന, കടുത്ത സാമൂഹ്യ സാമ്പത്തിക അസമത്വത്തിനു വിധേയമായി ജീവിതത്തിന്റെ ദുരിതം പേറുന്ന മനുഷ്യരെ വിസ്മരിക്കുന്നു. കോടാനുകോടി മനുഷ്യർക്ക് ശുദ്ധജലം ലഭിക്കുന്നില്ല, ശൗച്യാലയങ്ങളില്ല, മൂന്നു നേരത്തെ ഭക്ഷണമില്ല, ഇതെല്ലാം രാജ്യത്ത് നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങൾ. പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിനു കുഞ്ഞുങ്ങൾ മരിക്കുന്ന നാടാണിത്. വീടില്ലാത്തവരുടെ, സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവരുടെ നാടാണിത്. ഇങ്ങനെ ദുരിതം പേറുന്ന മനുഷ്യരെ ഫാസിസ്റ്റുകളും മൂലധനശക്തികളും വിസ്മരിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും പ്രതികരിക്കാതെ മൗനം അവലംബിക്കുന്ന ജനത ഫാസിസ്റ്റുകൾക്ക് മൗനത്തിലൂടെ പിന്തുണ നൽകുന്നു. മൗനം എത്ര ക്രൂരമാണ്. ബ്രാഹ്മണ്യവും മുതലാളിത്തവും ആണ് സാധാരണ ജനങ്ങളുടെ “ഇരട്ട ശത്രുക്കൾ” എന്ന് അംബേദ്കർ പറയുന്നുണ്ട്. ഒന്നിനെതിരെയുള്ള സമരം മറ്റേതിന് എതിരെയുള്ളതിന് പൂരകമാകണം എന്ന സൂചന അതിലുണ്ട്. ചാതുർവർണ്യത്തിലധിഷ്ഠിതമായ സമൂഹമാണ് ഫാസിസത്തിന്റെ നിതാന്ത സഹചാരി. നിലവിലിരിക്കുന്ന കഥകളും, നിലവിലിരിക്കുന്ന അടയാളങ്ങളും, നിലവിലിരിക്കുന്ന മന്ത്രങ്ങളും, ഭാഷകളും, ഉപയോഗിച്ച് മനുഷ്യന്റെ ഭാഗധേയത്തെ കവർന്നെടുക്കുക എന്നുള്ള തന്ത്രമാണ് വളരെ ആസൂത്രിതമായി ഇന്ത്യൻ ഫാസിസം സ്വീകരിച്ചിട്ടുള്ളത്. ’


ഇതുകൂടി വായിക്കൂ:വിപ്ലവത്തിന്റെ പ്രകാശഗോപുരം


ഇന്ത്യാ ചരിത്രം നിർമ്മിക്കുന്നത് ഇവിടെയുള്ള ജനങ്ങളും, ഇവിടെ ഉണ്ടായിരുന്ന ജനങ്ങളും, ഇവിടെ നിരത്തിൽ കിടക്കുന്നവരും, നടക്കുന്നവരും, വയലിലും, കടലിലും പണിയെടുക്കുന്നവരാണ് എന്നുള്ള പ്രാഥമികമായ, പരുഷമായ സത്യം നാം ഉറക്കെ പറയണം. ഈ രാജാക്കന്മാർ മാത്രം നിർമ്മിച്ചതല്ല, ജനങ്ങളാണ് എന്ന് പറയണം. ശ്രീരാമൻ മാത്രമല്ല അയോധ്യയിൽ ജനിച്ചത് എന്നും അവിടെ ഇപ്പോഴും ജനങ്ങൾ ജനിച്ചു കൊണ്ടിരിക്കുന്നുണ്ട് നാം ഓർക്കണം. ഓരോ സ്ഥലത്തും ജനങ്ങൾ ജീവിക്കുന്നു, ജനിക്കുന്നു. അവരാണ് ചരിത്രം നിർമ്മിച്ചു കൊണ്ടിരിക്കുന്നത് എന്ന് നാം പറയണം. മഹാത്മാഗാന്ധി മാത്രമല്ല, അനേകായിരം മനുഷ്യർ ഒരുമിച്ചു നടത്തിയ പോരാട്ടമാണ് സ്വാതന്ത്ര്യസമര ചരിത്രം. രാജാക്കന്മാരുണ്ടാക്കുന്നതാണ് ചരിത്രമെന്നും രാജാക്കന്മാർക്കും അവരുടെ സന്തതികൾക്കും പകർന്നു നൽകാനുള്ളതാണ് രാജ്യമെന്നും ഉള്ള പ്രാകൃത ചിന്താഗതിയെ പൂർണമായി ഇല്ലായ്മ ചെയ്യുക എന്നതാണ് ജനങ്ങളുടെ കർത്തവ്യം. പക്ഷെ ഫാസിസം അഭിരമിക്കുന്നത് രാജവാഴ്ചയിലാണ്, ബ്രാഹ്മണമേധാവിത്വത്തിലാണ്. നാം നമുക്കായി നിർമ്മിച്ച്, നമുക്കായി തന്നിരിക്കുന്നു എന്നു പ്രഖ്യാപിച്ച നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ അർത്ഥം നാം നമുക്കായി നിർമ്മിച്ച് മറ്റുള്ളവർക്കായി ഒഴിഞ്ഞു കൊടുക്കാനുള്ള ഒരു രാജ്യമാണെന്ന് നിർബന്ധപൂർവം വരുത്തിത്തീർക്കാനുള്ള ശ്രമം നമ്മുടെ മുമ്പിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിയുകയും തിരിച്ചുപിടിക്കുകയും ചെയ്യുകയാണ് തീർച്ചയായും ഈ കാലഘട്ടത്തിലെ മുഖ്യമായ സാംസ്കാരിക കർത്തവ്യം. ഫാസിസം വരുന്ന വഴികൾക്കെതിരായി അസന്ദിഗ്ധ സമരം നടത്തിയേ മതിയാകൂ. ആശയ ദൃഢതയോടെയുള്ള സമരം. ഫാസിസമെന്നുള്ളത് നമ്മുടെ ചിന്തയ്ക്കിടുന്ന കുരുക്കാണ് എന്നു മാത്രമല്ല അത് ഭാവിയെ നശിപ്പിക്കുന്ന പ്രവർത്തനമാണ്. ഫാസിസത്തിനർത്ഥം ഭാവി നമുക്കില്ലാതാക്കി തീർക്കുക എന്നതാണ്. ഫാസിസത്തിനെതിരെ സർഗാത്മക ചിന്തകളെ ചേർത്തു പിടിച്ച്, മാനവികതയെ ആശ്ലേഷിച്ച്, സന്ധിയില്ലാ സമരം തീർക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.