കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാന്‍ വൈകുന്നത് മരണനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനവിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഷാഹിദ് ജമീലിന്റെ പരാമര്‍ശം. പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് നല്‍കിയില്ലെങ്കില്‍ മരണനിരക്ക് അഞ്ച് ശതമാനം കൂടുതലായിരിക്കുമെന്ന് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അസ്ട്രസെനകയുടെ കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിച്ചാല്‍ രോഗം ഗുരുതരമാകുന്നതില്‍ നിന്ന് 20 ശതമാനവും മരണം സംഭവിക്കുന്നതില്‍ നിന്ന് 30 ശതമാനം മാത്രവുമാണ് സംരക്ഷണം ലഭിക്കുക. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന് ശേഷം രോഗം ഗുരുതരമാകുന്നതില്‍ നിന്ന് 80 ശതമാനവും മരണം സംഭവിക്കുന്നതില്‍ നിന്ന് 88 ശതമാനവും സംരക്ഷണം ലഭിക്കുമെന്നാണ് ഇംപീരിയല്‍ കോളജിന്റെ പഠനത്തിലൂടെ കണ്ടെത്തിയതെന്ന് ജമീല്‍ പറഞ്ഞു.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാതിരിക്കാനുള്ള സാധ്യത മൂന്ന് ശതമാനമാണെങ്കില്‍ ബൂസ്റ്റര്‍ ഡോസിന് ശേഷം ഇത് 39 ശതമാനം വരെ ഉയരും. ഡെല്‍റ്റയേക്കാള്‍ 81 ശതമാനം അധിക പ്രതിരോധശേഷി ഒമിക്രോണിനെതിരെ ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. യൂറോപ്പില്‍ മാത്രമല്ല ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ ഇരട്ടിയായേക്കും. ഇതൊരുപക്ഷേ ആരോഗ്യ സംവിധാനത്തെ തകര്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ജമീല്‍ പറഞ്ഞു. ഇന്ത്യയില്‍ വാക്സിന്‍ എടുക്കേണ്ടവരില്‍ 61 ശതമാനമാണ് ഒരു ഡോസ് വാക്സിന്‍ എടുത്തത്.
40 ശതമാനം രണ്ടു ഡോസും സ്വീകരിച്ചു. അതായത് 60 ശതമാനത്തോളം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല. ഇത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തീവ്രമാക്കിയേക്കും. സിറോ പോസിറ്റിവിറ്റി സര്‍വെയില്‍ 68 ശതമാനമാണ് ഇന്ത്യയുടെ പ്രതിരോധശേഷി. ഇതും ഒമിക്രോണ്‍ വ്യാപനത്തെ ചെറുക്കാന്‍ അപര്യാപ്തമാണ്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ ഒമിക്രോണിന് അഞ്ചിരട്ടി വ്യാപനശേഷി കൂടുതലായിരിക്കുമെന്നും ജമീല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ENGLISH SUMMARY:Delaying booster dose may increase mortality; Concerned researchers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.