നീതിയും നിയമവും പരിരക്ഷിക്കപ്പെടുക, ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിലയുള്ള സമൂഹത്തിലാണ്. ഇരയുടെ പക്ഷത്തുനിന്ന് നീതി ഉറപ്പാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. അതിനാണ് നിയമപാലകരും നീതിപീഠവുമാെക്കെ. പക്ഷേ ഭരണകൂടംതന്നെ വേട്ടക്കാരുടേതാകുമ്പോള്‍ ബാധിതരുടെ സ്ഥാനം തെരുവിലായിരിക്കും. നീതി പോയിട്ട് സാന്ത്വനം പോലും ലഭിക്കാതെ അവര്‍ നിലവിളിക്കേണ്ടിവരും. ലെെംഗികചൂഷണത്തിനെതിരെ പരാതി നല്‍കി നീതിക്കായി സമരം ചെയ്യുന്ന ഇന്ത്യന്‍ ഗുസ്തിതാരങ്ങളോട് കഴിഞ്ഞദിവസം ഡല്‍ഹി പൊലീസ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന സംഘ്പരിവാര്‍ നീതിന്യായത്തെ എത്രമാത്രം അവമതിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലെ ചിത്രമാണിത്. പരാതിക്കാര്‍ തന്നെ തെളിവ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നത് നിയമവാഴ്ചയില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അതും പോക്സോ ഉള്‍പ്പെടെ ലെെംഗികാതിക്രമത്തിലെ പ്രതിക്കെതിരെ പരാതി നല്‍കിയവരാേടാണ്, അവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനായി ചിത്രങ്ങള്‍, വീഡിയോകള്‍, വാട്സ്ആപ്പ് ചാറ്റ് സന്ദേശങ്ങള്‍ എന്നിവ ഹാജരാക്കാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അമിത്ഷായുടെ നേതൃത്വത്തിലാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. കുറ്റാരോപിതനാകട്ടെ അതിനെക്കാള്‍ സംഘ്പരിവാറിന് പ്രിയപ്പെട്ട ഗുസ്തിഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍കൂടിയായ ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങും. പോക്സാ ചുമത്തപ്പെട്ടിട്ടും ബ്രിജ്ഭൂഷണ്‍ ഇന്നലെ യുപിയില്‍ ബിജെപി റാലി നയിച്ചു എന്നറിയുമ്പോള്‍ ഡല്‍ഹി പൊലീസിന്റെ നടപടിയുടെ പിന്നിലെ ഗൂഢാലോചന വ്യക്തവുമാണ്.
ബ്രിജ്ഭൂഷണ് അനുകൂലമായി മൊഴിമാറ്റാൻ തങ്ങൾക്കുമേൽ വലിയ സമ്മർദമുണ്ടെന്നും ഭീഷണിപ്പെടുത്തുകയാണെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്‍രംഗ് പുനിയയും കഴിഞ്ഞദിവസം തുറന്നുപറയുകയുണ്ടായി. എങ്കിലും ബ്രിജ്ഭൂഷണെ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കായികമന്ത്രി ഉറപ്പു നല്‍കിയ ഈമാസം 15നുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഹരിയാനയിൽ ചേർന്ന ഖാപ് മഹാപഞ്ചായത്ത് തീരുമാനിച്ചെന്നും അവർ അറിയിക്കുന്നു. പക്ഷേ കേന്ദ്രഭരണത്തെപ്പോലും നിയന്ത്രിക്കാന്‍ കെല്പുള്ള മാഫിയാത്തലവനോട് എതിരിട്ട്, കായികതാരങ്ങള്‍ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന് പറയാനാകില്ല. കേസിലെ പ്രായപൂർത്തിയാകാത്ത താരം സമ്മർദം താങ്ങാനാവാതെയാണ് മൊഴി മാറ്റിയതെന്ന് സാക്ഷി മാലിക്ക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൊഴിയെടുക്കാനെന്ന പേരില്‍ വനിതാതാരത്തെ പൊലീസ് കൊണ്ടുപോയതും ബ്രിജ്ഭൂഷന്റെ മുന്നിലേക്കാണ്. ഡല്‍ഹിയിലെ അശോക റോഡിലെ എംപിയുടെ വസതിയിലായിരുന്നു സംഗീത ഫോഗട്ടിനെ എത്തിച്ചത്. ബ്രിജ്ഭൂഷൺ ഇല്ലെന്നായിരുന്നു താരത്തോട് പൊലീസ് പറഞ്ഞത്. എന്നാല്‍ അന്വേഷണം നടക്കുന്ന സമയത്ത് വസതിയില്‍ അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് സംഗീത ഫോഗട്ടിന്റെ വെളിപ്പെടുത്തൽ. തെളിവെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സാമിപ്യം ഭയമുണ്ടാക്കിയതായും താരം വ്യക്തമാക്കി. പരാതിയും എഫ്‌ഐആറും അനുസരിച്ച് 2019 ല്‍ ഇതേ ഓഫിസില്‍ വച്ചാണ് ലൈംഗികാതിക്രമം നടന്നത്. ബ്രിജ്ഭൂഷണെ രക്ഷിക്കാന്‍ തീവ്രശ്രമമാണ് ഡല്‍ഹി പൊലീസ് നടത്തുന്നതെന്നും അദ്ദേഹം തന്നെയാണ് അന്വേഷണം നിയന്ത്രിക്കുന്നതെന്നും താരങ്ങള്‍ ആവര്‍ത്തിക്കുന്നു. ലൈംഗികാതിക്രമ കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന് ഒളിംമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്ക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീർ സിങ്ങും രംഗത്ത് വന്നിരുന്നു. വനിതാ ഗുസ്തി താരത്തിന്റെ ദേഹത്ത് കൈയ്യിട്ട് ബ്രിജ് ഭൂഷൺ നിൽക്കുന്നതും താരം കൈ തട്ടിമാറ്റുന്നതും കണ്ടതായി ജഗ്ബീർ സിങ് പറഞ്ഞു. ബ്രിജ്ഭൂഷണെ വനിതാ താരം തള്ളിമാറ്റുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ ഗുസ്തി താരങ്ങൾക്ക് പിന്തുണയറിയിച്ച് വിവിധ രാജ്യങ്ങളിലെ പാർലമെന്റംഗങ്ങളും അക്കാദമിക് വിദഗ്ധരും രംഗത്തുവന്നിരുന്നു. ബ്രിട്ടീഷ് എംപി സാറ സുൽത്താന, ഫിൻലൻഡ് എംപി മായ് കിവേല, അർജന്റീനിയന്‍ വനിതാ വകുപ്പ് മുൻമന്ത്രി എലിസബത്ത് ഗോമസ് അൽകോർട്ട, പെറു മുൻ മന്ത്രി അനയ് ഡ്യൂറന്റ്, ചിലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം കരോൾ കരിയോള തുടങ്ങിവര്‍ സംയുക്ത പ്രസ്താവനയിറക്കി. പക്ഷേ മോഡിഭരണകൂടത്തിലെ മന്ത്രിമാരോ എംപിമാരോ വനിതകള്‍ക്ക് നേരെയുള്ള അക്രമം കണ്ടതായി നടിച്ചില്ല. ഡല്‍ഹി പൊലീസ് തന്നെ ബ്രിജ്ഭൂഷണെതിരെ കേസെടുത്തത് സുപ്രീം കോടതി ഇടപെട്ടതിനു ശേഷം നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമാണ്. ഡല്‍ഹി കലാപമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്ന് നിരന്തരം വിമര്‍ശനമേല്‍ക്കുന്ന അമിത്ഷായുടെ പൊലീസ് കുറ്റവാളിക്ക് പരമാവധി സംരക്ഷണം നല്‍കുന്ന കുറ്റപത്രമുണ്ടാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.