ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുതിച്ചുയരുന്നു. ശൈത്യം പിടിമുറുക്കും മുമ്പേ വായുവും വെള്ളവും വിഷലിപ്തമായി. അമോണിയയും ഫോസ്‌ഫേറ്റുകളും കൂടിക്കലര്‍ന്ന വെള്ളപ്പതയില്‍ മൂടി യമുന. രാജ്യതലസ്ഥാനമായ ഡല്‍ഹിയും അനുബന്ധ മേഖലകളും ശൈത്യത്തിന്റെ തുടക്കത്തിനു മുമ്പേ മലിനീകരണത്തിന്റെ പിടിയിലേക്ക് അമര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണ തോത് മോശം അവസ്ഥയിലേക്ക് ഇതിനോടകം മാറി. ഇന്നലത്തെ അന്തരീക്ഷ മലിനീകരണ തോത് 293 ആണ്. യമുനാ നദിയുടെ വെള്ളത്തിനു മേല്‍ രാസവസ്തുക്കളുടെ സാന്നിധ്യമുള്ള വെള്ളപ്പത ദൃശ്യമാകുകയും ചെയ്തു. ശ്വാസകോശ, ത്വക് രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന അന്തരീക്ഷമാണ് നിലവില്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്‍ധരും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യമുനയിലെ മലിനീകരണ തോതില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഉത്സവകാലമായ ശൈത്യകാലത്ത് മലിനീകരണ തോതില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കണം. വിശേഷിച്ച് ഛട്ട് പൂജ ഉള്‍പ്പെടെ ആഘോഷങ്ങള്‍ ആസന്നമായ സാഹചര്യത്തില്‍. പൂജയുടെ ഭാഗമായി വിഗ്രഹങ്ങള്‍ യമുനയിലാണ് നിമജ്ജനം ചെയ്യുക. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം എഎപിയും ബിജെപിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട എഎപി ഭരണത്തിന് ഡല്‍ഹി അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായില്ലെന്ന് ബിജെപി ആക്ഷേപം ഉയര്‍ത്തുമ്പോള്‍ ബിജെപിയാണ് മലിനീകരണം നടത്തുന്നതെന്ന ആക്ഷേപമാണ് എഎപി ഉയര്‍ത്തുന്നത്. മലിനീകരണം കൂടുതലുള്ള 13 മേഖലകള്‍ കണ്ടെത്തിയെന്നും പൊടിപടലം നിയന്ത്രിക്കാനുള്ള 80 വെള്ളം ചീറ്റിക്കുന്ന ഗണ്ണുകള്‍ വിന്യസിച്ചതായും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക 300–400 നും ഇടയിലാണ്. ഇത് വളരെ മോശം വിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. വസീർപൂർ‑379, വിവേക് വിഹാർ ‑327, ഷാദിപൂർ‑337, രോഹിണി-362, പഞ്ചാബി ബാഗ്-312, പത്പർഗഞ്ച്-344, നരേല‑312, മുട്ക‑375, ജഹാംഗീർപുരി-354, ദ്വാരക സെക്ടർ എട്ട്-324, ബവാന‑339, ആനന്ദ് വിഹാർ‑342, അലിപൂർ‑307 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഈ മാസം ഒന്നു മുതല്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. യമുനയിലേക്ക് വ്യവസായ മാലിന്യങ്ങള്‍ തള്ളുന്ന വ്യവസായ യൂണിറ്റുകള്‍ സീല്‍ ചെയ്യുകയും അവയുടെ വെദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതിനു പുറമെ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.