19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 5, 2024
May 20, 2024
January 4, 2024
January 3, 2024
October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023

തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ്; ഡീ ലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കും

Janayugom Webdesk
തിരുവനന്തപുരം
May 20, 2024 11:24 pm

ജനസംഖ്യാടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനര്‍നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നു. നിലവിലുള്ള വാർഡ് പരിധിയിൽ ഒന്നു വീതം വർധിപ്പിക്കാനാണ് തീരുമാനം. വാര്‍ഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഇറക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാന്റെ നേതൃത്വത്തിൽ ഡീ ലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ച് ഉടൻ വിജ്ഞാപനം ഇറങ്ങും. 

തെരഞ്ഞെടുപ്പ് കമ്മിഷണറും നാല് ഗവ. സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിഷന്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർനിർണയിക്കുക. ഡിസംബറിനുള്ളിൽ നടപടികൾ പൂർത്തീകരിക്കും.
2015 ഒക്ടോബർ-നവംബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. അതിനാൽ നടപടികൾ വേ​ഗത്തിലാക്കാനാണ് ഓർഡിനൻസ് ഇറക്കി നടപടികളുമായി മുന്നോട്ട് പോകുന്നത്. 2001ലെ സെൻസസ് അടിസ്ഥാനത്തിൽ 2010ലാണ് കേരളത്തിൽ സമ്പൂർണ വാർഡ് വിഭജനം നടന്നത്. 2011 ലെ സെൻസസ് അനുസരിച്ച് 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് വാർഡ് വിഭജനം നടത്തേണ്ടിയിരുന്നതാണെങ്കിലും അന്നത്തെ യുഡിഎഫ് സർക്കാർ നടപടികള്‍ സ്വീകരിച്ചില്ല. പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും തടസമായി. ഇതോടെയാണ് വാർഡ് പുനർനിർണയം ഇപ്പോൾ നടത്തേണ്ടിവന്നത്. 

ഒരു ഗ്രാമ പഞ്ചായത്തിൽ കുറഞ്ഞത് 13 വാർഡും കൂടിയത് 23 വാർഡും എന്നത് 14–24 എന്നിങ്ങനെ ആകും. കോർപറേഷനിൽ 55- 100 എന്നത് 56– 101 ആയും ന​ഗരസഭയിൽ 25–52 എന്നത് 26–53 ആയും വര്‍ധിക്കും. ബ്ലോക്ക് പഞ്ചായത്തിൽ കുറഞ്ഞത് 13 വാർഡും കൂടിയത് 23 വാർഡും എന്നത് 14–24 ആയും ജില്ലാ പഞ്ചായത്തിൽ 16–32 എന്നത് 17–33 ആയും കൂടും. 15,000 ജനസംഖ്യക്ക് 14 വാർഡ്, തുടർന്നുവരുന്ന ഓരോ 2500 പേർക്കും ഓരോ വാർഡ് എന്നതാണ് നിലവിലുള്ള വിഭജന തത്വം. അതേസമയം, പരമാവധി 24 വാർഡിൽ അധികരിക്കാനും പാടില്ല. ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വാർഡുകളുടെ അതിർത്തിയിൽ മാറ്റമുണ്ടാകും. 

Eng­lish Sum­ma­ry: Delim­i­ta­tion Com­mis­sion will be constituted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.