6 December 2025, Saturday

ചൂടുള്ള പാനീയം വീണ് ഡെലിവറി ഡ്രൈവര്‍ക്ക് പൊള്ളലേറ്റുു; സ്റ്റാര്‍ബക്‌സിന് 434.78 കോടി രൂപ പിഴയിട്ട് കോടതി

Janayugom Webdesk
കാലിഫോര്‍ണിയ
March 16, 2025 4:37 pm

ചൂടുള്ള പാനീയം വീണ് ഡെലിവറി ഡ്രൈവര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ സ്റ്റാര്‍ബക്‌സിന് 434.78 കോടി രൂപ പിഴയിട്ട് കാലിഫോര്‍ണിയയിലെ കോടതി. ശരിയായി മൂടാത്തതുകാരണം ചൂടുള്ള പാനീയം ഡെലിവറി ഡ്രൈവറുടെ ശരീരത്തില്‍ വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. മൈക്കിള്‍ ഗാര്‍സിയ എന്ന ഡെലിവറി ഡ്രൈവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. മൂന്നുപാനീയങ്ങള്‍ അടങ്ങിയ പാക്കേജാണ് ഗാര്‍സിയ കൈമാറിയത്. അതില്‍ ഒന്ന് സുരക്ഷിതമായി പാക്ക് ചെയ്തിരുന്നില്ലെന്ന് ഗാര്‍സിയയുടെ അഭിഭാഷകന്‍ മൈക്കിള്‍ പാര്‍ക്കര്‍ കോടതിയില്‍ പറഞ്ഞു. അത് ഗാര്‍സിയയുടെ മടിയിലേക്ക് വീഴുകയായിരുന്നു.

ഹോട്ട് ഡ്രിങ്കുകള്‍ സുരക്ഷിതമായി പാഴ്‌സല്‍ ചെയ്യുന്നതിലുണ്ടായ വീഴ്ച കണ്ടെത്തിയ കോടതി ഗാര്‍സിയയ്ക്കുണ്ടായ നഷ്ടവും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് സ്റ്റാര്‍ബക്‌സ് അറിയിച്ചു. കോടതി വിധി വരും മുമ്പ് തന്നെ കേസ് ഒത്തുതീര്‍ക്കുന്നതിനായി സ്റ്റാര്‍ബക്‌സ് മുന്‍കൈ എടുത്തിരുന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍26 കോടി രൂപയും പിന്നീട് 261 കോടി രൂപയും നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മാപ്പുപറഞ്ഞുകൊണ്ടുള്ള പ്രസ്താവന ഇറക്കിയാല്‍ പണം സ്വീകരിക്കാം എന്ന നിലപാടിലായിരുന്നു ഗാര്‍സിയ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്റ്റാര്‍ബക്‌സ് തയ്യാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.