പോയ ആഴ്ചയില്‍ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പ്രധാനമന്ത്രി നരേന്ദ്രമോഡി 14 തവണ ‘ജനാധിപത്യം’ എന്ന വാക്ക് ഏറ്റുപറഞ്ഞു. രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന ആക്ഷേപം കേവലം ആരോപണമെന്ന പരിഹാസം സാധൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. “ജനാധിപത്യം പവിത്രവും രാജ്യം പങ്കുവയ്ക്കുന്ന മൂല്യവുമാണ്,” ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് നാഗരിക പ്രതിബദ്ധതയാണെന്നത് ബോധ്യപ്പെടണം. ജനാധിപത്യ പിന്തുടര്‍ച്ച ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മികവായി ആരോപിക്കാനാകില്ല”. മയമില്ലാത്ത വാചക കസര്‍ത്തുകള്‍. ആദ്യമായി അധികാരത്തിലേറിയ 2014നു ശേഷം പ്രത്യേകിച്ച് 2019 ല്‍ അധികാരത്തുടര്‍ച്ച സാധ്യമായതോടെ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങളെ ഭരണകൂടം ആസൂത്രിതമായി ആക്രമിക്കുന്നത് രാജ്യം കണ്ടു. മോഡിഭരണം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രതിച്ഛായയെ തകർത്തു. കോടതിവിധികള്‍ പോലും ഭരണകൂട അനുകൂലമായി. വിമര്‍ശകര്‍ക്കെതിരെ പ്രയോഗിക്കുന്ന ആയുധമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യധാരാ മാധ്യമങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മോഡിയെ പരിഹസിച്ചതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഗുജറാത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചപ്പോള്‍ ജനാധിപത്യ ജീര്‍ണത നന്നേ വെളിപ്പെട്ടു. ശിക്ഷാവിധി പുറത്തിറങ്ങാന്‍ കാത്തിരുന്ന പോലെ ലോക്‌സഭയില്‍ നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടു. മോഡിയുടെ വിശ്വസ്തനായ ശതകോടീശ്വരില്‍ പ്രമുഖന്‍ അഡാനി സ്വതന്ത്ര ടെലിവിഷൻ ചാനൽ എന്‍ഡിടിവി ഏറ്റെടുക്കുന്നു. പിന്നാമ്പുറത്ത് ചതിയുടെ കഥകളേറെ. സർക്കാരിനെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഔദ്യോഗിക സമിതിക്ക് അധികാരം. നിരവധി ന്യൂസ് പോർട്ടലുകളുടെ ഓഫിസുകളിൽ ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് പതിവാക്കി. 2018 മുതൽ 44 തവണയെങ്കിലും ഇഡിയും ആദായനികുതി വകുപ്പും ദേശീയ അന്വേഷണ ഏജൻസിയും മോഡിയെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും സമൻസുകളോ നോട്ടീസുകളോ നൽകുകയും ചെയ്തിട്ടുണ്ട്.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുടെ തുടര്‍ച്ചയാണ് ജനാധിപത്യത്തിനെതിരായ ആക്രമണം. ചെറുപ്പം മുതലേ ഈ തീവ്ര ഹിന്ദുത്വ ദേശീയവാദ സംഘടനയോട് ചേര്‍ന്നതാണ് മോഡിയുടെ ജീവിതം. ഫലമോ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ മാധ്യമങ്ങളും ജുഡീഷ്യറിയും ഒന്നൊന്നായി തച്ചുടയ്ക്കുന്നു. ജനാധിപത്യത്തിനെതിരെ തുടരുന്ന ഇത്തരം ആക്രമണങ്ങളാണ് ദേശീയ അന്തർദേശീയ വേദികളില്‍ ചോദ്യങ്ങളായി ഉയരുന്നത്. അമേരിക്കൻ സന്ദർശന വേളയിൽ വൈറ്റ് ഹൗസിന് മുന്നിൽ നൂറുകണക്കിന് ആളുകൾ മോഡിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. “25 വർഷങ്ങളായി സജീവ മാധ്യമ പ്രവർത്തകനാണ്. എന്നാൽ ജഡ്ജി ബി എച്ച് ലോയയുടെ കൊലപാതകത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയതോടെ എന്റെ കരിയർ അവസാനിച്ചു. ഭരണകൂട സമ്മർദത്തിന് വഴങ്ങി എന്നെ പിരിച്ചുവിട്ടു. വര്‍ത്തമാന ഇന്ത്യയിലെ മാധ്യമങ്ങളുടെ അവസ്ഥ ഇതാണ്,” അന്വേഷണാത്മക പത്രപ്രവർത്തകൻ നിരഞ്ജൻ തകലെ പ്രതിഷേധകര്‍ക്കിടയില്‍ നിന്ന് വിളിച്ചുപറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി മനസിലാക്കാൻ ആർഎസ്എസിലെ ബിജെപിയുടെ വേരുകൾ പഠിക്കണം. സ്വാതന്ത്ര്യ സമരകാലം മുതൽ ‘ഹിന്ദു രാഷ്ട്ര’ത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ 2002ൽ ഗോധ്രയിൽ ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രെയിനിന് തീപിടിച്ച് 59 പേർ കൊല്ലപ്പെട്ടു. മുസ്ലിങ്ങളില്‍ കുറ്റം ചാര്‍ത്തപ്പെട്ടു. വലിയ തോതിലുള്ള വർഗീയ കലാപങ്ങൾക്ക് വഴിയായി. ജനക്കൂട്ടം മുസ്ലിങ്ങളെ കൂട്ടക്കുരുതി ചെയ്തു. തീപിടിത്തം അപകടമാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷെ വര്‍ഗീയ കലാപാഗ്നിയില്‍ ഏകദേശം 1,000 പേർ കൊല്ലപ്പെട്ടു. 250–330 മുസ്ലിം പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു. ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടാണിത്.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദു ജനക്കൂട്ടം അക്രമം അഴിച്ചുവിടുമ്പോൾ പൊലീസ് വാ അടച്ച് കൈകള്‍ പൂട്ടി നിശബ്ദ കാഴ്ചക്കാരായി. കലാപം മോഡിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. 2005 ൽ ‘മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനം’ എന്ന കുറ്റം ചാര്‍ത്തി യുഎസ് മോഡിക്ക് വിസ നിഷേധിച്ചു. 2014ൽ മോഡി പ്രധാനമന്ത്രിയായതോടെ നിരോധനം പിൻവലിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും തീവ്രദേശീയത രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. മാനവിക ചിന്താധാരകളെ ഒഴിവാക്കി നിർവചിക്കപ്പെട്ടിരിക്കുന്ന സംഘ്പരിവാര്‍ ദേശീയത, സമൂഹത്തിനും ഭരണഘടനയുടെ ധാർമ്മികതയ്ക്കും വിനാശകരമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും തൊഴിൽ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ബിജെപി പൂര്‍ണപരാജയമാണ്. മതത്തോടുള്ള ആശ്രിതത്വം വീഴ്ചകള്‍ക്ക് മറതീര്‍ക്കുന്നതിന്റെ ഫലമാണ്. കേന്ദ്ര ഭരണകൂടവും ആർഎസ്എസും ഒരേ ലക്ഷ്യമെങ്കിലും വേറിട്ട രണ്ട് അജണ്ടകളിലൂന്നിയാണ് പ്രവർത്തിക്കുന്നത്. ഒന്ന്, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അധികാരങ്ങൾ ഉപയോഗിച്ച് തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കാനും പരിശ്രമിക്കുന്നു. രണ്ടാമതായി, ജുഡീഷ്യറി, അന്വേഷണ കമ്മിഷനുകൾ, മാധ്യമങ്ങൾ, പ്രതിപക്ഷ പാർട്ടികൾ എന്നിവയെ അപകീർത്തിപ്പെടുത്തി ദുർബലപ്പെടുത്തുന്നു. ഇതിലൂടെ പൊതുജനങ്ങളുടെ അതൃപ്തിയെ മറികടക്കുക. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുക.
മോഡി അധികാരമേറ്റതിനുശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണ് ഹിന്ദുത്വചിഹ്നങ്ങളും ആഖ്യാനങ്ങളും. മോഡിയും ബിജെപി നേതാക്കളും തങ്ങളുടെ പ്രസംഗങ്ങളിൽ ഹിന്ദുത്വ വിഷയങ്ങൾ നിരന്തരം ഊന്നിപ്പറയുകയും മുസ്ലിം അവകാശങ്ങളെ തുരങ്കം വയ്ക്കുകയും മുസ്ലിങ്ങളെക്കുറിച്ച് ഹിന്ദുക്കളില്‍ ഉത്കണ്ഠകൾ ഉണർത്തുകയും ചെയ്യുന്നു. പ്രധാനമായും ഹിന്ദി സംസ്ഥാനങ്ങളിലും ഒരു പരിധിവരെ പശ്ചിമ ബംഗാളിലും ഇത് വ്യാപകമാണ്.
അധികാരം ഒരാളിൽ കേന്ദ്രീകരിക്കുകയും ബിജെപിയുടെ “ഇരട്ട എന്‍ജിൻ ഭരണകൂടത്തിന്റെ” വിജയം കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തെ തുരങ്കം വയ്ക്കാൻ പ്രതിപക്ഷ പാർട്ടി നേതാക്കളെയും ഇഡിയെയും സിബിഐയെയും അഴിച്ചുവിട്ടു. ഒരു വിശകലനം അനുസരിച്ച്, 95 ശതമാനം ഇഡി കേസുകളും/റെയ്ഡുകളും പ്രതിപക്ഷ പാർട്ടികൾക്കെതിരെയാണ്. മോഡി സർക്കാർ നയങ്ങൾക്കെതിരെ സമരം ചെയ്തവരെ ജയിലിലടച്ചു. പ്രക്ഷോഭകർക്കെതിരെ കള്ളക്കേസുകൾ ചുമത്തി. പൗരത്വ ഭേദഗതി നിയമം അടിച്ചമർത്തിയതാണ് ഏറ്റവും വലിയ ഉദാഹരണം — വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് 1,000 ദിവസത്തിലേറെയായി ജയിലിൽ കിടന്നു. മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ചെലവിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ് മോഡിയുടെ അജണ്ട. താൻ ഭൂരിപക്ഷത്തിന്റെ നേതാവ് മാത്രമാണെന്ന് പ്രധാനമന്ത്രി എല്ലായ്പ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ, എല്ലാ ഉദ്ഘാടനങ്ങളുടെയും ശിലാസ്ഥാപന ചടങ്ങുകളുടെയും ഭാഗമാണ് ഹിന്ദു ആചാരങ്ങൾ. “ജനാധിപത്യത്തിന്റെ മാതാവ്” എന്ന നിലയിൽ ഇന്ത്യയുടെ ചരിത്രപരമായ സ്ഥാനത്തെ താനും തന്റെ സർക്കാരും ബഹുമാനിക്കുകയാണ്, ഇക്കാര്യത്തിലുള്ള മോഡിയുടെ അവകാശം ഇങ്ങനെ.
ജനാധിപത്യം ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. 1975 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. ഒരു വിഭാഗത്തിനിടയില്‍ ആശയപരമായ പിന്തുണയുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് ഇന്ന് ഇന്ത്യ. തെരഞ്ഞെടുപ്പുകൾ ഒന്നുകിൽ ഹിന്ദു-മുസ്ലിം അല്ലെങ്കിൽ ഇന്ത്യ‑പാകിസ്ഥാൻ സംവാദമായി പരിവർത്തനം ചെയ്യപ്പെടുന്നു, പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ സ്വാധീനമുള്ള ഹിന്ദീ ഹൃദയഭൂമിയിൽ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഡൽഹി, ഹരിയാന തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും.
ബിജെപിയെ തോൽപ്പിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും കഴിയുമെന്ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. ദേശീയ തലത്തിൽ പോലും, പ്രതിപക്ഷ പാർട്ടികൾക്ക് ഇപ്പോഴും അവരുടെ സന്ദേശം എത്തിക്കാനാകും. ത്രിപുരയില്‍ ബിജെപി ഏറെക്കുറെ പരാജയപ്പെട്ടെങ്കിലും തിപ്രമോത വോട്ട് വിഭജനം പാർട്ടിക്ക് ഗുണം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കാര്യങ്ങള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഒമ്പത് വർഷമായി സമ്പദ്‌വ്യവസ്ഥ തകർന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണം പൊതുജനങ്ങൾ വലയുകയാണ്. വിളകൾക്ക് താങ്ങുവില നൽകാത്തതിൽ കർഷകർ സർക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്. സ്വകാര്യമേഖലയിലെ തൊഴിൽ വർധിപ്പിക്കാനെന്ന പേരിൽ പൊതുപണം വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുന്നതും സാധാരണമായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ശക്തമായ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ മുൻകൈയിൽ ബിജെപിയെ ഒറ്റക്കെട്ടായി വെല്ലുവിളിക്കാൻ 16 പാർട്ടികൾ പട്നയിൽ യോഗം ചേർന്നു. ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ പ്രാദേശിക പാർട്ടികൾക്ക് നിർണായക പങ്ക് വഹിക്കാനാകും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ പ്രാദേശിക പാർട്ടികൾക്ക് വേണ്ടത്ര ഇടം നൽകണം. യുപി, ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രാദേശിക പാർട്ടികളാണ് മുന്നിൽ. പ്രാദേശിക പാർട്ടികളെ ബഹുമാനിക്കുന്നത് രാഷ്ട്രീയമെങ്കിൽ അതത് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യത്തെ നയിക്കാൻ പ്രാദേശിക പാർട്ടികളെ കോൺഗ്രസ് അനുവദിക്കണം.
(കടപ്പാട്, ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.