26 December 2024, Thursday
KSFE Galaxy Chits Banner 2

വിവസ്ത്രമാക്കപ്പെടുന്ന ജനാധിപത്യം; നഗ്നബലാത്സംഗങ്ങളുടെ ഇന്ത്യ

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
July 28, 2023 4:45 am

‘വന്യമാം നീതി, വരേണ്യമാം നീതി രാ-
ജന്യമാം നീതിയു-
മമ്പെയ്തു വീഴ്ത്തുവോള്‍
രക്ഷിക്കുവാന്‍ കടപ്പെട്ടവനില്‍ നിന്നു
മിക്ഷിതിഗര്‍ഭത്തില്‍
രക്ഷതേടുന്നവള്‍’

സ്ത്രീയെക്കുറിച്ച് ഒഎന്‍വി ‘പെങ്ങള്‍’ എന്ന കവിതയില്‍ കുറിച്ചു. തൊട്ടുപിന്നാലെ ഒഎന്‍വി ഈ വിധം കുറിച്ചു:

‘നീയമ്മ, നീ പത്നി
നീ പുത്രി, നീ ഭൂമി
നീ ശക്തി, നീയെന്റെ
രക്ത,മെന്‍പെങ്ങള്‍ നീ’

ഇന്ന് അമ്മയും പത്നിയും പുത്രിയും ഭൂമിയും ശക്തിയും രക്തവും പെങ്ങളുമായ സ്ത്രീത്വം വിവസ്ത്രരാക്കപ്പെടുകയാണ്. നഗ്നതയോടെ തെരുവിലൂടെ നടത്തപ്പെടുകയാണ്. അതുകണ്ട് ആനന്ദിക്കുകയാണ് കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങളും സൈനിക‑പൊലീസ് സംവിധാനങ്ങളും.


ഇതുകൂടി വായിക്കൂ: സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍


മണിപ്പൂര്‍ വജ്രങ്ങളുടെയും രത്നങ്ങളുടെയും നാഗരിക ഭൂമികയാണ്. അവിടെ വംശഹത്യാ പരീക്ഷണത്തിന്റെ പാഠശാലയാക്കി മാറ്റുകയാണ് നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും സംഘ്പരിവാര ഫാസിസ്റ്റ് ഭരണകൂടം. കുക്കി-മെയ്തി വംശജരെ തമ്മിലടിപ്പിച്ച് ആസൂത്രിതമായ വംശഹത്യാശാലയാക്കി മണിപ്പൂരിനെ മാറ്റുകയാണ് ബിജെപിയുടെ സംസ്ഥാന സര്‍ക്കാരും മോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ആനന്ദിക്കുകയും കൂട്ടബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്യുമ്പോള്‍ ആനന്ദനൃത്തമാടുകയാണ് കലാപകാരികളും ഭരണകൂടാനുകൂലികളും.

2002ല്‍ ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കവേ ഒരു മതത്തില്‍ പിറന്നു പോയതിന്റെ പേരില്‍ 2000ത്തിലേറെ മനുഷ്യരെ കൊന്നുതള്ളി. പതിനായിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. ‘സബ് കോ സന്‍മതി ദേ ഭഗവാന്‍’ എന്നു പാടിനടന്ന, വര്‍ഗീയകലാപത്തിന്റെ ചോരപ്പുഴകള്‍ക്ക് നടുവിലൂടെ മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത്, മുട്ടന്‍വടിയും പിടിച്ച് രാമനും റഹീമും ഒന്നുതന്നെ എന്നുപഠിപ്പിച്ച ഗാന്ധിജിയുടെ മണ്ണിലാണ് നരേന്ദ്രമോഡിയും അമിത്ഷായും വംശഹത്യാപരീക്ഷണം നടത്തിയത്. അന്ന് വാള്‍മുനത്തുമ്പില്‍ പ്രാണരക്ഷാര്‍ത്ഥം കേഴുന്ന യുവാവിന്റെ ചിത്രവും ലോകം കണ്ടു.

അന്ന് നരേന്ദ്രമോഡി പറഞ്ഞു, ‘ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. നാളെ ഗുജറാത്ത് ഇന്ത്യയില്‍ എവിടെയും ആവര്‍ത്തിക്കപ്പെടും.’ മോഡി അന്ന് പറഞ്ഞത് ഇന്ന് സത്യമായി. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെപ്പോലും തൃശൂലം കൊണ്ട് കൊന്നൊടുക്കിയവര്‍ രാമനവമിയുടെയും ഹനുമദ്ജയന്തിയുടെയും പേരിലുള്ള ഘോഷയാത്രകളില്‍ ഒരു മതവിഭാഗത്തെ തിരഞ്ഞുപിടിച്ചാക്രമിച്ചു. രാമനും ഹനുമാനും ജയ്‌വിളിച്ചില്ലെങ്കില്‍, അവര്‍ക്ക് സ്തുതിപാടിയില്ലെങ്കില്‍ ഇന്ത്യന്‍മണ്ണില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കല്പിക്കുകയും ചെയ്തു. അര്‍ധരാത്രികളില്‍ ആ മതവിഭാഗത്തിന്റെ ഭവനങ്ങളിലേക്ക് ബുള്‍ഡോസറുകള്‍ പാഞ്ഞുചെന്നു. ഭവനങ്ങള്‍ ഇടിച്ചുനിരത്തി.


ഇതുകൂടി വായിക്കൂ: ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ മണിപ്പൂര്‍ ഭീതിയില്‍


മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ എഴുതി: ‘ഞങ്ങള്‍ക്ക് മൂന്ന് മുഖ്യശത്രുക്കള്‍. ഒന്ന് മുസ്ലിങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍’. മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയവര്‍ മണിപ്പൂരില്‍ ഇപ്പോള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തും പള്ളിക്കൂടങ്ങള്‍ കത്തിച്ചും വൈദികരെയും കന്യാസ്ത്രീകളെയും അതിക്രമിച്ചും തങ്ങളുടെ പദ്ധതി നടപ്പാക്കുന്നു. യുഎന്‍ സഭയും ലോകരാഷ്ട്രങ്ങളും അപലപിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി കപട മന്ത്രത്തിന്റെ വല്മീകത്തില്‍ ഒളിക്കുന്നത് തന്റെ ഫാസിസ്റ്റ് അജണ്ട മണിപ്പൂരില്‍ വിജയം കാണുന്നതിന്റെ ആഹ്ലാദാതിരേകത്തിലാണ്.

‘മന്നിന്റെ സ്നേഹോജ്വല വക്ഷസ്സില്‍ കൂരമ്പെയ്തു
പൊന്നിണമൊലിപ്പിക്കും കാട്ടാളത്തത്തിന്‍ നേരെ
നിന്ദയുമെതിര്‍പ്പുമായ് നില്‍ക്കുന്നൂ ചിതല്‍പ്പുറ്റില്‍-
നിന്നുണര്‍മാദ്യത്തെ മഹാകവി’

ആ മഹാകവി, നരേന്ദ്രമോഡിയുടെ വംശവിദ്വേഷത്തെയും വംശഹത്യയെയും വിരല്‍ചൂണ്ടി കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.