20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം അവസാനിക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
September 30, 2025 8:49 pm

മാധ്യമരംഗം വലിയ വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നഷ്ടമാവുമ്പോള്‍ ജനാധിപത്യം അവസാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമാകാതെ വരുമ്പോള്‍ ഭരണഘടന വെല്ലുവിളി നേരിടും, വിമര്‍ശനാത്മക ചിന്ത അവസാനിക്കും. വ്യാജ വാര്‍ത്തകള്‍ ആധിപത്യം നേടും. ചുരുക്കത്തില്‍ മാധ്യമ സ്വാതന്ത്ര്യ നിഷേധം പൗരന്റെ അവകാശത്തെയാണ് ഹനിക്കുക. തെറ്റായ ഭരണനയങ്ങളെ വിമര്‍ശിക്കുന്നതും രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാൻ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പ് കൂട്ടുകയും ചെയ്യുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ രാജ്യത്തെ ഏകശിലാത്മകമായി മാറ്റിത്തീര്‍ക്കുന്നതിനെതിരെ മുൻപന്തിയില്‍ നില്‍ക്കേണ്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ ഇന്നത് വേണ്ട രീതിയില്‍ ഉണ്ടാകുന്നില്ല. കുത്തക മുതലാളിത്തം അരങ്ങുവാഴുന്ന ലോകത്ത് മാധ്യമ മുതലാളിമാരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് മൗനം ഭജിക്കാനാണ് ആധുനികകാല മാധ്യമപ്രവര്‍ത്തകരില്‍ ചിലരെങ്കിലും നിര്‍ബന്ധിതരാകുന്നത്. അതിനാല്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാഡമി ചെയര്‍മാൻ ആര്‍ എസ് ബാബു അധ്യക്ഷനായി. അക്കാഡമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ ജേർണലിസ്റ്റ് മറിയം ഔഡ്രാഗോയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡുകള്‍ കരൺ ഥാപ്പർ, രാജ്ദീപ് സർദേശായി എന്നിവര്‍ ഏറ്റുവാങ്ങി.
ഇന്ത്യയിലെ പലസ്തീൻ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ് മുഖ്യാതിഥിയായി. മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, മുഹമ്മദ് സുബൈര്‍, അനസുദീൻ അസീസ്, പ്രഭാവര്‍മ്മ, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ്, പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷ്, അക്കാഡമി സെക്രട്ടറി അരുണ്‍ എസ്എസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.