നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായി മാറിയെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന. ‘നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു. കാരണം വിനിമയത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവാക്കി, അതില്‍ 98 ശതമാനവും തിരികെ വന്ന് വെള്ളപ്പണമായി. കണക്കിൽപ്പെടാത്ത പണമെല്ലാം ബാങ്കിൽ തിരിച്ചെത്തി’, ജസ്റ്റിസ് പറഞ്ഞു. ഹൈദരാബാദ് നിയമ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നോട്ട് നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി പറഞ്ഞ സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് നാഗരത്ന. നോട്ട് അസാധുവാക്കല്‍ നടന്ന വേളയില്‍ രാജ്യത്ത് 500, 1000 നോട്ടുകള്‍ കറന്‍സിയുടെ 86 ശതമാനമായിരുന്നു. 2016 നവംബര്‍ ഏഴിന് രാത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയും ബിജെപിയും കള്ളപ്പണം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഫലത്തില്‍ കള്ളപ്പണം ബാങ്കുകളിലേയ്ക്ക് കുമിഞ്ഞുകൂടുകയാണ് ഉണ്ടായത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ആദായ നികുതി വകുപ്പ് എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയില്ല.
സാധാരണക്കാരന്റെ വിഷമാവസ്ഥയാണ് തന്നെ അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. നോട്ട് മാറ്റിയെടുക്കാന്‍ ക്യൂ നിന്ന പലരും മരിച്ചുവീണത് നാം കണ്ടതാണ്. ലക്ഷക്കണക്കിന് പേര്‍ പണമില്ലാതെ വലയുമ്പോള്‍ കള്ളപ്പണക്കാരും, വളഞ്ഞ വഴിയിലൂടെ ധനം സമ്പാദിച്ചവരും ഇതിനെ സുവര്‍ണാവസരമാക്കി മാറ്റുകയായിരുന്നുവന്നും ജസ്റ്റിസ് പറഞ്ഞു.
ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കോടതികള്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ലജ്ജിക്കുന്നതായും അവര്‍ പറഞ്ഞു. സമീപകാലത്ത് പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ശീതസമരം ഗുണകരമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
English Summary: Demonetization as a way to launder money: Justice BV Nagaratna
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.