23 September 2024, Monday
KSFE Galaxy Chits Banner 2

Related news

July 10, 2024
March 10, 2024
September 17, 2023
February 22, 2023
January 7, 2023
January 2, 2023
November 17, 2022
November 16, 2022
October 12, 2022
November 30, 2021

നോട്ട് അസാധുവാക്കല്‍: നെെജീരിയയില്‍ പണക്ഷാമം രൂക്ഷം

Janayugom Webdesk
അബുജ
February 22, 2023 11:04 pm

നോട്ട് അസാധുവാക്കലിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ നെെജീരിയയില്‍ പണക്ഷാമം രൂക്ഷം. പഴയ നോട്ടുകള്‍ കെെമാറ്റം ചെയ്യാനാകാതെ വന്നതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രോഷാകുലരായ ആളുകൾ എടിഎമ്മുകളും ബാങ്കുകളും ആക്രമിച്ചു. നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം വ്യാപിക്കുന്നത്.
ഒഗുന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ബാങ്കിന്റെ 10 ശാഖകൾ പ്രതിഷേധക്കാർ തകര്‍ത്തു. കൗൺസിൽ സെക്രട്ടേറിയറ്റും വൈദ്യുതി വിതരണ സ്റ്റേഷനും കത്തിച്ചതായും പൊലീസ് പറയുന്നു. 2016 നവംബര്‍ എട്ടിന് ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷമുള്ള സമാന അവസ്ഥയാണ് നെെജീരിയന്‍ പൗരന്മാരും നേരിടുന്നത്. 

200, 500, 1000 നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ഒക്ടോബറിലാണ് നെെജീരിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നോട്ടുകള്‍ കെെമാറാനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നെങ്കിലും പുതിയ നോട്ടുകൾ ലഭ്യമല്ലാത്തതിനാൽ സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി. എന്നാല്‍ നീട്ടിയ സമയ പരിധിക്കുള്ളിലും പുതിയ നോട്ടുകള്‍ വിപണിയിലിറക്കാന്‍ സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയ്ക്ക് സാധിച്ചില്ല. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ വിസമ്മതിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. 

വ്യക്തിഗത ബാങ്ക് ശാഖകളിലും പണം പൂഴ്ത്തിവച്ചതായി ആരോപണമുണ്ട്. പുതിയ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിച്ച് ഉപഭോക്താക്കൾക്ക് നൽകണമെന്ന നിർദേശം ലഭിച്ചപ്പോഴും ബാങ്ക് ശാഖകൾ പണം പൂഴ്ത്തിവച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കൂടുതൽ പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയ ഗവർണർ ഗോഡ്വിൻ എമെഫീലെ പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പഴയ നോട്ടുകൾ പുതുക്കാനുള്ള സമയപരിധി നീട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടു.
കള്ളപ്പണം, പണപ്പെരുപ്പം തടയുക, പണരഹിത സമൂഹം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോട്ട് അസാധുവാക്കലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ബാങ്കിന്റെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടുകളില്ലെന്നാണ് ബിബിസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുഹമ്മദ് ബുഹാരി സര്‍ക്കാരിന്റെ എട്ട് വര്‍ഷ കാലയളവില്‍ തീവ്രവാദികളുടെയും വിഘടനവാദികളുടെയും ആക്രമണങ്ങൾ മുതൽ മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയും വർധിച്ചുവരുന്ന ദാരിദ്ര്യവുമാണ് നെെജീരിയ അഭിമുഖീകരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
സിവാജു ബോല അഹമ്മദ് ടിനുബുവാണ് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഏകാധിപത്യ ഭരണം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും പ്രവചനാതീതമായ തെരഞ്ഞെടുപ്പായിരിക്കുമിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് നെെ‍ജീരിയ. നിലവിൽ 220 ദശലക്ഷത്തിനടുത്താണ് ആകെ ജനസംഖ്യ. 

Eng­lish Sum­ma­ry: Demon­e­ti­za­tion: Cash short­ages in Nigeria

You may also like this video

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.