27 April 2024, Saturday

Related news

March 19, 2024
March 10, 2024
December 22, 2023
October 7, 2023
September 17, 2023
August 24, 2023
August 3, 2023
July 9, 2023
June 1, 2023
May 2, 2023

നോട്ട് നിരോധനം, ജിഎസ്ടി: സാമ്പത്തിക രംഗം തകര്‍ത്തു, മോഡിയുടെ അവകാശവാദങ്ങള്‍ പൊളിച്ച് നോമുറ റിപ്പോര്‍ട്ട് 

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2024 10:30 pm
മോഡി സര്‍ക്കാരിന്റെ മണ്ടന്‍ പരിഷ്കാരങ്ങളായ നോട്ട് നിരോധനം, ചരക്കുസേവന നികുതി(ജിഎസ്ടി), പിന്നാലെയെത്തിയ കോവിഡ് മഹാമാരി എന്നിവയുടെ ഫലമായി രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു. ജനങ്ങളുടെ ഉപഭോഗ ധനവിനിയോഗത്തില്‍ ഇതിന്റെ കടുത്ത ആഘാതം നേരിട്ട് ബാധിച്ചതായി സാമ്പത്തിക ഗവേഷണ സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യ വന്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെയും അവകാശവാദം.
അനാവശ്യമായ നോട്ട് നിരോധനം കാരണം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായി. ചെറുകിട കച്ചവടം അടക്കം തകര്‍ന്നത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ചെറുകിട‑ഇടത്തരം സ്ഥാപനങ്ങളെയാണ് ഇത് ഏറെ ദോഷകരമായി ബാധിച്ചത്.
ജിഎസ്ടി നിലവില്‍ വന്നതോടെ സാങ്കേതിക ബുദ്ധിമുട്ട് നേരിട്ട ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി. 2018ല്‍ രാജ്യത്തെ 63 ലക്ഷം ചെറുകിട വ്യാപാരികള്‍ 32 ശതമാനം നികുതിയാണ് സര്‍ക്കാരിലേക്ക് അടച്ചതെന്ന് എഐടിയുസി നടത്തിയ സര്‍വേയില്‍ പറയുന്നു. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ ഇത് 20 ആയി കുറഞ്ഞു. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, ആഭരണം, തുകല്‍ ഉല്പന്നം, കരകൗശല മേഖല എന്നിവയാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ നിശ്ചലമായത്. ഇതുവഴി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചുവെന്നും സര്‍വേയില്‍ പറയുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ഗുരുതരമായി ബാധിച്ചു. സ്ഥാപനങ്ങളും ഫാക്ടറികളും പൂട്ടിയതോടെ നികുതി വരുമാനവും ജനങ്ങളുടെ വാങ്ങല്‍ശേഷിയും നിലച്ചു.
ജനങ്ങളുടെ ഉപഭോഗ ചെലവ് (കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍) നഗര‑ഗ്രാമ മേഖലകളില്‍ ഗണ്യമായി ഇടിയാന്‍ ഈ മൂന്ന് കാരണങ്ങള്‍ ഇടവരുത്തിയെന്ന് നോമുറ പഠനം വിലയിരുത്തുന്നു. കോംപൗണ്ട് ആന്വല്‍ ഗ്രോത്ത് റേറ്റ് (സിഎജിആര്‍) അനുസരിച്ച് ഗ്രാമീണ ഉപഭോഗ ചെലവ് 3.1 ശതമാനമായി ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2010–12ല്‍ സിഎജിആര്‍ 6.6 ആയിരുന്നതാണ് മോഡി ഭരണത്തിന്റെ അവസാന നാളില്‍ 3.1 ആയി കൂപ്പുകുത്തിയത്. നഗര പ്രദേശങ്ങളില്‍ സിഎജിആര്‍ ശതമാനം 5.2 ല്‍ നിന്ന് 2.6 ആയി കുറഞ്ഞു.
ജനങ്ങളുടെ ഉപഭോഗ ചെലവില്‍ വരുന്ന പ്രതിസന്ധി മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ അടക്കം പ്രതിഫലിക്കുന്നതാണ്. ഗാര്‍ഹിക ഉപഭോക്തൃ ചെലവ് ഗ്രാമ‑നഗരങ്ങളില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ പ്രതിഫലനമാണ് കാട്ടിത്തരുന്നത്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ ഗ്രാമ‑നഗരങ്ങളിലെ ഉപഭോഗ ചെലവ് ഉടനടി വര്‍ധിക്കാന്‍ സാധ്യതയില്ല. 2012 മുതല്‍ 23 വരെ കാലത്ത് ഗ്രാമീണ ഉപഭോഗം 164 ശതമാനം വര്‍ധിച്ചു. നഗരങ്ങളില്‍ 146 ശതമാനമാണ് വളര്‍ച്ച.  എന്നാല്‍ 2000–2012 കാലത്ത് ഇത് യഥാക്രമം 194, 207 എന്നിങ്ങനെ ആയിരുന്നു.
മധ്യവര്‍ഗ‑സാധാരണ കുടുംബങ്ങളുടെ വാങ്ങല്‍ശേഷി അഥവാ ഉപഭോഗ ചെലവ് താഴുന്നത് ഭാവിയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടവരുത്തും. നഗര‑ഗ്രാമീണ മേഖലയില്‍ ഉപഭോഗ മുന്‍ഗണനയില്‍ വ്യതിയാനം വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഹാരത്തിന് പണം ചെലവഴിക്കുന്നത് ഗണ്യമായി ഇടിഞ്ഞു. പകരം ഇന്ധനം അടക്കമുള്ള വസ്തുക്കള്‍ക്കാണ് കൂടുതല്‍ പേരും കൂടുതല്‍ പണം ചെലവാക്കുന്നത്.
Eng­lish Sum­ma­ry: GST and demon­e­ti­za­tion impact­ed finances
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.