
തമിഴ്നാടിന് സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് നിഷേധിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പ് വരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ടിഇ) കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസയയ്ക്കാന്‍ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. എസ്എസ്എ ഫണ്ട് വിഹിതം തടഞ്ഞുവച്ചതിനാല്‍ സ്വകാര്യ വിദ്യാലയങ്ങളിലെ പഠനം മുടങ്ങിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ റീഇംപേഴ്‌സ്‌മെന്റുകളെ എസ്എസ്എസ് പ്രകാരം സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് മദ്രാസ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. പ്രീ പ്രൈമറി തലം മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസത്തെ തുടർച്ചയായി കാണുന്ന ഒരു സംയോജിത പദ്ധതിയായ എൻഇപിയുടെ വ്യവസ്ഥകളുമായി എസ്‌എസ്‌എസ് യോജിപ്പിച്ചിരിക്കുന്നതിനാൽ ഫണ്ട് വിതരണത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ ബോധിപ്പിച്ചു. ആർടിഇ നിയമം നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വിൽസൺ എസ്എസ്എ ഫണ്ട് നിഷേധിച്ചതു വഴി സംസ്ഥാനത്തിന് 342 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. 2021–2022, 2022–2023 അധ്യയന വർഷങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ 342.69 കോടി രൂപ അനുവദിക്കുന്നതിൽ പരാജയപ്പെട്ടു.
ഇതിന്റെ 60% സംസ്ഥാന വിഹിതമാണെന്നും വിൽസൺ ബോധിപ്പിച്ചു. 2009ലെ ആർടിഇ നിയമത്തിലെ സെക്ഷൻ 7 പ്രകാരം വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതിന് കേന്ദ്രത്തിനും സമാന ഉത്തരവാദിത്തമുണ്ടെന്ന് തമിഴ്‌നാട് ഹർജിയിൽ പറയുന്നു. ഈ ചെലവുകൾക്ക് സംസ്ഥാനം മാത്രമാണ് പ്രാഥമികമായി ഉത്തരവാദിയെന്ന് വിധിച്ചത് മദ്രാസ് ഹൈക്കോടതിയുടെ തെറ്റാണ്. 2025–26 അധ്യയന വർഷത്തേക്കുള്ള മുഴുവൻ സാമ്പത്തിക ഉത്തരവാദിത്തവും സംസ്ഥാനം വഹിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതായും വിൽസൺ പറഞ്ഞു. അതേസമയം, കേന്ദ്രത്തോട് വിഹിതം നൽകാൻ നിർദേശിക്കണമായിരുന്നുവെന്നും വിൽസൺ പറഞ്ഞു. കേരളത്തിലും പിഎം ശ്രീ പദ്ധതിയുടെ പേരില്‍ മോഡി സര്‍ക്കാര്‍ എസ്എസ്എ ഫണ്ട് വിതരണം തടഞ്ഞുവച്ചിരുന്നു. പിഎം ശ്രീ പ്രകാരം നല്‍കുന്ന ഫണ്ടിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മോഡിയുടെ ചിത്രം പതിപ്പിച്ച ബോര്‍ഡ് സ്ഥാപിക്കാനാകില്ല എന്ന് കേരളം വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.