23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2024
April 19, 2023
March 8, 2023
January 11, 2023
September 1, 2022
August 10, 2022
July 27, 2022
July 20, 2022
July 19, 2022
April 20, 2022

അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു

തൊഴിൽരഹിതരായ യുവാക്കളോട് എന്തിനാണ് ഈ ക്രൂരത? ‑2
Janayugom Webdesk
July 20, 2022 5:30 am

തൊഴിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലവസരങ്ങളുടെ എണ്ണവും വളർച്ചാനിരക്കിന്റെ തോതും മാത്രമാകരുത്. തൊഴിൽ വിപണിയുടെ സവിശേഷ താല്പര്യമനുസരിച്ച് നിലനില്ക്കുന്ന വികസനം എന്ന ലക്ഷ്യം മുൻനിർത്തിയായിരിക്കണം മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ. ഐക്യരാഷ്ട്രസഭയിലെയും സാർവദേശീയ തൊഴിൽ സംഘടന(ഐഎൽഒ)യിലെയും സജീവ അംഗരാജ്യമെന്ന നിലയിൽ ഇക്കാര്യത്തിൽ ഇന്ത്യക്ക് വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും സാധ്യമല്ല. മുൻ സോവിയറ്റ് യൂണിയന്റെ വികസനമാതൃക പിൻതുടർന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പൊതുമേഖലാ വികസനം ആസൂത്രണ പദ്ധതിയുടെ ഭാഗമാക്കി. രാജ്യത്തിനനുയോജ്യമായൊരു വികസനമാതൃകയിലൂടെ ആരംഭഘട്ടത്തിൽ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കാനും ഇതുവഴി കഴിഞ്ഞു. ഇത് ചരിത്രത്തിന്റെ ഭാഗവുമാണ്.
വികസന നയവും അതിന്റെ ഭാഗമായ തൊഴിൽ നയവും രൂപീകരിക്കുമ്പോൾ ഇവയെല്ലാം പരിഗണിക്കണം. ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് തൊഴിലന്വേഷികളുടെ വർധനവിനാനുപാതികമായി പ്രതിവർഷം സൃഷ്ടിക്കേണ്ടിവരിക. ഇതിന് സർക്കാർ തയാറാവണം. നവലിബറൽ പ്രത്യയശാസ്ത്രത്തിൽ മുറുകെപ്പിടിക്കുന്ന മോഡിയുടെ ഭരണകാലത്ത് ഈ ലക്ഷ്യം ഒരു മുദ്രാവാക്യത്തിലോ വാഗ്ദാനത്തിലോ ഒതുങ്ങിനില്ക്കുവാനേ സാധ്യത കാണുന്നുള്ളു. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തുന്നതിനു മുമ്പ് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ച രണ്ടുകോടി തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം ഇന്നും പാലിക്കപ്പെട്ടിട്ടില്ല.


ഇതുകൂടി വായിക്കൂ:  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍


സർക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്തിയാൽതന്നെ പ്രശ്നത്തിന്റെ കാഠിന്യം നേരിയതോതിൽ ലഘൂകരിക്കാനെങ്കിലും കഴിയുമായിരുന്നു. ഇതിനുമപ്പുറം സർക്കാർതന്നെ ഏറ്റവും വലിയ തൊഴിൽ ദാതാവായി രംഗത്തുവന്നേ മതിയാകൂ. ഈ അവസരത്തിൽ മുൻ യുപിഎ ഭരണകാലയളവിൽ തുടക്കം കുറിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി നഗരമേഖലയിലെ തൊഴിൽരഹിതർക്കും നടപ്പാക്കുന്ന കാര്യമെങ്കിലും അടിയന്തരമായി മുൻകയ്യെടുക്കേണ്ടത് കേന്ദ്ര സർക്കാർ തന്നെയാണ്.
കേന്ദ്ര സ്ഥിതിവിവര കണക്കും പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട മന്ത്രാലയം തൊഴിലുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് 2022 ജൂൺ 14നാണ് പുറത്തുവിട്ടത്. 2020 — 2021 ജൂൺ കാലയളവിൽ നടത്തിയ പീര്യോഡിക്ക് ലേബർ ഫോഴ്സ് സർവേ (പിഎൻഎഫ്എസ്) അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ആദ്യ ലോക്ഡൗൺ കാലഘട്ടവുമായി ബന്ധപ്പെട്ടൊരു പഠനമായിരുന്നു ഇതെങ്കിലും 2019–20നും 2020–21നും ഇടയ്ക്ക് തൊഴിലില്ലായ്മയിൽ രേഖപ്പെടുത്തിയത് 4.8ൽ നിന്നും 4.2 ശതമാനത്തിലേക്ക് ഇടിഞ്ഞു എന്നാണ്. ഗ്രാമീണ മേഖലയിലേത് 3.3 ശതമാനമായിരുന്നെങ്കിൽ നഗരമേഖലയിൽ 6.7 ശതമാനവുമായിരുന്നു ഇടിവ്. ഈ കണക്കുകൾ പ്രശ്നത്തിന്റെ യഥാർത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നില്ല. പിഎൻഎഫ്എസ് വഴിയുള്ള കണക്കെടുപ്പ് പൊതുസ്വഭാവത്തോടെയുള്ളതായിരുന്നില്ലെന്നതാണ് പ്രശ്നം. ലോക്ഡൗണിന് മുമ്പും അതിനു ശേഷവുമുള്ള വ്യത്യാസങ്ങൾ കൃത്യമായി കണക്കിലെടുത്തുള്ള സർവേയുമായിരുന്നില്ല ഇത്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റ് ചെയർമാൻ ഡോ. എസ് ഇരുദയ രാജൻ ആധികാരികതയോടെ ചൂണ്ടിക്കാട്ടുന്നത് പിഎൻഎഫ്എസ് വഴിയുള്ള കണക്കെടുപ്പിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ പഠനം നടത്തുന്നില്ല എന്നാണ്. ‘കുടിയേറ്റം മാത്രമാണിപ്പോൾ രാജ്യത്ത് സംഭവിക്കുന്നത്. ഓരോരുത്തരും ചലിച്ചുകൊണ്ടേയിരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നും ഇതിൽ മാറ്റമുണ്ടാകുന്നില്ലെന്ന നിഗമനം സ്വീകാര്യമല്ല. ചുരുങ്ങിയത് 60 കോടി ജനങ്ങളെങ്കിലും നഗരവല്ക്കരണത്തിന്റെ സ്വാധീനത്തിൽപ്പെട്ട് കുടിയേറ്റത്തിന്റെ ഭാഗമായിട്ടുണ്ടാകാം എന്നാണ് ഡോ. ഇരുദയ രാജന്റെ നിഗമനം. കോവിഡ് വ്യാപനത്തിനുശേഷം രണ്ടാമതൊരു പഠനം നടത്തിയിരുന്നതെങ്കിൽ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തവും സുതാര്യവുമായ ഒരു രൂപം നമുക്ക് ലഭിക്കുമായിരുന്നു എന്നാണ് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് സീനിയർ റിസർച്ച് അനലിസ്റ്റ് ശ്രീധർ കുണ്ടു പറയുന്നത്. ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്കിൽ 7.3 ശതമാനം വരെ ഇടിവാണ് 2020 – 21 ൽ രേഖപ്പെടുത്തിയതെന്ന വസ്തുതകൂടി കണക്കിലെടുക്കേണ്ടതായിരുന്നു എന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും അഭിപ്രായപ്പെട്ടിക്കുന്നു.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍


നടപ്പുവർഷത്തിൽ തൊഴിലന്വേഷകരുടെ ഉയർന്ന പ്രായപരിധി 21 നുപകരം 23 ആക്കിയിരുന്നു. 2018 – 19നും 2021 — 22നും ഇടയ്ക്ക് 18 – 21 ഏജ് ഗ്രൂപ്പിലുള്ളവർക്കായുള്ള മൊത്തം തൊഴിലവസരങ്ങൾ 26 ശതമാനം ഉയർന്നതായും കാണുന്നു. അതേ അവസരത്തിൽ വ്യത്യസ്ത പ്രായമുള്ളവരുടെ വിഭാഗങ്ങളിൽപ്പെടുന്നവരുടെ മൊത്തം തൊഴിലവസര ലഭ്യതാവർധന 18 ശതമാനമായിരുന്നു എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. ഇതിന്റെ അർത്ഥം തൊഴിൽ മേഖലയിൽ കൂടുതൽ ഡിമാൻഡ് അനുഭവസമ്പത്ത് അധികമുള്ള ഉയർന്ന പ്രായക്കാരായവർക്കാണ്, യുവാക്കൾക്കല്ല എന്നതാണ്. ‘അഗ്നിപഥ്’ എന്ന പേരിൽ മോഡി സർക്കാർ ആവിഷ്കരിച്ച കബളിപ്പിക്കൽ പദ്ധതിയിൽ 46,000 തൊഴിലവസരങ്ങൾക്കായി 2022 ജൂൺ 24 വരെയായി 2,72,000 പേരാണ് അപേക്ഷിച്ചതെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാതൊരു ഗത്യന്തരമില്ലാതെയാണിതെന്നാണ് വിലയിരുത്തലുകള്‍.
സ്ഥിരം ഒഴിവുകളിൽ നിയമനം കിട്ടുന്നവർക്ക് അവർ പ്രായക്കൂടുതലുള്ളവരായാൽ അധിക കാലത്തേക്ക് സാമൂഹ്യ – ആരോഗ്യ സുരക്ഷാ ആവശ്യങ്ങൾക്കുള്ള ചെലവിന്റെ ബാധ്യത ഏറ്റെടുക്കേണ്ടിവരില്ല. ഇത് അനുഭവസമ്പത്തും സാമ്പത്തിക ബാധ്യതാക്കുറവും യുവാക്കളുടെ തൊഴിലവസരങ്ങളിൽ കുറവുവരുത്താൻ ഇടയാക്കുന്നു. കേന്ദ്ര സർക്കാരായാലും സംസ്ഥാനങ്ങളായാലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കുള്ള സംഘടിതമേഖലകളിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിൽ ഏറെക്കാലമായി വൈമുഖ്യമാണ് പ്രകടമാക്കുന്നത്. ബാങ്കിങ് സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (ബിഎസ്ആർബി) എന്നൊരു സംവിധാനവും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് സംവിധാനവും കേന്ദ്ര സർക്കാർ മാത്രമല്ല, കേരളം അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഒരു പരിധിവരെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ബിഎസ്ആർബി എന്നൊരു ഏജൻസിതന്നെ നിലവിലില്ലാതായിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.


ഇതുകൂടി വായിക്കൂ: തൊഴിലെവിടെ? തൊഴിൽ നൈപുണ്യം എവിടെ?


ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന വിവരം, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകളിൽ 4299 എണ്ണം അടച്ചുപൂട്ടുകയും 13,000 ജീവനക്കാരെ കുറച്ചെന്നുമാണ്. ശാഖകളുടെ എണ്ണം കുറയാൻ ലയനവും കാരണമായിട്ടുണ്ട്. വിരമിക്കുന്നവരുടെ തസ്തികകളിൽ പുതിയ നിയമനവും നടത്തുന്നില്ലെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ മേഖലയിലുള്ള ഒഴിവുകൾക്കായി കേന്ദ്ര പബ്ലിക് സർവീസ് കമ്മിഷന്റെ വിജ്ഞാപനവും സംസ്ഥാന പിഎസ്‌സിയുടെ വിജ്ഞാപനവും സമാനമാണ്. അതേസമയം നേരിട്ടുള്ള നിയമനങ്ങൾക്കു പകരം താല്ക്കാലികാടിസ്ഥാനത്തിലുള്ള പിൻവാതിൽ നിയമനങ്ങളും. ഇത്തരം നയങ്ങളുടെ ആഘാതം അന്തിമ വിശകലനത്തിൽ ചെന്നെത്തുക അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനായിരിക്കും എന്നതിൽ സംശയമില്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ കൂടിയാണ് മതിയായ വരുമാനമോ മറ്റാനുകൂല്യങ്ങളോ സർവീസിൽ തുടരുമ്പോഴും വിരമിച്ചതിനു ശേഷവും ലഭ്യമല്ലെന്ന് ഉറപ്പായിട്ടുകൂടി ‘അഗ്നിപഥ്’ എന്ന മാന്ത്രിക തൊഴിൽദാന പദ്ധതിയിൽ ചേരുന്നതിനായി ഇത്രയേറെ യുവാക്കൾ രംഗത്തുവന്നിരിക്കുന്നതെന്നും തിരിച്ചറിയാതിരിക്കരുത്. ഈ പദ്ധതിയും ഏതുതരത്തിൽ നോക്കിയാലും പുതിയ തലമുറക്ക് നീതി നിഷേധിക്കുന്നതിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.