12 December 2025, Friday

Related news

December 8, 2025
November 30, 2025
November 6, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025
October 24, 2025
October 24, 2025

സ്കൂള്‍ സുരക്ഷക്കായി വിദ്യാഭ്യാസ വകുപ്പ് ചെക്ക് ലിസ്റ്റ് തയ്യാറാക്കി; മൂന്നാഴ്ചക്കകം സേഫ്റ്റി ഗ്യാപ്പ് റിപ്പോര്‍ട്ട് നല്‍കണം

Janayugom Webdesk
തിരുവനന്തപുരം
July 26, 2025 9:12 pm

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എം മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ചെക്ക് ലിസ്റ്റ് തയ്യാറാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കിയാണ് വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 29 ന് മുമ്പായി എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി, എഡി ബിആർസി വഴി സ്കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ടും തയ്യാറാക്കും.

50 കാര്യങ്ങളാണ് ചെക്ക് ലിസ്റ്റിലുള്ളത്. 2025–26 ലെ ഫിറ്റ്നസ് ലഭ്യമായിട്ടുണ്ടോ, താല്ക്കാലിക ഫിറ്റ്നസ് ആണോ ലഭ്യമായിട്ടുള്ളത്, സ്കൂള്‍ പരിസരത്തെ കടകളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍, നിരോധിത ഉല്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടോ, ആന്റിവെനം പരിചരണം ഉടനടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ, സമഗ്ര സുരക്ഷാ ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ, വന അതിര്‍ത്തി പങ്കിടുന്ന സ്കൂളില്‍ വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനും കുട്ടികള്‍ വന അതിര്‍ത്തിയിലൂടെ പോകേണ്ടി വരുന്ന പക്ഷം അടിക്കാടുകള്‍ വെട്ടിമാറ്റുന്നതിനും വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ, അത് നടപ്പിലാക്കിയിട്ടുണ്ടോ, സ്കൂള്‍ ബസുകളില്‍ ഫിറ്റ്നസ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ വാലിഡ് ആണോ എന്ന് പരിശോധിച്ചിട്ടുണ്ടോ, തകരാറിലായ ഇലക്ട്രിക് സാമഗ്രികള്‍ ഉണ്ടോ, ഉപയോഗിക്കാതെ കിടക്കുന്ന പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക് കണക്ഷന്‍സ് വിച്ഛേദിച്ചിട്ടുണ്ടോ, വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈന്‍, സ്റ്റേ വെയര്‍ എന്നിവ സുരക്ഷിതമായാണോ സ്ഥാപിച്ചിരിക്കുന്നത്, ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് സുരക്ഷാ വേലിയുണ്ടോ, അപകട സാധ്യതയുള്ള മതിലുകള്‍, ചുമരുകള്‍, സൈക്കിള്‍ ഷെഡ്, പാചകപ്പുര, മൂത്രപ്പുര തുടങ്ങിയവ ഉണ്ടോ, ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടോ, സ്കൂളിനും പരിസരത്തും അപകടകരമായ രീതിയില്‍ മരങ്ങളോ മരച്ചില്ലകളോ ഉണ്ടോ, ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിയിരിക്കാവുന്ന തരത്തില്‍ ദ്വാരങ്ങള്‍ ഉണ്ടോ, സ്കൂള്‍ കെട്ടിടങ്ങളുടെ ഭിത്തി, തറ സുരക്ഷിതമാണോ, സ്കൂളിനും പരിസരത്തും അപകടകരമായ രീതിയില്‍ മരങ്ങളോ മരച്ചില്ലകളോ ഉണ്ടോ, സ്കൂള്‍ സമീപത്തുള്ള വെള്ളക്കെട്ട്, കുഴല്‍ കിണര്‍ എന്നിവ സുരക്ഷിതമാണോ തുടങ്ങിയവയാണ് ചെക്ക് ലിസ്റ്റിലെ പ്രാധാന ചോദ്യങ്ങള്‍. 

സമ്പൂർണ പ്ലസിൽ സ്കൂൾ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതിൽ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യുഐപി ഡിഡി മാർക്ക് നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ ഒരു സേഫ്റ്റി സെൽ രൂപീകരിച്ചു. പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ ഒരു വാട്ട്സ് ആപ്പ് നമ്പർ രജിസ്റ്റർ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും. പിറ്റിഎ, കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ അറിയിക്കാം. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ 31 ന് ഉന്നതതല യോഗം ചേരും. ഓഗസ്റ്റ് ഏഴിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.