22 December 2024, Sunday
KSFE Galaxy Chits Banner 2

ഒരേ സ്വഭാവമുള്ള വകുപ്പുകള്‍ ഇനി ഒരു വകുപ്പിന് കീഴില്‍: സുതാര്യ സേവനം വേഗത്തില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
January 1, 2022 7:56 pm

ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീര്‍ക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നിലവിൽ വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജന്‍സികളുമായി പരന്നുകിടക്കുകയാണ്‌. വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ പുനര്‍വിന്യാസം സംബന്ധിച്ചും ഓഫീസുകളുടെ ഭരണനിര്‍വഹണ ഉത്തരവാദിത്തങ്ങള്‍ നിശ്ചയിക്കാനും ഉദ്യോഗസ്ഥരെ ഒറ്റവകുപ്പിന് കീഴില്‍ സജ്ജരാക്കുന്നതിനുമായി കൊട്ടാരക്കര സിഎച്ച്ആര്‍ഡിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നഗരകാര്യത്തിനും എൻജിനിയറിങിനും നഗരഗ്രാമാസൂത്രണത്തിനും വ്യത്യസ്ത വകുപ്പുകളും ജില്ലാ പഞ്ചായത്തുകള്‍ക്ക് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഓരോ തുരുത്തുകളിലെന്ന പോലെ വ്യത്യസ്ത വകുപ്പുകള്‍ നിലനില്‍ക്കുന്നത് ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനും പല തടസ്സങ്ങളുമുണ്ടാക്കുന്നുണ്ട്. താഴെ തലം മുതല്‍ സെക്രട്ടറിയറ്റ് വരെ ശക്തമായ പിന്തുണാസംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തില്‍ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹാര്‍ദ്ദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനും വകുപ്പ് സംയോജനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വകുപ്പ് ഏകീകരണം നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരിമാസം മൂന്നാം വാരത്തില്‍ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനവും സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെടും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍സിന്റെ പി എസ് സി പരിശോധന ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. അടുത്തുതന്നെ അത് സംബന്ധിച്ച അംഗീകാരം പി എസ് സി യില്‍ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വിശദീകരിച്ചു.

Eng­lish Sum­ma­ry: Depart­ments of the same nature are now under one cat­e­go­ry: Min­is­ter MV Govin­dan says trans­paren­cy ser­vice will be available

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.