17 September 2024, Tuesday
KSFE Galaxy Chits Banner 2

ഗ്രാമീണ ആരോഗ്യമേഖലാ ശോച്യാവസ്ഥ ഗൗരവത്തിലെടുക്കണം

Janayugom Webdesk
September 12, 2024 5:00 am

പുതിയകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് ആരോഗ്യ പരിചരണ രംഗത്താണെന്ന് ലോകാരോഗ്യ സംഘടന ഇടവേളകളില്ലാതെ മുന്നറിയിപ്പ് നൽകി വരുന്നുണ്ട്. പിടിച്ചുകെട്ടി എന്ന് കരുതപ്പെടുന്ന പകർച്ചവ്യാധികളും പുതിയ ഇനം വൈറസുകളും മാനവരാശിക്ക് ഭീഷണിയായി രംഗപ്രവേശം ചെയ്യുമ്പോൾ സർക്കാരുകൾ കാട്ടുന്ന അലംഭാവം വലിയ വിപത്താകുമെന്ന് ആരോഗ്യ വിദഗ്ധരും ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ ഈ രംഗത്തോട് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കാട്ടുന്ന കടുത്ത അലംഭാവം വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ 2023–24 റിപ്പോർട്ട്. കേന്ദ്ര സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം വർധിപ്പിക്കാതിരിക്കുമ്പോഴും നീക്കിവയ്ക്കുന്ന തുക പോലും ചെലവഴിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ മാസമായിരുന്നു. ലോകവും രാജ്യവും വിറങ്ങലിച്ച കോവിഡ് മഹാമാരിക്കുശേഷം രണ്ട് വർഷങ്ങളിൽ പദ്ധതിത്തുകയിൽ മൂന്ന് ശതമാനം കുറച്ചാണ് ചെലവഴിച്ചതെന്നായിരുന്നു വാർത്ത. കഴിഞ്ഞ സമ്പത്തിക വർഷം 8,550.21 കോടി രൂപ വിനിയോഗിച്ചില്ല. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ആരോഗ്യ കേന്ദ്ര (സിഎച്ച്സി) ങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഗണ്യമായ കുറവുണ്ടെന്ന വെളിപ്പെടുത്തൽ. ജനസംഖ്യാ വർധനയും പുതിയ രോഗങ്ങളുടെ കടന്നുവരവും അടിസ്ഥാനമാക്കി ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന നിർദേശം നിലനിൽക്കേയാണ് ഈ പരിമിതി പ്രകടമായിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സിഎച്ച്സികളുടെ പ്രവർത്തനം ദയനീയമാണെന്നാണ് റിപ്പോർട്ടിലുള്ളത്. 

കേരളത്തിൽ ആരോഗ്യ പരിപാലനരംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ പ്രകീർത്തിക്കപ്പെട്ടതാണ്. അതനുസരിച്ച് സ്റ്റാഫ് പാറ്റേണിൽ കാലാനുസൃതമായ പരിഷ്കരണം വരുത്തുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നൽകിയ മറുപടി അനുസരിച്ച് 2016 മുതൽ 2,721 അധിക തസ്തികകൾ ആരോഗ്യവകുപ്പിൽ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്ഥാപനങ്ങളുടെ പദവി ഉയർത്തലിന്റെ ഭാഗമായി 1,004 തസ്തികകളും ചേർത്ത് 3,725 തസ്തികകൾ പുതിയതായി ഉണ്ടാക്കി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനുശേഷം മെഡിക്കൽ കോളജുകളുടെ സൗകര്യവർധനയുടെ ഭാഗമായി 4,641 തസ്തികകളും സൃഷ്ടിച്ചു. ഇതിൽ മഹാഭൂരിപക്ഷവും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടേതുമായിരുന്നു. ഇതുകൂടാതെ ദേശീയ ആരോഗ്യ ദൗത്യം, ആശുപത്രി നടത്തിപ്പുകാരായ തദ്ദേശ സ്ഥാപനങ്ങൾ, എംപ്ലോയ്‌മ‌െ ന്റ് എക്സ്ചേഞ്ചുകൾ വഴി താൽക്കാലിക, കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളും നടത്തുന്നുണ്ട്. ഈ വിധത്തിൽ ഗ്രാമീണ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്പെഷ്യാലിറ്റി വിഭാഗത്തിൽ മനുഷ്യവിഭവശേഷിയുടെ കുറവുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

കോവിഡ് കാലത്താണ് ഇതര സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടപ്പെട്ടത്. മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാൽ മാത്രം ആയിരക്കണക്കിനാളുകൾ ആ നാളുകളിൽ മരിച്ചുവീണു. കേന്ദ്ര സർക്കാർ മറച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും കുന്നുകൂടിയ മൃതദേഹങ്ങളും കൂട്ട സംസ്കാരങ്ങളും നാം അക്കാലത്താണ് കണ്ടത്. അതിൽ നിന്ന് പാഠമുൾക്കൊണ്ടില്ലെന്നാണ് ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ 2023–24 റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ 757 ജില്ലകളിലായി 5,491 ഗ്രാമീണ സിഎച്ച്സികളുള്ളതിൽ 2023 മാർച്ചിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ 21,964 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ 4,413 മാത്രമേ നിലവിലുള്ളൂ. 17,551 (79.9 ശതമാനം) സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കുറവാണിത്. മധ്യപ്രദേശിൽ 1,328ൽ 1,261 (94), ബിഹാറിൽ 1,096ൽ 887 (80.9), ഉത്തർപ്രദേശിൽ 1,388ൽ 1,314 (94.4), രാജസ്ഥാനിൽ 2,600ൽ 2,090 (80.30), ഗുജറാത്തിൽ 1,400ൽ 1,234 (88.1) തമിഴ്‌നാട്ടിൽ 1540ൽ 1313 (85.2 ശതമാനം) സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. അതേസമയം നഗരപ്രദേശങ്ങളിലെ 868 സിഎച്ച്സികളിൽ സ്പെഷ്യലിസ്റ്റുകളുടെ ലഭ്യത 56 ശതമാനമാണെന്നാണ് റിപ്പോർട്ടിലുള്ളത്. നഗരങ്ങളിൽ ആകെയുള്ള 3,472ൽ 1,563 തസ്തികകളാണ് ഒഴിവുള്ളത്. നഗര മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 6,528 മെഡിക്കൽ ഓഫിസർമാർ വേണ്ടിടത്ത് 271 ഒഴിവുകൾ മാത്രമേയുള്ളൂ എന്നതും ശ്രദ്ധിക്കണം. ഇതിൽനിന്നുതന്നെ ഗ്രാമീണ മേഖല നേരിടുന്ന പ്രശ്നം വ്യക്തമാണ്. അതേസമയം നഗര കേന്ദ്രീകൃത സർക്കാർ‑സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ വർധന കാരണം സ്പെഷ്യാലിറ്റി ഡോക്ടർമാർ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്നതിന് വിമുഖത കാട്ടുന്നുവെന്നാണ് ഇതിനുള്ള കാരണമായി പറയപ്പെടുന്നത്. നിയമപരമായ നിർബന്ധംകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടുത്തി ഗ്രാമീണ മേഖലയിൽക്കൂടി ജോലിയെടുക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾ ഡോക്ടർമാരുടെ സംഘടനകളുടെ ഭാഗത്തുനിന്നുമാണ് ഉണ്ടാകേണ്ടത്. എന്നിരുന്നാലും ജനസംഖ്യയിലെ മഹാഭൂരിപക്ഷം ഇപ്പോഴും അധിവസിക്കുന്നതും ആശ്രയിക്കുന്നതുമായ ഗ്രാമീണ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങളും മതിയായ മനുഷ്യ വിഭവശേഷിയും ഒരുക്കേണ്ടത് സർക്കാരുകളുടെ ബാധ്യത തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.