വ്യവസായ കേരളത്തിനുള്ള അവസരവും നിക്ഷേപ സാധ്യതയും തുറന്ന് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കം. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ദേശീയ, അന്തർദേശീയ തലങ്ങളിൽ ഏറെ അംഗീകാരം നേടിയിട്ടുള്ള സന്ദർഭത്തിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി അക്ഷരാർത്ഥത്തിൽ നാടിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള സർക്കാര്‍ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയായി.
വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഉച്ചകോടി കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതി പ്രഖ്യാപനത്തിന്റെ വേദികൂടിയാകുന്നു. രാഷ്ട്രീയ ഭിന്നതകളില്ലാതെ കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങള്‍ക്ക് പൂർണ പിന്തുണയാണ് കേന്ദ്ര മന്ത്രിമാർ വാഗ്‌ദാനം നൽകിയത്. പ്രതിപക്ഷത്തിന്റെ പരിപൂർണമായ സഹകരണവും ഊർജം പകർന്നു. എറണാകുളം ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് കൂടുതൽ വ്യവസായ സംരംഭകരെ സ്വാഗതം ചെയ്തു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനിൽ പങ്കെടുത്ത് സംസാരിക്കവെ പ്രസ്താവിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരില്‍ മികച്ച ടൂറിസം കേന്ദ്രമായി കേരളം പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ‘വ്യവസായങ്ങളുടെ സ്വര്‍ഗ’മായി കേരളം മാറിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിക്കാതെ, കേരളത്തെ സാമ്പത്തിക അഭിവൃദ്ധിയുടെയും വ്യാവസായിക മികവിന്റെയും ഭാവിയിലേക്ക് നയിക്കുക എന്നതാണ് കൂട്ടായ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കേരളം അതിന്റെ ശക്തിമേഖലകളിലൂടെ ‘ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായി’ മാറിയിരിക്കുന്നുവെന്ന് നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അദ്ബുള്ള ബിന്‍ തൗക് അല്‍ മാരി അഭിപ്രായപ്പെട്ടു.
ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ടെന്ന് ബഹ്റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രു വ്യക്തമാക്കി.
ജര്‍മ്മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ ആറ് രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ കണ്‍ട്രി പങ്കാളികളാണ്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കളും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 28 പ്രത്യേക സെഷനുകളും 3000 പ്രതിനിധികളും സജീവമായി ഭാഗമായിട്ടുണ്ട്.
എഐ ആന്റ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്റ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്റ് പാക്കേജിങ്, ഫാര്‍മ‑മെഡിക്കല്‍ ഉപകരണങ്ങള്‍— ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്ടെക്, മൂല്യവര്‍ധിത റബര്‍ ഉല്പന്നങ്ങള്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്കരണം നിയന്ത്രണം എന്നിവയാണ് ഇന്‍വെസ്റ്റ് കേരളയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുള്ള മേഖലകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.