21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 4, 2023
February 4, 2023
February 4, 2023
February 4, 2023
February 3, 2023

വികസനവും ക്ഷേമവും വിഭവസമാഹരണവും

Janayugom Webdesk
February 4, 2023 5:00 am

കേന്ദ്ര നയങ്ങള്‍ സൃഷ്ടിക്കുന്ന വലിയ സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. എങ്കിലും പുതിയ പദ്ധതികളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കുമുള്ള വിഹിതത്തില്‍ വര്‍ധന വരുത്തിയും തയ്യാറാക്കിയ ബജറ്റ് സംസ്ഥാന വികസനത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്നതിന് സഹായകമാകുന്നതാണ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രതികൂല സാഹചര്യത്തിലും കേരളം മുന്നേറിയതിന്റെ ചിത്രമാണ് വരച്ചിട്ടത്. വരാനിരിക്കുന്ന നാളുകള്‍ പ്രതിസന്ധി നിറഞ്ഞതായേക്കുമെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിയും അത്തരം മേഖലകള്‍ക്ക് മുന്‍ഗണന നല്കിയുമാണ് ബജറ്റെന്നത് ശ്രദ്ധേയമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും കേന്ദ്ര നയങ്ങളുടെ ഫലമായും രാജ്യമാകെ വന്‍ വിലക്കയറ്റത്തിന്റെ പിടിയിലാണിപ്പോള്‍. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അതിന്റെ പ്രത്യാഘാതം വലിയതോതില്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും കടുത്ത ആഘാതം ഏല്ക്കേണ്ടി വരാത്തത് കേരളത്തിലെ വിപണിയിടപെടലും മെച്ചപ്പെട്ട പൊതുവിതരണ സംവിധാനവും തന്നെയാണ്. പുതിയ ബജറ്റില്‍ 2,000 കോടി രൂപയാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ കേരളത്തെ സംബന്ധിച്ച് നാളികേരത്തിന് വലിയ പ്രാധാന്യമുണ്ട്. തേങ്ങയുടെ സംഭരണ വില 32ല്‍ നിന്ന് 34 രൂപയായി ഉയർത്തിയതും നെല്‍കൃഷി വികസനത്തിനുള്ള വിഹിതം 76ല്‍ നിന്ന് 95.10 കോടിയാക്കിയതും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ്. റബ്ബർ വിലയിടിവ് തടയുന്നതിന് സബ്സിഡി വിഹിതമായി 600, കയർ ഉല്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38, കശുവണ്ടി മേഖലാ പുനരുജ്ജീവനത്തിനായി 30, കാഷ്യൂ ബോർഡിന് റിവോൾവിങ് ഫണ്ടായി 43.55, അതിദാരിദ്ര്യ ലഘൂകരണത്തിന് 50 കോടി വീതം അനുവദിച്ചത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നപരിഹാരത്തിന് ഉപകാരപ്രദമാണ്.


ഇതുകൂടി വായിക്കൂ: ബജറ്റ് പ്രസംഗം; കേരളത്തിന് വീണ്ടും നിരാശ 


ആഭ്യന്തരോല്പാദനവും തൊഴിൽ/സംരംഭക/നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനുമായി മേക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കുമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ ഇറക്കുമതി, ആഭ്യന്തരോല്പാദന സാധ്യതകളെ ഉപയോഗിച്ചുള്ള കുതിപ്പ് ലക്ഷ്യം വച്ചുള്ളതാണിത്. ഇറക്കുമതി ചെയ്യുന്നവയില്‍ ഇവിടെ ഉല്പാദിപ്പിക്കുവാന്‍ സാധിക്കുന്നതുസംബന്ധിച്ച് പഠനം നടത്തുകയും അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുക, കാര്‍ഷിക — മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ ഉറപ്പാക്കുക, സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്തുന്നതിനായി പലിശയിളവുള്‍പ്പെടെ സഹായങ്ങള്‍ അനുവദിക്കുക തുടങ്ങിയവയാണ് മേക്ക് ഇന്‍ കേരളയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഉല്പാദനം, തൊഴില്‍ എന്നിവയുടെ വര്‍ധനയ്ക്ക് സഹായകമാകുന്ന പദ്ധതിയാണ് മേക്ക് ഇന്‍ കേരള. 100 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. സംരംഭകവര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000 എന്ന പ്രഖ്യാപനം സംരംഭക മേഖലയ്ക്ക് ഊര്‍ജദായകമാണ്. നിലവിലുള്ള സംരംഭങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 1000 സംരംഭങ്ങള്‍ക്ക് നാലുവര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള പാക്കേജാണിത്. കൂടുതല്‍ ക്ഷേമ — വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് ധനസഹായം നല്കുന്നതിന് 100 കോടി രൂപ, പ്രവാസികളായ യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്തുന്നതിനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട്, ടൂറിസം ഇടനാഴികളുടെ വികസനത്തിനായി 50 കോടി, അതിദാരിദ്ര്യ ലഘൂകരണത്തിന് 50 കോടി തുടങ്ങിയവയെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തെയും വികസന മുന്നേറ്റത്തെയും ശക്തിപ്പെടുത്തുന്നവയാണ്.


ഇതുകൂടി വായിക്കൂ: കേന്ദ്രബജറ്റ് പൂര്‍ണപരാജയം: സിപിഐ


സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലല്ലെങ്കിലും കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതും വായ്പാ പരിധി ക്രമീകരിച്ചതും വരുമാനത്തില്‍ ഉണ്ടാക്കിയ കുറവ് ധനമന്ത്രി ബജറ്റിന്റെ ആമുഖത്തില്‍തന്നെ വിശദീകരിച്ചിരുന്നു. 3.875 ശതമാനമായിരുന്ന സംസ്ഥാന വിഹിതം 1.925 ആയി കുറച്ചപ്പോള്‍ പതിനായിരക്കണക്കിന് കോടിയുടെ കുറവാണ് സംഭവിച്ചത്. റവന്യു കമ്മി ഗ്രാന്റില്‍ 6700 കോടി രൂപയുടെ കുറവുമുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതിന്റെ ഫലമായി 7,000, പൊതുഅക്കൗണ്ട് കടബാധ്യതയായി മാറ്റിയ കേന്ദ്ര നയം കാരണം 10,000 കോടി, കിഫ്ബി പോലുള്ള പദ്ധതി വായ്പ പൊതുവായ്പയായി ക്രമീകരിക്കുക വഴി 3,100, വിപണിയില്‍ നിന്നുള്ള കടമെടുപ്പ് പരിധി കുറച്ചതുവഴി 4,000 കോടി രൂപ വീതം വരുമാനക്കുറവുണ്ടാക്കി. കേന്ദ്രത്തിന്റെ ഈ ദ്രോഹനയങ്ങള്‍ നില്ക്കുമ്പോഴും ജനക്ഷേമ — വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെയും കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ചും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയാണ് സംസ്ഥാന ബജറ്റ് മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ അധിക വിഭവസമാഹരണത്തിനുള്ള ചില നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവ എല്ലാ ജനവിഭാഗങ്ങള്‍ക്കും അധികബാധ്യത ആകാതിരിക്കുവാന്‍ ശ്രദ്ധിച്ചുവെന്നതാണ് ബജറ്റിന്റെ മറ്റൊരു പ്രത്യേകത.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.