27 April 2024, Saturday

Related news

April 17, 2024
March 31, 2024
March 14, 2024
March 9, 2024
March 9, 2024
March 6, 2024
March 4, 2024
March 2, 2024
February 24, 2024
February 23, 2024

സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും; ബജറ്റ് ഒറ്റനോട്ടത്തില്‍

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 12:33 pm

2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.  തകരില്ല കേരളം, തളരില്ല കേരളം, തകർക്കാൻ അനുവദിക്കുകയില്ല എന്ന ശക്തമായ വികാരത്തോടുകൂടി മുന്നേറാൻ ശ്രമിക്കാമെന്ന് ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി  പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി  പറഞ്ഞു.

കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറ‌ഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം എല്‍ഡിഎഫ് സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്. ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.

കേരള ബജറ്റ് 2024–25 ഒറ്റനോട്ടത്തില്‍

1 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

 

2 റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

 

3 ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

 

4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍

6. വിളപരിപാലനത്തിന് 535.90 കോടി.

7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.

8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.

9. നാളീകേര കൃഷി വികസനത്തിന് 65 കോടി.

10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.

11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.

12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.

13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍

14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്

15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി

16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.

17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.

18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.

19. തീരദേശ വികസനത്തിന് 136.98 കോടി.

20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി

21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.

22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.

23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.

24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.

25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി

26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി

27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.

29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി

30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.

31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.

32. മനുഷ്യ‑വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.

33. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി

34. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.

35. പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.

36. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി

37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.

38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)

39. ഗ്രാമവികസനത്തിന് 1768.32 കോടി.

40. തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.

41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.

42. കുടുംബശ്രീയ്ക്ക് 265 കോടി

43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി

44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.

45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി

46. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.

47. മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.

48. എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.

49. കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം

50. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.

51. സഹകരണ മേഖലയ്ക്ക് 134.42 കോടി.

52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.

53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024–25)

54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.

55. കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി

56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.

57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.

58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.

59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം

60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.

61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി

62. കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി

63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.

64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.

65. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി

66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി

67. കയര്‍ വ്യവസായത്തിന് 107.64 കോടി

68. ഖാദി വ്യവസായത്തിന് 14.80 കോടി

69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി

70. നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.

71. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി

72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.

74. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.

75. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.

76. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി

77. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി

78. കിന്‍ഫ്രയ്ക്ക് 324.31 കോടി

79. കെല്‍ട്രോണിന് 20 കോടി

80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി

81. കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി.

82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി

83. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി

84. ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി

85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.

86. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.

87. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.

88. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.

89. റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി.

90. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.

91. ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.

92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.

93. പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.

94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.

95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി

96. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.

97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍

98. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.

99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും

100. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

തകരില്ല കേരളം; തകരില്ല കേരളം

പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി; ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ

ഗിരീഷ് അത്തിലാട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും. ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിനായി പുതുക്കിയ സ്കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരില്‍ വലിയ ആശങ്കയ്ക്ക് വഴി വച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍പരിശോധിക്കാനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎ/ഡിആര്‍ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് നിലവിലെ പേ-റോള്‍ സംവിധാനം പരിഷ്കരിക്കുന്നതിനായുള്ള സ്പാര്‍ക്ക് വേര്‍ഷന്‍ 2.0 നടപ്പിലാക്കുന്നതിന് 1.83 കോടി രൂപ നീക്കിവച്ചു.

ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് പ്ലാന്‍ ‘ആന്വിറ്റി’

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ചതിനുശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തില്‍ ഒരു പുതിയ പദ്ധതി നടപ്പിലാക്കും. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് കീഴിലാണ് ‘ആന്വിറ്റി’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രായോഗികമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് വകുപ്പ് പഠനം നടത്തും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ജീവന്‍രക്ഷാ പദ്ധതിക്ക് പുറമെയാണിത്.

മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ വേഗത്തില്‍ വികസിപ്പിക്കും. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024–25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യമേഖലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുകയനുവദിച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പെടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. വിദ്യാലയങ്ങളില്‍ ‘സ്‌കൂള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രോഗ്രാം’ എന്ന പുതിയ പദ്ധതിക്ക് 3.10 കോടി അനുവദിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി. 2024–25 വര്‍ഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി 678.54 കോടി അനുവദിച്ചു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുവനന്തപുരം, കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് തിരുവനന്തപുരം, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടിയും സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് 29 കോടിയും അനുവദിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി 21.08 കോടി അനുവദിച്ചു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് തുക നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കായി ആരോഗ്യ സുരക്ഷാ ഫണ്ട്

സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് തുകകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കായി സര്‍ക്കാര്‍ ഒരു റെമിറ്റന്‍സ് അക്കൗണ്ട് സംവിധാനം ഒരുക്കും. നിലവില്‍ ഇത്തരം ഒരു സംവിധാനം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിലവിലില്ല.ആശുപത്രികളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ തുകകള്‍ നല്‍കാന്‍ സന്തോഷത്തോടെ മുന്നോട്ട് വരുന്നവര്‍ക്ക് വേണ്ടിയാണ് ഈ റെമിറ്റന്‍സ് അക്കൗണ്ട്.

ഗതാഗത മേഖലയ്ക്ക് 1,976 കോടി

എം കെ ഹരിലാല്‍

ഗതാഗത മേഖല വികസനത്തിന് സമഗ്ര നടപടികള്‍ സ്വീകരിച്ച് സംസ്ഥാന ബജറ്റ്. ഗതാ​ഗത മേഖലയുടെ സമ​ഗ്രവികസനത്തിനായി 1,976 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ വികസനം ത്വരിത​ഗതിയിലാക്കും. 1000 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പാതകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടി രൂപയും ജില്ലാ റോഡുകളുടെ വികസനങ്ങള്‍ക്കായി 288.27 രൂപയും ബജറ്റില്‍ അനുവദിച്ചു.

കേരള സംസ്ഥാന ഗതാഗത പദ്ധതി (കെഎസ്‍ടിപി) രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ മാറ്റിവച്ചു. വിവിധ പ്രവർത്തനങ്ങൾക്കായി കെഎസ്ആര്‍ടിസിക്ക് പദ്ധതിയിനത്തിൽ 128.54 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. പഴയബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലിറങ്ങും. കൂടുതൽ പരിസ്ഥിതി സൗഹൃദമായ ബിഎസ്-6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിനായി 92 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. ഇതിനുപുറമെ, മോട്ടോര്‍ വാഹനവകുപ്പിനായി 35.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഉൾനാടൻ ജലഗതാഗത മേഖലയ്ക്ക് ആകെ 130.32 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വകുപ്പിനായി വകയിരുത്തിയിട്ടുള്ള തുകയിൽ 22.30 കോടി രൂപ ഉയർന്ന സുരക്ഷയും ഇന്ധനക്ഷമതയുമുള്ള പുതിയ ഗതാഗത ബോട്ടുകൾ വാങ്ങുന്നതിനും ഫെറി സർവീസുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിതമാണ്. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായൽ ടൂറിസം പദ്ധതിക്ക് രണ്ട് സോളാർ ബോട്ടുകൾ വാങ്ങുന്നതിന് അഞ്ച് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ദേശീയ ജലപാത മൂന്ന് മായി ബന്ധിപ്പിക്കുന്ന ഫീഡർ കനാലുകളുടെ നിർമ്മാണത്തിനായി നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി 23 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

കൊച്ചി മെട്രോ രണ്ടാംഘട്ടം; 239 കോടി

കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 239 കോടിരൂപ. പ്രവർത്തനങ്ങൾ വിദേശ വായ്പാ സഹായത്തോടെ നടപ്പിലാക്കും. വിദേശവായ്പ സഹായത്തോടെ കൊച്ചിയില്‍ സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും. ഇതിനായി 150 കോടി രൂപ അനുവദിച്ചു. മെട്രോ സ്റ്റേഷനുകളിൽ അനായാസ പ്രവേശനം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള മോട്ടോർ‑ഇതര ഗതാഗത പദ്ധതി നടപ്പിലാക്കും.

ലൈഫിന് വേഗം കൂടും, 1132 കോടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫിന് 1132 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീടുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള ഭവന പദ്ധതിയാണ് ലൈഫ്. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ 2023–24 വര്‍ഷത്തില്‍ നാളിതുവരെ 1,51,073 വീടുകളുടെ നിര്‍മ്മാണ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ 31,386 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1,19,687 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

ലൈഫ് പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 2024 മാര്‍ച്ച് 31നകം 4,25,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും 2025 മാര്‍ച്ച് 31 നകം ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നാളിതുവരെ ലൈഫ് ഭവന പദ്ധതിക്കായി ആകെ 17,104.87 കോടി രൂപ ചെലവഴിച്ചു. 2023–24 വര്‍ഷം ഇതുവരെ 1966.36 കോടി രൂപ ചെലവഴിച്ചു. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 10000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള ബജറ്റ് വിഹിതത്തിന് പുറമേ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ദീര്‍ഘകാല വായ്പാ പദ്ധതി ഉപയോഗിച്ച് വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

കുടുംബശ്രീക്ക് കെ ലിഫ്റ്റ്

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച ‘തിരികെ സ്കൂളിൽ’ എന്ന ബൃഹത് ക്യാമ്പയിനിന്റെ ഊർജം ഉൾക്കൊണ്ടുകൊണ്ട് കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇന്‍ഷിയേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (കെ ലിഫ്റ്റ് ) എന്ന പേരിൽ പ്രത്യേക ഉപജീവന പദ്ധതി സംഘടിപ്പിക്കും. ഒരു വർഷം കൊണ്ട് മൂന്ന് ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം ഉറപ്പുവരുത്തി, അവരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ‑പൊതുമേഖല സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ, വിവിധ വായ്പാ പദ്ധതികൾ ഉൾപ്പെടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. ഈ പദ്ധതി, കുടുംബശ്രീയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനും, കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഉതകുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.

സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്കായുള്ള ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കി ബജറ്റ്. നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപയും, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും വകയിരുത്തി. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി, സംസ്ഥാനത്തെ 1012 സ്കൂളുകള്‍ മുഖേന നടപ്പിലാക്കിവരുന്ന സൈക്കോ-സോഷ്യല്‍ സര്‍വീസസ് പദ്ധതിക്കായി 51 കോടി രൂപ വകയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മോഡല്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടികളും നിര്‍മ്മിക്കുന്നതിനായി 10 കോടി രൂപയും, കുട്ടികളുടെ സംരക്ഷണവും വികാസവും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന ‘ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിക്കായി 13 കോടി രൂപയും വകയിരുത്തി.

ജെന്‍ഡര്‍ പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമ്പത് കോടി രൂപ അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മോഡല്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടികളും നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ, തൊഴിലിടങ്ങളില്‍ ക്രഷുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കായി 2.20 കോടി രൂപയും വകയിരുത്തി.

കുട്ടികളുടെ സ്ഥാപനേതര പുനരധിവാസത്തിനും സംരക്ഷണത്തിനുമായി നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ എന്ന പുതിയ പദ്ധതി നടപ്പിലാക്കും. ഇതിന്റെ സംസ്ഥാന വിഹിതമായി 50 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ എണ്ണം 28ല്‍ നിന്ന് 54 ആയി വര്‍ധിപ്പിച്ചിരുന്നു. ഈ കോടതികളുടെയും പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന രണ്ട് കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി. സംയോജിത ശിശു വികസന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 194.32 കോടി വകയിരുത്തി. കേന്ദ്രവിഹിതമായി പ്രതീക്ഷിക്കുന്നത് 291.48 കോടി രൂപയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകലഭ്യത മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 10 കോടി വകയിരുത്തി. ഇതില്‍ കേന്ദ്രവിഹിതമായി 15 കോടി പ്രതീക്ഷിക്കുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ഉയര്‍ത്തി

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. പദ്ധതി വിഹിതമായി 8532 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പ്രോജക്ടിനുള്ള 180 കോടി രൂപയും ഇതിലുള്‍പ്പെടുന്നു. കൂടാതെ മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ 4131.19 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടിനത്തില്‍ 2542.27 കോടി രൂപയും നീക്കിവച്ചു. രാജ്യം റിപ്പബ്ലിക്ക് ആയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ‍2025 ജനുവരി 26-നകം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഭരണഘടനാ സാക്ഷരത കൈവരിക്കാനുള്ള പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും. ഗ്രാമവികസന മേഖലയ്ക്ക് പദ്ധതി വിഹിതമായി ആകെ 1768.32 കോടിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230.10 കോടി രൂപ വകയിരുത്തി.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) എന്ന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 84.68 കോടി രൂപയും അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി 50 കോടിയും വകയിരുത്തി. കുടുംബശ്രീക്കായി ബജറ്റില്‍ 265 കോടി രൂപ വകയിരുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് കോടി അധികമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംഎവൈ ഗ്രാമീണിന് സംസ്ഥാന വിഹിതമായി 207.92 കോടി രൂപ വകയിരുത്തി. ഹ‍ഡ്‌കോ വായ്പയുടെ ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള സഹായമായി കെയുആര്‍ഡിഎഫ‌്സിക്ക് 305.68 കോടി രൂപ വകയിരുത്തി.

അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍

സ‌്കൂള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. സ്കൂളുകൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കും. അധ്യാപകർക്ക് ആറുമാസത്തിലൊരിക്കൽ റസിഡൻഷ്യൽ പരിശീലനം നല്‍കും. ഡിഡി, ഡിഇഒ, എഇഒ, അധ്യാപകർ തുടങ്ങിയവരുടെ പെർഫോമൻസ് വിലയിരുത്തും.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി ‚സാങ്കേതിക സൗഹൃദമാക്കാൻ 27.50 കോടി, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ 5.15 കോടി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 14.80 കോടി ‚സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 33 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. സ്കൂൾ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വർധിപ്പിച്ച് 155.34 കോടി രൂപയാക്കി. ആധുനിക സാങ്കേതികവിദ്യകളെ മനസിലാക്കാനുള്ള പദ്ധതികൾക്കായി ഒരു കോടി രൂപയും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപയും വകയിരുത്തി. കൈറ്റിന്റെ പ്രവർത്തനങ്ങൾക്കായി 38.50 കോടി, ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് 10 കോടി, എസ്‌സിഇആർടിക്ക് 21 കോടി, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി, സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക് 340 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി എന്നിവ ബജറ്റില്‍ വകയിരുത്തി.

അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ്

അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. രണ്ട് ലക്ഷം രൂപ കവറേജ് ലഭിക്കത്തക്ക രീതിയിലാണ് കമ്പനി. ഇതിലേക്ക് 1.20 കോടി രൂപ വകയിരുത്തി.

ഐടി ഹബ്ബ് ആകും

ശ്യാമ രാജീവ്

മുന്‍നിര ഐടി ഹബ്ബ് ആയി മാറുന്ന കേരളത്തിന്റെ വിവര സാങ്കേതിക മേഖലയ്ക്കായി 507.14 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. കേരള സ്പേസ് പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍‍‍ഡ് വായ്പാ ഉള്‍പ്പെടെ 52.50 കോടി രൂപയും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 117. 18 കോടി രൂപയും ബജറ്റിലുണ്ട്.

അനിമേഷന്‍ , വിഷ്വല്‍ എഫക്ട്സ് , ഗെയിമിങ്, കോമിക്സ് എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിനോദ മേഖലയില്‍ പുതു സംരംഭകരെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയം ആവിഷ്കരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സഹായം നല്‍കും. കേരളത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ജൂലൈയില്‍ ഐബിഎമ്മുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 23. 51 കോടി രൂപയും ഐഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 18.95 കോടി രൂപയും വകയിരുത്തി. ടെക്നോപാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27.47 കോടി, ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.70 കോടി, സൈബര്‍ പാര്‍ക്കിനുവേണ്ടി 12.80 കോടി, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 119. 91 കോടി രൂപയും വകയിരുത്തി.

റോബോട്ടിക്സ് ഹബ്ബ്

ഉന്നത ഗവേഷണ സ്ഥാപനങ്ങളും റോബോട്ടിക്സ് കമ്പനികളുമായി ചേര്‍ന്ന് കേരളത്തെ റോബോട്ടിക്സ് ഹബ്ബാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഓഗസ്റ്റ് മാസത്തില്‍ റൗണ്ട് ടേബിള്‍ സംഘടിപ്പിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90. 52 കോടി രൂപ വകയിരുത്തി. ഇതില്‍ 20 കോടി രൂപ കളമശേരി കിന്‍ഫ്ര- ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനും 70. 52 കോടി യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്കുമാണ്.

കൃഷി വ്യാപിപ്പിക്കും, കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കും

പി എസ് രശ്‌മി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്തിയും കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. 2024–25 വാര്‍ഷിക പദ്ധതിയില്‍ 1698.30 കോടി രൂപയാണ് കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ കേരള കാലാവസ്ഥാ പ്രതിരോധ കാര്‍ഷിക മൂല്യശൃംഖല ആധുനിക വല്‍ക്കരണം (കേര)എന്ന പുതിയ പദ്ധതി ഈ വര്‍ഷം ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2365 കോടി രൂപ ഈ പദ്ധതി വഴി ചെലവിടും. സംസ്ഥാന വിഹിതം ഉള്‍പ്പെടെ 100 കോടി രൂപ ഈ വര്‍ഷം പദ്ധതിക്കായി വകയിരുത്തി.

വിളപരിപാലനത്തിന് 535.90 കോടി, ഏഴ് നെല്ലുല്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി, വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി, നാളികേര കൃഷി വികസനത്തിന് 65 കോടി എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തി. ഫലവര്‍ഗ കൃഷി വികസനത്തിന് 18.92 കോടി അനുവദിച്ചു. ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. വിളകളുടെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കേണ്ടത് അടിയന്തര ആവശ്യമായി ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. ഈ മേഖലയിലെ പുതിയ വിജ്ഞാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ് ബ്രീഡിങ് സ്ഥാപിക്കും. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ വകയിരുത്തി. വിള ആരോഗ്യപരിപാലനത്തിനായി 13 കോടി രൂപയും ഫാം യന്ത്രവല്‍ക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 16.95 കോടിയും ഫാം യന്ത്രവല്‍ക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 16.95 കോടിയും ബജറ്റിലുണ്ട്. കുട്ടനാട്ടിലെ പരമ്പരാഗത പെട്ടിയും പറയും സമ്പ്രദായത്തിന് പകരം വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പും മോട്ടോര്‍ തറയും സ്ഥാപിക്കുന്നതിനും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കുമായി 36 കോടി വകയിരുത്തിയിട്ടുണ്ട്.

കൃഷി ഉന്നതിക്ക് കീഴിലുള്ള വിവിധ സ്കീമുകളുടെ സംസ്ഥാന വിഹിതമായി 77 കോടി, കാര്‍ഷികോല്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനത്തിനായി 43.90 കോടി, ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി 42 കോടി ഉള്‍പ്പെടെ കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി,മണ്ണ് സംരക്ഷണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്കായി 83.99 കോടി എന്നിങ്ങനെയാണ് ബജറ്റിലനുവദിച്ചിട്ടുള്ളത്.

റബ്ബറിന് താങ്ങുവില 180 രൂപയാക്കി

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ചു. 170 രൂപയില്‍ നിന്ന് പത്ത് രൂപ വര്‍ധിപ്പിച്ചാണ് 180 രൂപയാക്കിയത്. താങ്ങുവില 250 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ചന്ദനകൃഷിക്ക് സര്‍ക്കാര്‍ സഹായം

സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായം ചെയ്യും. ഇതിനായി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. സ്വകാര്യഭൂമിയില്‍ നിന്നും മുറിക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി സംസ്ഥാനത്തുടനീളം കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്റെ കളക്ഷന്‍ സെന്ററുകളാക്കി മാറ്റും. ചന്ദനത്തടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച മൂല്യത്തിന്റെ 50 ശതമാനമെങ്കിലും മുന്‍കൂറായി ഉടമസ്ഥര്‍ക്ക് നല്‍കുന്നതിന് റിവോള്‍വിങ് ഫണ്ട് സൃഷ്ടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.