15 December 2025, Monday

ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!

ദേവിക
വാതിൽപ്പഴുതിലൂടെ
May 15, 2023 4:30 am

കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ചാനലുകളിലൂടെ ഒഴുകിയെത്തിയ ദിനം. അടുത്തിരുന്ന് വാര്‍ത്ത കേട്ടുകൊണ്ടിരുന്ന ഒരു കൂട്ടുകാരി ബിജെപിയുടെ തോല്‍വി സ്ഥിരീകരിച്ചുകഴിഞ്ഞപ്പോള്‍ കയ്യടിച്ചുചിരിച്ചുകൊണ്ട് പറഞ്ഞു ‘ഇയാളാരാ ചേരന്‍ ചെങ്കുട്ടുവനോ! നിങ്ങളൊക്കെ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍. ദേ, അതും പൊട്ടിച്ചിതറി. പാണ്ഡ്യ, ചോള രാജവംശങ്ങളെ തകര്‍ത്ത് സാമ്രാജ്യമുണ്ടാക്കിയ യഥാര്‍ത്ഥ വീരശൂരപരാക്രമിയായ ചേരന്‍ ചെങ്കുട്ടുവനോട് മോഡിയെ ഉപമിക്കുന്നതിലുള്ള രോഷമായിരുന്നു ആ ചങ്ങായിയുടേത്. പ്രതിവര്‍ഷം 25,000 കോടി രൂപ എന്നെക്കുറിച്ചുള്ള പി ആര്‍ വര്‍ക്കിനു താ, ഞാന്‍ മോഡിയെക്കാള്‍ വലിയ കീച്ചിപ്പാപ്പയാണെന്നു കാണിച്ചുതരാം എന്നൊരു വെല്ലുവിളിയും. ഇയാള്‍ അധികാരത്തില്‍ വന്നശേഷം ബിജെപി ബിഹാറില്‍ തോറ്റില്ലേ. കേരളത്തില്‍ തോറ്റില്ലേ, ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഝാര്‍ഖണ്ഡിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലും തെലങ്കാനയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും തോറ്റില്ലേ. ഇപ്പോള്‍ കര്‍ണാടകയിലും. എന്നിട്ടും ചോരന്‍ മോഡി, വീരന്‍ മോഡി[ ജഗതലപ്രതാപന്‍, കാര്‍ത്തവീര്യാര്‍ജ്ജനന്‍, ആലുംമൂട്ടില്‍ ചാന്നാര്‍ എന്നിങ്ങനെ ഉപമകളും…

’ പെണ്ണുങ്ങ് കത്തിക്കയറുന്നു! തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന കക്ഷിക്ക് ആത്മവിമര്‍ശനപരമായ ഓരോ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. എന്നാല്‍ ബിജെപി പ്രമാണിമാരുടെ പ്രതികരണങ്ങളാകട്ടെ തമാശകളാവുന്നു. നമ്മുടെ ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നതു നോക്കുക. ‘ഞങ്ങളെ തോല്പിച്ച കര്‍ണാടകജനതയ്ക്ക് നന്ദി, പ്രതിപക്ഷമെന്ന നിലയില്‍ ജനക്ഷേമ പ്രവര്‍ത്തനത്തിന് അവസരമുണ്ടാക്കിത്തന്ന കന്നഡിഗരേ നന്ദി!’. ടണ്‍ കണക്കിന് പൂക്കള്‍ വാരിയെറിഞ്ഞതും ഓടുന്ന വാഹനത്തിന്റെ പുറത്തുകയറി നിന്ന് മോഡി സ്റ്റണ്ട് നടത്തിയതും തോല്പിച്ചുതരണേ എന്ന് അഭ്യര്‍ത്ഥിക്കാനായിരുന്നോ. ബിജെപിയെ ജയിപ്പിച്ചില്ലെങ്കില്‍ കര്‍ണാടക കലാപഭൂമിയാകുമെന്ന് താക്കീതു നല്‍കിയതും ജനക്ഷേമ പ്രവര്‍ത്തനത്തിന് അവസരമൊപ്പിച്ചു തരാനായിരുന്നോ. അതായത് ഭരണത്തിലിരിക്കുന്നത് കട്ടുമുടിക്കാന്‍, പ്രതിപക്ഷത്തിരുന്നാലേ ജനക്ഷേമം വരൂ! മോഡിയല്ല തോല്‍വിക്ക് കാരണമെന്ന് പടിയിറങ്ങുന്ന ബിജെപി മുഖ്യമന്ത്രി ബസവരാജ ബൊമ്മെെ. അദ്ദേഹം ദേശീയ നേതാവല്ലേ, ഭരണവിരുദ്ധവികാരം മൂലമാണ് തങ്ങള്‍ തോറ്റുപോയത്. തന്റെ എരണംകെട്ട ഭരണമാണ് തോല്‍വിക്ക് കാരണമെന്ന് അദ്ദേഹത്തിന്റെ ആത്മവിമര്‍ശനവും ഭംഗിയായി.

കാര്യങ്ങള്‍ ഭംഗിയായി അറിയണമെങ്കില്‍ അത് കേന്ദ്രമന്ത്രിയും ഇന്റര്‍നാഷണല്‍ ഫിഗറുമായ വി മുരളീധരനോടു ചോദിക്കണം. ‘ഫലത്തെക്കുറിച്ച് പറയാന്‍ ഞാന്‍ കര്‍ണാടകക്കാരനല്ല, വിദേശകാര്യ മന്ത്രിയാണ്. നമീബിയയെക്കുറിച്ചോ ബുര്‍ക്കിനോഫാസോയെക്കുറിച്ചോ ചോദിക്കു മണിമണിയായി ഉത്തരം തരാ‘മെന്ന് മുരളീധരന്‍. എന്തായാലും ചില ബിജെപി നേതാക്കള്‍ അടക്കം പറയുന്നു മോഡിപ്രഭാവം കെട്ടുകഥയായി മാറുന്നുവെന്ന്. ഒരാളിന് കുറേപ്പേരെ കുറേക്കാലം കബളിപ്പിക്കാം. എല്ലാപേരേയും കുറേക്കാലം കബളിപ്പിക്കാം. പക്ഷേ എല്ലാപേരേയും എല്ലാക്കാലവും പറ്റിക്കാനാവില്ലെന്നാണ് കര്‍ണാടകം നല്‍കുന്ന പാഠമെന്ന് അവര്‍. അടുത്തുള്ളതൊന്നും കാണാതെ ബൈനോക്കുലര്‍ വച്ച് ദൂരെയുളളതു മാത്രം നോക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന മോഡിയോട് കര്‍ണാടകക്കാര്‍ ഒരു പഴഞ്ചൊല്ലു പറയുന്നു; ‘സമീപ നൊഡരേ, ദൂരെ നൊഡലും പ്രയത്നിസുവ രാജനുകളേ മരദത്തേ’. അടുത്തുള്ളതുകാണാതെ അകലെ നോക്കിയിരിക്കുന്ന രാജാവ് പാഴ്മരത്തിനു തുല്യം എന്നര്‍ത്ഥം. പാഴ്മരങ്ങളാണല്ലോ വേഗം വീഴാറ്! ഹോളിവുഡ് നടന്‍ റോബര്‍ട്ട് നീറോയ്ക്ക് 79-ാം വയസില്‍ ഒരു കുഞ്ഞു പിറന്നുവെന്ന വാര്‍ത്ത വരുന്നു. ഇതു കേട്ടപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ആര്‍ കെ ഹെഗ്ഡേയുടെ കഥയാണ് ഓര്‍മ്മവന്നത്. കേന്ദ്രമന്ത്രിയായി ഡല്‍ഹിയില്‍ വാണരുളുന്ന കാലത്ത് ഒരു നര്‍ത്തകിയുമായി അദ്ദേഹം അടുപ്പത്തിലായി. സുഹൃത്തുക്കളുമൊത്ത് ഒരു സായാഹ്ന വെടിവട്ടത്തിനിടയില്‍ 78-ാമത്തെ വയസില്‍ താന്‍ പിതാവായ കഥ അദ്ദേഹം വര്‍ണിക്കുന്നു. ഭാര്യയുടെ ലാസ്യലാവണ്യം, കുഞ്ഞിന്റെ ഓമനത്തം എന്നിങ്ങനെ എല്ലാം അലുക്കുകളിട്ട ഒരു കഥ. ഇതുകേട്ട ഒരു ചങ്ങാതി ഹെഗ്ഡേയോടു പറഞ്ഞു: ഞാനും ഇത്തരം ഒരു കഥ കേട്ടിട്ടുണ്ട്. രണ്ട് വൃദ്ധര്‍ വടിയൂന്നി സായന്തനസവാരി നടത്തുന്നു. ഇതിനിടെ പാര്‍ക്കില്‍ ഓടിനടന്ന ഒരു മുയല്‍ വൃദ്ധരുടെ മുന്നില്‍ ചത്തുമലച്ചു വീണു. താന്‍ ഊന്നുവടി വീശിയപ്പോഴാണ് മുയല്‍ ചത്തുവീണതെന്ന് ഒരു വൃദ്ധന്‍. ഉടന്‍ മറ്റേ വൃദ്ധന്‍ ചെടികള്‍ക്കിടയിലേക്ക് ചൂണ്ടി ഒരു സുന്ദരന്‍ പയ്യനെ കാണിച്ചുകൊടുത്തു. പയ്യന്റെ കയ്യില്‍ ഒരു തോക്കുമുണ്ട്. പയ്യന്‍ വെടിവച്ചിട്ടാണ് മുയല്‍ ചത്തത്. താന്‍ ഊന്നുവടി ചൂണ്ടിയാല്‍ മുയല്‍ ചാകില്ല!

 

Eng­lish Sam­mury: janayu­gom col­umn devika’s vathilppazhuthiloode

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.