15 December 2025, Monday

Related news

December 15, 2025
December 12, 2025
December 7, 2025
December 7, 2025
December 3, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025

സിനിമാലോകത്തെ ലഹരി; ടിനി ടോമിന് ധ്യാന്‍ ശ്രീനിവാസന്റെ മറുപടി

Janayugom Webdesk
May 7, 2023 1:02 pm

സിനിമാ ലോകത്തെ ലഹരിക്കഥ തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടിയായ ‘യോദ്ധാവി‘ന്റെ അംബാസഡര്‍ കൂടിയായ നടന്‍ ടിനി ടോം നടത്തിയ പ്രസ്താവനയോട് യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണത്തിനും സോഷ്യല്‍ മീഡിയയില്‍ പിന്തുണ. ‘ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കില്‍ അവന്‍ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’. ടിനി ടോമിനുള്ള ധ്യാനിന്റെ മറുപിടിയാണ് ഇപ്പോള്‍ വിവാദത്തെ ചൂടുപിടിപ്പിക്കുന്നത്.

ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ അഭിനയിക്കാന്‍ വിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍. മയക്കുമരുന്ന് ഉപയോഗിക്കുമോ എന്ന ഭയത്താലാണിതെന്നും തനിക്ക് ഒരു മകനേ ഉള്ളൂവെന്നും ടിനി ടോം പറഞ്ഞിരുന്നു. 17–18 വയസിലാണ് കുട്ടികള്‍ വഴിതെറ്റുന്നത്. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ഇതിനെതിരെയാണ് യുവാക്കള്‍ മുന്നില്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പൊലീസ് ടിനി ടോമില്‍ നിന്ന മൊഴിയെടുത്തു. നടന്‍ ബാബുരാജിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാ രംഗത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി ബാബുരാജ് പറഞ്ഞിരുന്നു. സിനിമാ സംഘടനകളുടെയും പൊലീസിന്റെയും പക്കല്‍ ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പട്ടികയുണ്ട്. ഇവര്‍ പിടിക്കപ്പെട്ടാല്‍ ആര്‍ക്കൊക്കെയാണ് ഇവര്‍ കൊണ്ടുപോകുന്നതെന്ന് പൊലീസിനോട് പറയേണ്ടിവരും. ഇങ്ങനെ ഒരിക്കല്‍ എക്സൈസിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നപ്പോള്‍ ചെന്നുനിന്നത് വലിയൊരു നടന്റെ വണ്ടിയുടെ പിറകിലാണെന്നും എഎംഎംഎയുടെ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞു. ആ വണ്ടി തുറന്നുപരിശോധിച്ചിരുന്നെങ്കില്‍ അന്നത്തോടെ മലയാള സിനിമാ വ്യവസായം തന്നെ തീരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പ്രസ്താവിച്ചു. സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് വേണ്ട. സിനിമാരംഗത്ത് ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക പൊലീസിലുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Eng­lish Sam­mury: Drug use in the film indus­try; Dhyan Srini­vasan’s Reply to Tiny Tom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.