ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ അക്രമിയുടെ ഡയറി പൊലീസ് കണ്ടെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗാണ് പൊലീസ് കണ്ടെത്തിയത്. ഒരു കുപ്പി പെട്രോള്‍, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പുസ്തകം, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ഭാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.
ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്.
അതേസമയം നോട്ടുബുക്കില്‍ പണം ചെലവഴിച്ചതിനെക്കുറിച്ച് ചിലത് കുറിച്ചിരുന്നത് പൊലീസിന് വായിച്ചെടുക്കാനായി. ചായകുടിച്ചതിനു ചെലവായതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കണ്ടെത്താനായത്. വടിവൊത്ത കൈയക്ഷരത്തിലാണ് എല്ലാം എഴുതിയിരുന്നതെന്ന് പൊലീസ് പറയുന്നു. ചില പേജുകളില്‍ ഇംഗ്ലീഷിലെ എസ് എന്ന അക്ഷരം പല രീതിയില്‍ എഴുതിയിരുന്നു. വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളും ഇതില്‍ എഴുതിയിരുന്നു.
റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.ഫോണില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നോട്ട് ബുക്കില്‍ പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. അക്രമിക്ക് കാലിന് പൊള്ളലേറ്റതായുള്ള ദൃക്‌സാക്ഷി മൊഴിയെത്തുടര്‍ന്ന് സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊള്ളലേറ്റ് ഒമ്പത് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഉള്‍പ്പെടെ 50 ശതമാനത്തിലധികം പൊള്ളലുണ്ട്.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
English Summary: Diary recovered by police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.