നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് നടൻ ദിലീപ്. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. രണ്ട് ദിവസം ചോദ്യം ചെയ്യാനും ഹൈക്കോടതി അനുമതി നല്‍കി. നാളെയും മറ്റന്നാളും രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ഏഴ് മണിവരെ പൊലീസിന് ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാമെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു.
ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയ റിപ്പോർട്ടിലുണ്ടെന്ന് കോടതി സൂചിപ്പിച്ചതിനു പിന്നാലെയാണ് അന്വേഷണത്തോട് സഹകരിക്കാമെന്ന നിലപാടിൽ ദിലീപ് എത്തിയത്. കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ദിലീപ് പറഞ്ഞു. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന നിലപാടാണ് വാദത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപിന്‍റെ അഭിഭാഷകർ സ്വീകരിച്ചത്. ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു തുടക്കത്തിൽ ദിലീപിന്‍റെ വാദം. കേസിലെ സാക്ഷി ബാലചന്ദ്രകുമാറുമായി തനിക്ക് അൽപകാലത്തെ ബന്ധം മാത്രമേയുള്ളെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
ഗൂഢാലോചന നടത്തിയാൽ കൃത്യം ചെയ്തില്ലെങ്കിലും കുറ്റം ചെയ്തതായി കണക്കാക്കാം. ഗൂഢാലോചന അന്വേഷിക്കുന്നതിന് തടസം നില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ രാവിലെ കേസ് പരിഗണിച്ചപ്പോൾ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു. എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്.
ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു. ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്. നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന.
‘പത്മസരോവരം’ എന്ന ദിലീപിന്‍റെ വീട്ടിലും, സഹോദരൻ അനൂപിന്‍റെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള ‘ഗ്രാൻഡ് പ്രൊഡക്ഷൻസ്’ എന്ന ദിലീപിന്‍റെയും അനൂപിന്‍റെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.ദിലീപിന് വേണ്ടി അഡ്വ. ബി രാമൻ പിള്ളയാണ് ഹാജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി രാമൻ പിള്ള അസോസിയേറ്റ്‍സ് ആയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിക്കുന്നു. വിചാരണക്കോടതിയിൽ നിന്ന് കേസ് കൈവിട്ട് പോകുമെന്ന് സൂചന കിട്ടിയപ്പോൾ ഇല്ലാത്ത സാക്ഷികളെ സൃഷ്ടിച്ച് കേസ് വഴി തിരിച്ച് വിടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷൻ ഇപ്പോൾ ശ്രമം നടത്തുന്നത്. വിചാരണക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും നീട്ടാനാണ് പ്രോസിക്യൂഷൻ ശ്രമമെന്നും ദിലീപിന്‍റെ അഭിഭാഷകർ ആരോപിക്കുന്നു. വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ചോദിച്ച കോടതിയുടെ പരാമർശത്തിന്‍റെ ചുവട് പിടിച്ച്, ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.ബാലചന്ദ്ര കുമാറിന്‍റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. മൊഴിയിൽ പറഞ്ഞ പലതും എഫ്ഐആറിൽ ഇല്ല എന്ന് അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടുന്നു. യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ ചോദിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്‍റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിക്കുന്നു.സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിന്‍റെ ആളുകൾ ശ്രമിച്ചതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. ഒരാൾ സാക്ഷിമൊഴി നൽകാൻ വരുമ്പോൾ പ്രതിഭാഗത്തിന്‍റെ ആളുകൾ പല വഴിക്ക് അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ദിലീപ് അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. വിചാരണക്കോടതിയിൽ വാദത്തിന് പോലും പ്രതിഭാഗം സമ്മതിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ പറയുന്നു. അതാണ് പ്രോസിക്യൂട്ടർ മാറാൻ ഒരു കാരണം. വിചാരണക്കോടതിയിൽ പോകാൻ അന്വേഷണ ഉദ്യോഗസ്ഥൻ പോലും ഭയപ്പെടുന്ന സാഹചര്യമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു.
English Summary: Dileep will not be arrested till Tuesday: High Court allows two days for questioning
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.