
‘മനസിലായിക്കുന്ന്’ എന്ന് കേൾക്കുമ്പോഴെല്ലാം ഒരു കുന്നായിരുന്നു മനസിൽ. എന്നാൽ പിന്നീടറിഞ്ഞു അവിടെ കുന്നില്ല, വെറും സ്ഥലപ്പേര് മാത്രമാണെന്ന്. വീടിന് അധികം ദൂരത്തിലല്ലെങ്കിലും അജിത ഇതുവരെ മനസിലായിക്കുന്നിൽ പോയിട്ടില്ല. എന്നാൽ ആ സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ഒരു നോവലിന്റെ രചനയിലാണ് അജിത കൈതേരിപ്പൊയിൽ. അഞ്ചാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അജിതയ്ക്ക് സ്കൂളിന്റെ പടി കയറാൻ ഭാഗ്യമുണ്ടായില്ല. സ്കൂളിൽ ചേരേണ്ടതിന് കുറച്ചുദിവസം മുമ്പാണ് കണ്ണൂർ അഞ്ചരക്കണ്ടിക്കടുത്തുള്ള കൈതേരിപ്പൊയിൽ സ്വദേശിനിയായ അജിതയെ അസുഖം പിടികൂടിയത്. പിന്നീടുള്ള ജീവിതം മിക്കവാറും മുറിക്കുള്ളിൽ തളച്ചിടപ്പെട്ടതായിരുന്നു. അവിടെയിരുന്ന് അജിത പുസ്തകങ്ങൾ വായിച്ചു. എഴുത്തുകാരെ പരിചയപ്പെട്ടു. അതിലൂടെ എഴുത്തിന്റെ വഴിയിലേക്കും തിരിഞ്ഞു. അമ്പത്തിരണ്ടുകാരിയായ അജിതയുടെ കഥകൾ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും കഥകൾ വന്നു. ഓണപ്പാട്ടുകൾ ഉൾപ്പെടുത്തിയ ആൽബവും പുറത്തിറങ്ങി. തുടർന്നാണ് നോവലിന്റെ രചനയിലേക്ക് തിരിഞ്ഞത്.
മനസിലായിക്കുന്നിനെ അറിയാനായിരുന്നു ആദ്യ ശ്രമം. കാലങ്ങൾക്ക് മുമ്പ് സമനില തെറ്റിയ ഒരു സ്ത്രീ പ്രദേശത്തുണ്ടായിരുന്നത്രെ. അവർ എല്ലാവരോടും മനസിലായോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും മനസിലായി എന്നു മറുപടിയും പറയും. അങ്ങനെ പതിയെ ആ പ്രദേശത്തിന്റെ പേര് മനസിലായിക്കുന്ന് ആയി മാറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സമനില തെറ്റിയ ഒരു സ്ത്രീയിലൂടെ, മനസിലായിക്കുന്നിന്റെ ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള യാത്രയാണ് അജിതയുടെ നോവൽ. ആത്മകഥാംശം നിറയുന്ന ‘സ്വയംപ്രഭ’ എന്നൊരു രചനയുടെ പണിപ്പുരയിൽ കൂടിയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ സ്നേഹമോ പരിഗണനയോ കിട്ടാതെ പോവുന്ന സ്വയംപ്രഭയിലൂടെയാണ് കഥ പറയുന്നത്. എഴുത്തുകാരൻ വി ആർ സുധീഷാണ് എഴുത്തിന്റെ വഴിയിൽ തനിക്ക് ഏറ്റവും പ്രോത്സാഹനം നൽകിയതെന്ന് അജിത പറയുന്നു.
ചെത്ത് തൊഴിലാളിയായ വിജയനാണ് പിതാവ്. സഹോദരൻ നിധീഷിനൊപ്പമാണ് അജിതയും പിതാവും താമസം. അമ്മ ശാന്ത രണ്ടുവർഷം മുമ്പ് മരിച്ചു. സഹോദരന് സുഭാഷിനും പോളിയോ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ കാലിന് മാത്രമേ ചെറിയ പ്രയാസമുള്ളൂ. അജിത്ത്, മിനി എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
“തുല്യതാ പരീക്ഷയെഴുതി ഏഴാംതരം പാസായി. കൂടുതൽ പഠിക്കണം, നോവലുകൾ പൂർത്തിയാക്കണം…” ‑അജിത തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ കുന്നുകള്‍ കയറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.