19 January 2026, Monday

ഡയറക്ട് സെല്ലിങ് ; ചില്ലറ വില്പന രംഗം വികസിതഘട്ടത്തില്‍

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
February 19, 2025 4:45 am

ചില്ലറ വില്പന രംഗം വികസിതമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഉപഭോക്തൃ താല്പര്യങ്ങൾ, വിവര സാങ്കേതിക വിദ്യ, വിദേശ നിക്ഷേപ നയത്തിലെ മാറ്റം തുടങ്ങിയ ഘടകങ്ങൾക്ക് അനുസൃതമായി പുതിയ വില്പന രീതികൾ ഉടലെടുക്കുന്നു. ഈ സാഹചര്യത്തിൽ ബിസിനസിൽ ഉപഭോക്തൃ താല്പര്യ സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
2019ൽ പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം, 2021ലെ ഉപഭോക്തൃ സംരക്ഷണം (ഡയറക്ട് സെല്ലിങ്) ചട്ടങ്ങൾ, 2020ലെ ഉപഭോക്തൃ സംരക്ഷണം (ഇ‑കൊമേഴ്സ്) എന്നീ ചട്ടങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരങ്ങളുടെ നിയമ സംരക്ഷണം ഉറപ്പാക്കി. ഇ‑കൊമേഴ്സ്, ഡയറക്ട് സെല്ലിങ് തുടങ്ങിയ പുതിയ രീതികൾ ഇതുവഴി വിപുലമായി. അതുകൊണ്ടുതന്നെ ഈ മേഖലയെ സംബന്ധിച്ചുള്ള നിയമ നിർമ്മാണത്തിൽ കൂടുതൽ വ്യക്തതവരുത്തുകയുണ്ടായി. ഉല്പന്നത്തിന്റെ ഗുണമേന്മ, വാറണ്ടി, റീഫണ്ട് തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഇതുവഴി ഉറപ്പാക്കുവാൻ സാധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഡയറക്ട് സെല്ലിങ് മേഖലയെ നിരീക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നമ്മുടെ സംസ്ഥാനത്ത് ശക്തമായ മാർഗനിർദേശങ്ങൾ നടപ്പിലാക്കുവാൻ തീരുമാനിച്ചത്. മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് പുതിയ മാർഗരേഖ ചിട്ടപ്പെടുത്തിയെടുക്കുവാൻ വകുപ്പ് മന്ത്രി എന്ന നിലയിൽ സാധിച്ചു എന്നതിൽ സന്തോഷമുണ്ട്.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഡയറക്ട് സെല്ലിങ് മേഖലയെ നിരീക്ഷിക്കുന്നതിനു വേണ്ടി ഒരു മോണിറ്ററിങ് മെക്കാനിസം നിലവിൽ വരുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ചെയർമാനായും ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മിഷണർ കൺവീനറുമായി പതിമൂന്നംഗ ഉന്നത അധികാര സമിതിക്കും രൂപം നൽകി. അതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മേഖല കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്ന് കരുതുന്നു. ഈ മാർഗരേഖയുടെ പിൻബലത്തിൽ പിരമിഡ്, പോൺസി, മണി സർക്കുലേഷൻ തുടങ്ങിയ വ്യാപാര രീതികളെല്ലാം പൂർണമായും നിരോധിക്കുവാൻ സാധിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കുവാൻ നിർദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ സംരക്ഷണ നിയമത്തിനുള്ള പ്രത്യേകതകൾ 2021ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും, പരിശോധിക്കുന്നതിനും അതാത് സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നു. എല്ലാ ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളും നോഡൽ വകുപ്പായ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ എൻറോൾ ചെയ്യേണ്ടതുണ്ട്. കൂടാതെ ഒരു വാണിജ്യ‑വ്യവസായ സംരംഭത്തിന് ആവശ്യമായ എല്ലാ രജിസ്ട്രേഷനുകളും ലൈ സൻസുകളും എടുക്കേണ്ടതുണ്ട് എന്നും നിയമത്തിലെ ചട്ടങ്ങൾ നിഷ്കർഷിക്കുന്നു.
പുതിയ നിയമം ഡയറക്ട് സെല്ലിങ് വ്യാപാരമേഖലയെ ശുദ്ധികലശം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡയറക്ട് സെല്ലിങ്ങിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വലിയൊരളവോളം വിരാമമിടാൻ ഈ പുതിയ നിയമത്തിന് കഴിയും. എന്നാൽ ആശയക്കുഴപ്പം പൂർണമായും ഒഴിവായി എന്ന് പറയാവുന്ന സ്ഥിതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ മേഖലയെ നിരീക്ഷിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ചുമതലപ്പെടുത്തി.
ഡയറക്ട് സെല്ലിങ് മേഖലയുടെ പ്രത്യേകതകൾ
പ്രത്യേക മൂലധന മുടക്ക് ഇല്ലാതെ തന്നെ ഡയറക്ട് സെല്ലിങ് നെറ്റ‌്‌വർക്കിൽ പങ്കാളികൾ ആകുന്നവർക്ക് വരുമാനം ലഭിക്കുന്നതിന് അവസരമൊരുക്കുന്നു എന്നതാണ് മേഖലയെ പ്രസക്തമാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, ഉയർന്ന വരുമാനം, ബിസിനസ് സംബന്ധവുമായ നൈപുണ്യ വികസനം, സൗകര്യപ്രദമായ ജോലി സമയം, കുടുംബ കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ഡയറക്ട് സെല്ലിങ് വ്യവസായത്തിന്റെ മേന്മയായി ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വരുമാനം നേടുന്നതിനുള്ള ഒരു വലിയ അവസരമാണ് ഈ മേഖല വാഗ്ദാനം ചെയ്യുന്നത്.
നിരീക്ഷണ സമിതിയുടെ അധികാരങ്ങൾ
നിയമാനുസൃതം എൻറോൾ ചെയ്യപ്പെടുന്ന ഡയറക്ട് സെല്ലിങ് കമ്പനികളുടെയും അതിൽ പ്രവർത്തിക്കുന്ന വിതരണക്കാരായ ഡയറക്ട് സെല്ലേഴ്സിന്റെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനുമുള്ള അധികാരമാണ് പ്രധാനമായും ഈ സമിതിയിൽ നിക്ഷിപ്തമാണ്. 2021ലെ ഉപഭോക്തൃ സംരക്ഷണ ചട്ടപ്രകാരം താഴെപ്പറയുന്ന അധികാരങ്ങളും ഉണ്ടായിരിക്കും.
1. ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങൾ സമർപ്പിക്കുന്ന അപേക്ഷ പ്രകാരം ആവശ്യമായ രേഖകൾ/വിശദാംശങ്ങൾ സ്വീകരിക്കുക, കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്ന കമ്പനികളെ എൻറോൾ ചെയ്യുക.
2. അപൂർണ അപേക്ഷ സമർപ്പിക്കുന്ന കമ്പനികളുടെ എൻറോൾമെന്റ് അപേക്ഷ നിരസിക്കുക.
3. എൻറോൾ ചെയ്ത ഉപഭോക്തൃകാര്യ കമ്പനികളുടെ താൽക്കാലിക പട്ടിക വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.
4. 2021 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിങ്) റൂൾസ് പ്രകാരം രൂപപ്പെടുത്തിയ നിയമങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക് റഫർ ചെയ്യുക.
5. കമ്പനികൾ പാലിക്കേണ്ട മറ്റു നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനം സംബന്ധിച്ചുള്ള പരാതികൾ പൊലീസ്/ജിഎസ്‌ടി തുടങ്ങിയ ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് റഫർ ചെയ്യുക.
6. നിയമാനുസൃതമല്ലാത്ത ഉല്പന്നങ്ങളും സേവനങ്ങളും നിരോധിച്ചുകൊണ്ടുള്ള നെഗറ്റീവ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
7. നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉല്പന്നങ്ങളും കൈകാര്യം ചെയ്യുന്ന കമ്പനികളുടെ സേവനങ്ങളും നിരോധിക്കുക.
8. നിരീക്ഷണ സമിതിക്കുമുമ്പാകെ അപേക്ഷ സമർപ്പിച്ച് എൻറോൾ ചെയ്യുവാൻ വീഴ്ച വരുത്തുന്ന കമ്പനികളുടെ പ്രവർത്തനം നിരോധിക്കുക.
9. ഡയറക്ട് സെല്ലിങ് മാർഗരേഖയിൽ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുക.
എൻറോൾ ചെയ്ത കമ്പനികൾ പാലിക്കേണ്ട കാര്യങ്ങള്‍
1. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിങ്) 2021 ചട്ടങ്ങൾ പ്രകാരം ആവശ്യമായ എല്ലാ രേഖകളും എൻറോൾ ചെയ്യപ്പെട്ട കമ്പനികളും അവരുടെ രജിസ്റ്റർ ചെയ്ത ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്.
2. എൻറോൾ ചെയ്യപ്പെട്ട കമ്പനികൾ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, നോഡൽ ഓഫിസർ, ഉല്പന്നങ്ങൾ, പരാതി പരിഹാര സംവിധാനം തുടങ്ങി എല്ലാ പ്രസക്തമായ വിവരങ്ങളും കമ്പനി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടുകൂടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
3. വ്യാപാരം ചെയ്യുന്ന ഉല്പന്നങ്ങളുടെ വിപണനത്തിന് ആവശ്യമായ ലൈസെൻസുകൾ, ഉല്പന്നങ്ങളുടെ റീഫണ്ട്, എക്സ്ചേഞ്ച്, വാറണ്ടി, ഗ്യാരണ്ടി, ഡെലിവറി, ഷിപ്മെന്റ്, പേയ്മെന്റ് രീതികൾ, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
4. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിങ്) 2021 ചട്ടങ്ങൾ കൂടാതെ 2020 ഇ‑കൊമേഴ്സ് ചട്ടങ്ങൾ, 2009ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾ, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ ആക്ടിന്റെ ചട്ടങ്ങൾ എന്നിവ എൻറോൾ ചെയ്യപ്പെട്ട കമ്പനികൾ പാലിക്കണം.
5. ജിഎസ്‌ടി/ആദായനികുതി നിയമത്തിലെ ബാധകമായ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
6. കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ ഉപഭോക്തൃ ഹെല്പ് ലൈനിൽ പങ്കാളി ആകണം.
7. കമ്പനിയുടെ ബിസിനസ് ഭരണഘടന/മാനേജ്മെന്റ് ഡയറക്ടർമാർ പങ്കാളികൾ ചീഫ് എക്സിക്യൂട്ടീവ് ഓപ്പറേറ്റീവ് ഓഫിസർ/ നോഡൽ ഓഫിസർ പരാതിപരിഹാരം തുടങ്ങിയ പ്രധാന വ്യക്തികൾ, അവരുടെ കോൺടാക്റ്റ്/കമ്മ്യൂണിക്കേഷൻ വിശദാംശങ്ങൾ മുതലായവയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
നിരോധിക്കപ്പെട്ട ബിസിനസ് മോഡലുകൾ
കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിങ്) 2021ലെ ചട്ടപ്രകാരം താഴെപ്പറയുന്ന ബിസിനസ് മോഡലുകൾ നിരോധിച്ചിരിക്കുന്നു.
• പിരമിഡ് മാതൃകയിലുള്ള ബിസിനസ് മോഡലുകൾ.
• മണി സർക്കുലേഷൻ സ്കീമുകൾ.
• അൺഫെയർ ട്രെയ്ഡ് പ്രാക്ടീസുകൾ
നിയമാനുസൃതം പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും നിയമവിരുദ്ധമായി ഡയറക്ട് സെല്ലിങ് എന്ന മറ ഉപയോഗിച്ച് മണിചെയിനുകൾ, പിരമിഡ് സ്കീമുകൾ തുടങ്ങിയവ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. പ്രസ്തുത നയം വിജയകരമായി നടപ്പിലാക്കി ഡയറക്ട് സെല്ലിങ് മേഖലയെ ഉപഭോക്തൃ സൗഹൃദമാക്കി ശക്തിപ്പെടുത്തുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.