10 December 2025, Wednesday

കര്‍ഷകര്‍ക്ക് വഴികാട്ടിയായി ദിശ: ബിസിനസ് 2 ബിസിനസ് മീറ്റില്‍ ഒപ്പുവച്ചത് 40 കോടിയുടെ കരാര്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
February 28, 2023 11:41 pm

വന്‍ വിജയമായി സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച ബിസിനസ് 2 ബിസിനസ് (ബി2ബി) മീറ്റ് ‘ദിശ’. 140 സെല്ലേഴ്സും 99 ബയ്യേഴ്സും പങ്കെടുത്ത ബിസിനസ് 2 ബിസിനസ് മീറ്റില്‍ ഒപ്പുവച്ചത് 40 കോടിയുടെ കരാര്‍. ഭൗമ സൂചികാ പദവി ലഭിച്ചിട്ടുള്ള കേരളത്തിന്റെ സ്വന്തം കുറ്റ്യാട്ടൂര്‍ മാമ്പഴത്തിന്റെ വിവിധ ഉല്പന്നങ്ങളുമായി കണ്ണൂരില്‍ നിന്നെത്തിയ കുറ്റ്യാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി മുതല്‍ മുന്നൂറോളം അരികളുടെ ശേഖരവുമായി വയനാട് നിന്നെത്തിയ കര്‍ഷകര്‍, ജൈവ പച്ചക്കറി, പഴങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളുടെ ശ്രേണിയായിരുന്നു കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിച്ച ബിസിനസ് 2 ബിസിനസ് മീറ്റ്.
ഭാവിയില്‍ കേരളത്തിന്‌ ഏറ്റവും കൂടുതൽ സാധ്യത വരാൻ പോകുന്നത്‌ ഭക്ഷ്യസംസ്‌കരണമേഖലയിലാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഈ രംഗത്ത്‌ സംസ്ഥാനം കുതിപ്പിലാണ്‌. ലോകത്തിന്റെ സുഗന്ധവ്യഞ്‌ജനങ്ങളുടെ സംസ്‌കരണത്തിന്റെ ഹബ്ബും കേരളമാണ്‌. ധനകാര്യസ്ഥാപനങ്ങൾ എംഎസ്‌എംഇകൾക്ക്‌ കൊടുത്ത വായ്‌പയിൽ ജനുവരിയിലെ കണക്ക്‌ അനുസരിച്ച്‌ 10,000 കോടിയുടെ വർധനവുണ്ടായി. 41,000 കോടി രൂപയാണ്‌ വായ്‌പ നൽകിയത്‌. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസംകൂടി ബാക്കിയുണ്ട്‌. 2021–22 ൽ 31,000 കോടിയാണ്‌ ബാങ്കുകൾ ഈ രംഗത്ത്‌ വായ്‌പയായി നൽകിയത്‌. രണ്ടുമാസത്തിനകം കുതിപ്പു വരാനിടയുണ്ടെന്നാണ്‌ ബാങ്കുകൾ പറയുന്നത്‌. അങ്ങനെ എങ്കിൽ ഈ വർഷം വായ്‌പ 60,000 കോടിയാകും. 

സംസ്ഥാനത്തിന്റെ വ്യവസായ വളർച്ച 17.3 ശതമാനമാണ്‌. ഇതാദ്യമായി ഉല്പാദന മേഖലയുടെ സംഭാവന 18.3 ശതമാനമായി. അതിൽ പ്രധാന സംഭാവന ഭക്ഷ്യസംസ്‌കരണരംഗത്തിന്റെതാണ്‌. അത്‌ ശക്തിപ്പെടുത്തി കൊണ്ടുപോകാനാകും. ബജറ്റിൽ മിഷൻ 1000 പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇപ്പോഴുള്ള എംഎസ്‌എംഇയിൽനിന്ന്‌ സുതാര്യമായ നടപടികളിലൂടെ 1000 എണ്ണത്തെ തിരഞ്ഞെടുത്ത് ഇവയിൽനിന്ന്‌ ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിടുന്നതാണ്‌ പദ്ധതി.
മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കേഷനിലൂടെ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിക്ക്‌ സംസ്ഥാനം 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. ഈ സാധ്യതകൾ കർഷകരും എംഎസ്‌എംഇകളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ബി 2 ബി മീറ്റിന് തുടര്‍ച്ചയുണ്ടാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്‌ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ബയേഴ്സിനും സെല്ലേഴ്സിനും ഏറെ പ്രയോജനകരമാണ് ഈ മീറ്റെന്നും അദ്ദേഹം പറഞ്ഞു. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.