അട്ടിമറിയും കുതികാല്‍വെട്ടും കുതിരക്കച്ചവടവുമായി സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയും പുരോഗമനേച്ഛുക്കള്‍ക്ക് പ്രതീക്ഷയും നല്കുന്ന സംഭവവികാസങ്ങളാണ് ബിഹാറില്‍ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ അനായാസം രാഷ്ട്രപതിയായും ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതിയായും ജയിപ്പിച്ചെടുത്തതിന്റെ ആഹ്ലാദാരവങ്ങള്‍ അവസാനിക്കുന്നതിന് മുമ്പാണ് ബിജെപി പിന്തുണയോടെ ബിഹാറിലുണ്ടായിരുന്ന അധികാരം അവസാനിച്ചിരിക്കുന്നത്. മറ്റു ചിലയിടങ്ങളിലെന്നതുപോലെ ആര്‍ജെഡിയില്‍ പിളര്‍പ്പുണ്ടാക്കി അധികാരം നിലനിര്‍ത്തുവാനുള്ള ഗൂഢതന്ത്രം അണിയറയിലൊരുങ്ങുന്നതിന് മുമ്പ് നിതീഷ് മറുതന്ത്രത്തിലൂടെ ബിജെപിക്കു തിരിച്ചടി നല്കുകയായിരുന്നു. കേന്ദ്രത്തിലിരുന്ന് ബിഹാര്‍ ഭരണം നിയന്ത്രിക്കുന്ന അമിത് ഷായുടെ വിശ്വസ്തനായ ആർസിപി സിങ്ങിനെ ഉപയോഗിച്ചായിരുന്നു പിളര്‍ത്തല്‍ നീക്കമുണ്ടായത്. അഴിമതി ആരോപണങ്ങളിൽ വിശദീകരണം ചോദിച്ചതോടെ ആർസിപി സിങ് ജെഡിയു വിടുകയും ചെയ്തിരുന്നു. മധ്യപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരം നിലനിര്‍ത്തിയ ബിജെപി കഴിഞ്ഞ ജൂണിലാണ് മഹാരാഷ്ട്രയില്‍ മഹാസഖ്യത്തെ കുതന്ത്രങ്ങളിലൂടെ തകര്‍ത്ത് അധികാരം പിടിച്ചെടുത്തത്. അത്തരമൊരു പശ്ചാത്തലം നിലനില്ക്കുമ്പോള്‍ ബിഹാറില്‍ സംഭവിച്ചിരിക്കുന്നത് വെട്ടിപ്പിടിച്ച് വെട്ടിപ്പിടിച്ച് മുന്നേറിക്കൊണ്ടിരുന്ന ബിജെപിക്കേറ്റ കനത്ത ആഘാതം തന്നെയാണ്. ലക്ഷക്കണക്കിന് കോടി രൂപ നല്കിയും ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയും ഝാര്‍ഖണ്ഡില്‍ ഭരണം അട്ടിമറിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞതും ബിജെപിക്ക് നാണക്കേടായതാണ്.
ബിജെപിയുടെ പിന്തുണയോടെ ഭരണം നടത്തിയ നിതീഷിന്റെ ജനതാദള്‍ (യുണൈറ്റഡ്-ജെഡിയു) ബന്ധം വേര്‍പെടുത്തുമെന്നതിന്റെ സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) നിതീഷിന്റെ പാര്‍ട്ടിയും സഖ്യമായി മത്സരിക്കുകയും അധികാരത്തിലെത്തുകയും ചെയ്തിരുന്നതാണ്. ആര്‍ജെഡിക്ക് 80, ജെഡിയുവിന് 71 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 27, ബിജെപിക്ക് 53 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ 2017ല്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് സഖ്യമുപേക്ഷിച്ച് ബിജെപിയുമായി കൂട്ടുകൂടുകയായിരുന്നു. നിതീഷ് കൂറുമാറിയപ്പോഴാണ് ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഭാവി രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനമെന്നോണം മതേതര — ഇടതു — ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിപുലമായ വേദി യാഥാര്‍ത്ഥ്യമായി. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷപാര്‍ട്ടികള്‍ എന്നിവ ചേര്‍ന്ന മഹാസഖ്യമായിരുന്നു ബിജെപിയും ജെഡിയുവും ചേര്‍ന്ന എന്‍ഡിഎ സഖ്യത്തെ നേരിട്ടത്. ബിജെപി സഖ്യം ജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 110 മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപി 74ല്‍ ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെ തോല്പിക്കുവാന്‍ ബിജെപി പയറ്റിയ കുതന്ത്രങ്ങള്‍ കാരണം 115ല്‍ മത്സരിച്ച നിതീഷിന് 43 പേരെ ജയിപ്പിക്കുവാനേ സാധിച്ചുള്ളൂ. എന്‍ഡിഎ സഖ്യത്തിലില്ലാതിരുന്ന ലോക്ജനശക്തി സ്ഥാനാര്‍ത്ഥികളെ രഹസ്യമായി പിന്തുണച്ച് ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥികളെ ബിജെപി തോല്പിക്കുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ അവര്‍ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആരംഭത്തില്‍തന്നെ ബിജെപി — ജെഡിയു ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയിരുന്നു. ധാരണ അനുസരിച്ച് നിതീഷിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഡല്‍ഹിയിലിരുന്ന് അമിത് ഷാ ഭരണം നിയന്ത്രിക്കുവാനും സ്പീക്കറെ ഉപയോഗിച്ച് സഭാനടപടികളില്‍ മേല്‍ക്കൈ ഉണ്ടാക്കുവാനും ശ്രമിച്ചത് ജെഡിയുവിനെ പ്രകോപിപ്പിച്ചു. ഭരണം മുന്നോട്ടുപോകുന്നതിനിടയിലും പ്രശ്നാധിഷ്ഠിതമായ തര്‍ക്കങ്ങളും അകല്‍ച്ചയും ഇരുകക്ഷികളും തമ്മില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കര്‍ഷക പ്രക്ഷോഭവും അതിനാസ്പദമായ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക — ജനവിരുദ്ധ നയങ്ങളും ഏറ്റവും ഒടുവില്‍ അഗ്നിപഥിനെതിരായ ജനവികാരവും മനസിലാക്കിയ നിതീഷ് കുമാര്‍ ബിജെപിക്കെതിരെ പരസ്യമായ നിലപാടിലെത്തുകയായിരുന്നു. അങ്ങനെയാണ് മഹാസഖ്യത്തിന്റെ വിപുലീകരണവും നിതീഷിന്റെ അധികാരാരോഹണവും നടന്നിരിക്കുന്നത്. മഹാസഖ്യത്തിലെ ഘടകകക്ഷികള്‍ പുലര്‍ത്തേണ്ട ഉന്നതമായ രാഷ്ട്രീയബോധവും ജനപക്ഷ നിലപാടുകളോടുള്ള പ്രതിബദ്ധതയും എത്രത്തോളമായിരിക്കുമെന്നത് വരുംദിവസങ്ങളില്‍ സുപ്രധാനമണ്. എങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കൂടുതല്‍ അടുത്തെത്തുമ്പോള്‍ ഫാസിസ്റ്റ് നടപടികള്‍ക്കും ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടര്‍ന്ന് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ആര്‍എസ്എസ് — ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും ബിഹാറിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ പ്രതീക്ഷ നല്കുന്നുണ്ട്. എന്‍ഡിഎ സഖ്യം തകര്‍ന്ന് ജെഡിയു കൂടി പങ്കാളിയായി വിപുലപ്പെടുന്ന ബിഹാറിലെ മഹാസഖ്യം അതുകൊണ്ടുതന്നെയാണ് ശുഭസൂചനയാകുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.