30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 28, 2025 5:54 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമയെ ഒരു സപര്യ പോലെ ലോകനെറുകയിലെത്തിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനും ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവുമായ ഷാജി എൻ കരുണ്‍ ഓര്‍മ്മയായി. 73 വയസായിരുന്നു. അര്‍ബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ ‘പിറവി’ വീട്ടില്‍ ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. കേരള ചലച്ചിത്ര വികസന കോര്‍പറേഷൻ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എണ്ണം പറഞ്ഞ ഏഴ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത അദ്ദേഹം 40 ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചു. 14 ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി 1952ലാണ് ജനനം. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ഷാജി 1975ൽ മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം 1976ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽ ഫിലിം ഓഫിസറായി ജോലി നോക്കി.

അക്കാലത്ത് സംവിധായകൻ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവായി. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, മാറാട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചു. കാഞ്ചന സീതയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ, ഹരിഹരന്റെ പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, എംടിയുടെ മഞ്ഞ് തുടങ്ങിയവ ഷാജിയുടെ കയ്യൊപ്പ് പതി‌ഞ്ഞ ചിത്രങ്ങളാണ്. 1989ലെ കാൻ ചലച്ചിത്രമേളയിൽ ‘ഗോൾഡൻ കാമറ പ്രത്യേക പരാമർശം’ നേടിയ തന്റെ കന്നി ചിത്രമായ ‘പിറവി‘യിലൂടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കുയര്‍ന്നു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ (ഏക) മലയാള ചലച്ചിത്രമാണ്. 2002ൽ ‘നിഷാദ്’ എന്ന ഹിന്ദി സിനിമ സംവിധാനം ചെയ്തു് ബോളിവുഡിലും സാന്നിധ്യമറിയിച്ചു. വാനപ്രസ്ഥം, കുട്ടി സ്രാങ്ക്, സ്വപാനം, ഓള് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ അധ്യക്ഷസ്ഥാനവും (1998 — 2001) വഹിച്ചു. കലാസാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ “ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്” പുരസ്കാരം 1999ൽ ലഭിച്ചു. 2011ൽ പത്മശ്രീ പുരസ്കാരത്തിനർഹനായി. ഇന്ന് രാവിലെ 10 മുതൽ 12 വരെ കലാഭവനിൽ പൊതുദർശനം. വൈകിട്ട് നാലിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. അനസൂയ വാര്യര്‍ ആണ് ഭാര്യ. മക്കള്‍: അനില്‍ കരുണ്‍ (ഐസർ, തിരുവനന്തപുരം). അപ്പു കരുണ്‍ (ജർമ്മനി). മരുമക്കള്‍: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.