
പുന്നപ്ര-വയലാർ സമരത്തിന് എട്ട് പതിറ്റാണ്ട് പ്രായമാകുന്ന വേളയിൽ സമരസേനാനികളെക്കുറിച്ച് ഡയറക്ടറി പുറത്തിറങ്ങുന്നു. ഡയറക്ടറിയുടെ ഔപചാരിക പ്രസിദ്ധീകരണം നാളെ വയലാറിൽ വൈകുന്നേരം നടക്കുന്ന പുന്നപ്ര‑വയലാർ അനുസ്മരണസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത് നിര്‍വഹിക്കുമെന്ന് മുൻ മന്ത്രി തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എ, ബി ഗ്രേഡ് ലൈബ്രറികൾക്ക് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളുമായി വന്നാൽ പുസ്തകം സൗജന്യമായി നൽകും. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളിലേയും ലോക്കൽ കമ്മിറ്റികൾക്ക് സാക്ഷ്യപത്രവുമായി വരുമ്പോൾ പുസ്തകം സൗജന്യമായി നൽകും. 700 രൂപയാണ് പുസ്തകത്തിന്റെ വില.
1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങൾ ഈ ഡയറക്ടറിയിലുണ്ട്. പകുതിപ്പേരുടെ ഫോട്ടോയും ഉണ്ട്. 400-500 സേനാനികൾ രക്തസാക്ഷികളായി എന്നാണ് ഡയറക്ടറിയുടെ നിഗമനം. അവരിൽ 193 രക്തസാക്ഷികളെക്കുറിച്ചുള്ള പേരുവിവരങ്ങൾ ഡയറക്ടറിയിൽഉണ്ട്. പുന്നപ്ര‑വയലാർ സമരസേനാനികൾ, പണ്ഡിതർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇതുവരെ എഴുതിയിട്ടുള്ള എല്ലാ വിവരങ്ങളും സസൂക്ഷ്മം വായിച്ചും സമരസേനാനികളുടെ ബന്ധുക്കളോടും പ്രാദേശിക പാർട്ടി പ്രവർത്തകരോടും സംസാരിച്ചുമാണ് ഡയറക്ടറി തയ്യാറാക്കിയിട്ടുള്ളത്. മുസിരീസ് ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി സമരസേനാനികളെക്കുറിച്ച് 2019-2024 കാലയളവിൽ വിവരശേഖരണ പരിപാടി നടപ്പാക്കി. അതുസംബന്ധിച്ചുള്ള ഒരു ചെറുവിവരണമാണ് ഡയറക്ടറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറക്ടറിക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്നാം ഭാഗം, അരൂർ മുതൽ ആര്യാട് പഞ്ചായത്തുവരെയുള്ള പ്രദേശത്തെ സമരസേനാനികളുടെ വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഭാഗം, ആലപ്പുഴ മുനിസിപ്പാലിറ്റി മുതൽ അമ്പലപ്പുഴ വരെയുള്ള പ്രദേശങ്ങളിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഡയറക്ടറിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒട്ടെല്ലാ സമരസേനാനികളും തന്നെ വെടിയേറ്റവർ, ജയിൽവാസം അനുഭവിച്ചവർ, അറസ്റ്റ് വാറന്റുമൂലം ഒളിവിൽ പോകാൻ നിർബന്ധിതരായവർ തുടങ്ങിയവരാണ്. 193 രക്തസാക്ഷികളുടെ പേരുവിവരങ്ങളുമുണ്ട്.
ഡയറക്ടറിയുടെ ഉള്ളടക്ക വിവരണത്തിൽ പഞ്ചായത്ത് തിരിച്ച് പേജ് നമ്പറുകളുണ്ട്. ഡയറക്ടറിയുടെ അവസാനം, മുഴുവൻ സമരസേനാനികളുടെയും അകാരക്രമത്തിലുള്ള സൂചികയും നൽകിയിട്ടുണ്ട്. പുസ്തകം എൻബിഎസിന്റെ ബുക്ക് സ്റ്റാളുകളിൽ വാങ്ങാൻ ലഭിക്കും. അതുപോലെ മുസിരിസ് പൈതൃകപദ്ധതിയുടെ വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഈ വിവരശേഖരണം പൂർണ്ണമല്ല. വിവരശേഖരണം തുടരും. അവ ഉൾക്കൊള്ളിച്ച് ഒരു ശുദ്ധിപത്രം അടുത്ത പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിൽ പ്രസിദ്ധീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.