15 October 2024, Tuesday
KSFE Galaxy Chits Banner 2

പുന്നപ്ര‑വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍
ആലപ്പുഴ
October 20, 2023 7:30 am

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ചുടുനിണം കൊണ്ട് ചരിത്രം രചിച്ച രക്തസാക്ഷികളുടെ സ്മരണയില്‍ നാടെങ്ങും ഇന്ന് ചെങ്കൊടികളുയരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പുന്നപ്ര‑വയലാര്‍ സമരത്തിന്റെ 77-ാം വാര്‍ഷിക വാരാചരണത്തിന് ഇന്ന് തുടക്കമാകും. രാജവാഴ്ചയ്ക്കും ദിവാന്‍ഭരണത്തിനുമെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ ഉറവ വറ്റാത്ത ഓര്‍മകളുമായി പുന്നപ്ര സമരഭൂമിയിലും വലിയചുടുകാട്ടിലും മാരാരിക്കുളത്തും ചെങ്കൊടികളുയരും. ധീരരക്തസാക്ഷികളും കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടൂകാട്ടിൽ വിപ്ലവഗായിക പി കെ മേദിനിയും സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസറും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും ഇന്ന് വൈകിട്ട് 5.30ന് പതാക ഉയർത്തും.

പുന്നപ്ര സമരഭൂമിയില്‍ ഉയർത്തുന്നതിനുള്ള പതാക വൈകിട്ട് 3 ന് തോട്ടപ്പള്ളിയിൽ നിന്ന് എത്തിക്കും. സിപിഐ എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അജയന്റെ സ്മരണാർത്ഥം സഹധർമ്മിണി ഗീത അജയനില്‍ നിന്നും എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങി സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം പി സുരേന്ദ്രന് കൈമാറും. വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പതാക സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കുക. ഇവിടെ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര വടക്ക് പഞ്ചായത്ത് 16 -ാം വാർഡ് പുതുവല്‍വെളി സുരേന്ദ്രനില്‍ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ ഏറ്റുവാങ്ങി, സിപിഐ എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി അശോക് കുമാറിന് കൈമാറും.

വൈകിട്ട് 6ന് പതാക ഉയര്‍ത്തലിന് ശേഷം സമരഭൂമിയില്‍ ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയന്‍, സിപിഐ എം ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടന്‍ എന്നിവർ സംസാരിക്കും. 6.30ന് ‘ഭരണഘടനാ സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്വം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സി വാമദേവ് സ്വാഗതം പറയും. എച്ച് സലാം എംഎൽഎ സ്വാഗതം പറയും. സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ മുഖ്യപ്രഭാഷണം നടത്തും. എ പി ഗുരുലാൽ നന്ദി പറയും.
പകല്‍ മൂന്നിന് രക്തസാക്ഷി കാട്ടൂര്‍ ജോസഫിന്റെ വീട്ടില്‍ നിന്നുള്ള പതാക അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആര്‍ സുരേഷ് ഏറ്റുവാങ്ങി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തിക്കും. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ രക്തസാക്ഷികള്‍ കൃഷ്ണന്റേയും ഗോപാലന്റേയും വീട്ടില്‍ നിന്നും മേഖലാ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി പവനന്‍ രക്തപതാക ഏറ്റുവാങ്ങി വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ എത്തിക്കും. പതാക ഉയര്‍ത്തലിന് ശേഷം വൈകിട്ട് 6ന് നടക്കുന്ന സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനത്തില്‍ വി എസ് മണി അധ്യക്ഷനാകും. പി കെ ബൈജു സ്വാഗതം പറയും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മുന്‍ മന്ത്രി ജി സുധാകരന്‍, എ എം ആരിഫ് എംപി, വി മോഹന്‍ദാസ്, എച്ച് സാലം എംഎല്‍എ, പി ജ്യോതിസ്, വി ബി അശോകന്‍, പി കെ സദാശിവന്‍പിള്ള, സൗമ്യാരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തും. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽ നിന്നും കൊടികയർ കണിച്ചുകുളങ്ങരയിൽ നിന്നും ബാനർ മാരാരിക്കുളത്ത് നിന്നുമാണ് കൊണ്ടുവരുന്നത്. വൈകിട്ട് 6.30ന് ഇവിടെ ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. കൃഷിമന്ത്രി പി പ്രസാദ്, പുത്തലത്ത് ദിനേശൻ, ടി ജെ ആഞ്ചലോസ്, ആർ നാസർ, ടി ടി ജിസ്മോൻ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, ആർ ജയസിംഹൻ, എം കെ ഉത്തമൻ, പി പി ചിത്തരഞ്ജൻ, വി ജി മോഹനനൻ, ജലജാ ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.

Eng­lish Sum­ma­ry: Pun­napra-Vay­alar annu­al week begins today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.