8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 28, 2024
August 28, 2024
June 2, 2024
February 20, 2024
December 6, 2023
December 1, 2023
November 3, 2023
May 20, 2023
November 11, 2022

മുസ്ലിംലീഗിൽ അഴിച്ചുപണി; സമസ്തയുമായുള്ള തർക്കം രൂക്ഷമാക്കിയ പി എം എ സലാമിനെ മാറ്റിയേക്കും

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാകും 
അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
November 28, 2024 9:16 pm

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സാലാമിനെ സ്ഥാനത്തുനിന്നും മാറ്റാന്‍ ലീഗ് നേതൃത്വത്തില്‍ തീരുമാനമായി. സമസ്ത- ലീഗ് തർക്കം രൂക്ഷമാക്കിയത് പി എം എ സലാമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നേതൃത്വത്തില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സലാമിനെ മാറ്റുമ്പോള്‍ പകരം ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരും. പാര്‍ട്ടിയില്‍ ദേശീയ സഹ ഭാരവാഹിത്വവും തിരൂരങ്ങാടി നിയമസഭാ സീറ്റും തനിക്ക് വേണമെന്ന സലാമിന്റെ ആവശ്യവും പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ തിരൂരങ്ങാടിയെ പ്രതിനിധീകരിക്കുന്ന കെ പി എ മജീദ് ഇനി മത്സരത്തിനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി പാര്‍ട്ടി സംസ്ഥാന നേതൃസ്ഥാനത്ത് വരുന്നതോടെ സമസ്തയുമായുള്ള പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ. സലാമിനെ മാറ്റണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ മുസ്ലിം ലീഗ് നേതൃത്വത്തോട് ഇതിനകം ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.
ലീഗ് പുനസംഘടന ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ പുനസംഘടന പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു. സംസ്ഥാനതല പുനസംഘടനാ യോഗം ഉടൻ ചേരും.

ഉപതെരഞ്ഞെടുപ്പിന് ശേഷം പുനസംഘടനാ യോഗം നടത്താനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. യുപിഎ സർക്കാർ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് പി കെ കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. എന്നാൽ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. കേന്ദ്ര മന്ത്രി സ്ഥാനം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി മത്സരത്തിന് തയ്യാറായത്. എന്നാൽ ലോക്‌സഭാംഗം എന്ന നിലയിൽ കുഞ്ഞാലിക്കുട്ടി പരാജയമായിരുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ പാർലമെന്റിൽ ലീഗിന്റെ ശബ്ദമാകാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇതുകൂടി കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ച് സംസ്ഥാന നേതൃത്വത്തിലേക്ക് തന്നെ കൊണ്ടുവരുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയിലെത്താനും അവരെ അതത് മണ്ഡ‍ലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്താനും നേതൃയോഗത്തില്‍ തീരുമാനമാകും. 

വള്ളിക്കുന്ന് മണ്ഡലത്തില്‍ പി അബ്ദുൾ ഹമീദിനേയും കൊടുവള്ളിയിൽ കെ എം ഷാജിയേയുമാണ് പരിഗണിക്കുന്നത്. ഡോ. എം കെ മുനീര്‍ മത്സര രംഗത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പരിഗണിക്കാനാണ് നീക്കം. ലീഗിന് വനിതാ പ്രാതിനിധ്യം ഇല്ലാത്തത് പോരായ്മയാണെന്നും കോഴിക്കോട് സൗത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുനീർ ഈ സീറ്റിൽ മത്സരിക്കുന്നില്ലെങ്കില്‍ ചന്ദ്രിക പത്രാധിപർ കമാൽ വരദൂരിനെ മത്സരിപ്പിക്കണമെന്നും ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനാണ് സാധ്യത. തിരുവമ്പാടി സീറ്റ് സിഎംപിക്ക് വിട്ടുകൊടുത്ത് അവിടെ സി പി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. സി പി ജോണിനെ നിയമസഭയിൽ എത്തിക്കാന്‍ ലീഗ് നേതൃത്വത്തിന് താല്പര്യമുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് നാദാപുരമോ കൊയിലാണ്ടിയോ ആവശ്യപ്പെടുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുപണ്ട്. മലപ്പുറത്ത് ഇപ്പോഴത്തെ മലപ്പുരം നഗരസഭ ചെയർമാൻ മുജീബ്കാടേരിയെ മത്സരിപ്പിക്കും. കുറ്റ്യാടിയിൽ പാറക്കല്‍ അബ്ദുള്ളയെ വീണ്ടും മത്സരിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.