4 December 2024, Wednesday
KSFE Galaxy Chits Banner 2

കേന്ദ്ര നികുതിയിലെ വിവേചനം

സി ആർ ജോസ്‌പ്രകാശ്
December 4, 2024 4:45 am

ഇന്ത്യയിൽ 27 കോടി കുടുംബങ്ങളുണ്ട്. ജനസംഖ്യ 143 കോടിയാണ്. ലോകജനസംഖ്യയുടെ 17 ശതമാനം ജീവിക്കുന്ന ഇവിടെയാണ് ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്നത്. ഇതിന്റെ മറ്റു കണക്കുകളിലേക്ക് കടക്കുന്നില്ല. കോടികൾ പട്ടിണി കിടക്കുകയും തൊഴിലിനുവേണ്ടി അലയുകയും അക്ഷരമറിയാതെ കഴിയുകയും നേരത്തെ മരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഭരണസംവിധാനത്തിനും എങ്ങനെയാണ് കോടീശ്വരന്മാരുടെ മാത്രം താല്പര്യം സംരക്ഷിച്ച് മുന്നോട്ടുപോകാനാകുന്നത്? 

ലോകത്തെ മിക്ക രാജ്യങ്ങളും ചെയ്യുന്നത്, കോർപറേറ്റുകളിൽ നിന്നും വലിയതോതിൽ നികുതിവാങ്ങി, അതിൽ നല്ലൊരു ഭാഗം ജനക്ഷേമത്തിനും ദാരിദ്ര്യനിർമ്മാർജനത്തിനും ചെലവഴിക്കുകയാണ്. ബ്രസീൽ‑34,ശ്രീലങ്ക‑32,ഫ്രാൻസ്-31,ജർമ്മനി-30, അമേരിക്ക‑27,കാനഡ-26.5,ചെെന‑25 ശതമാനം എന്നീ ക്രമത്തിലാണ് രാജ്യങ്ങൾ കോർപറേറ്റ് നികുതി ഈടാക്കുന്നത്. ഇന്ത്യയിൽ ഇത് 30 ശതമാനമായിരുന്നു. എന്നാൽ ബിജെപി സർക്കാർ ഇത് 22 ശതമാനമായി വെട്ടിക്കുറച്ചു. ഇതിലൂടെ കേന്ദ്ര ഖജനാവിൽ എത്തേണ്ട അഞ്ച് ലക്ഷത്തിലധികം കോടി രൂപയാണ് ഒരു ശതമാനത്തിന് താഴെയുള്ള കോർപറേറ്റുകളുടെ കെെവശം എത്തിയത്. കോർപറേറ്റ് ടാക്സ് ഈ രീതിയിൽ വെട്ടിക്കുറച്ച മറ്റൊരു രാജ്യവും ലോകത്തില്ല എന്നതും കാണണം. 

ബാങ്കുകളുടെ കിട്ടാക്കടം 9.90 ലക്ഷം കോടിയായിരുന്നു. ഇതിൽ കൂടുതൽ തുകയും കോടീശ്വരന്മാർ എടുത്ത വായ്പകളാണ്. ഈ കിട്ടാക്കടത്തിൽ 18.52 ശതമാനം തുക (1.84 ലക്ഷം കോടി) മാത്രമേ തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുള്ളു. വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാരിൽ നിരവധി പേർ കോടിക്കണക്കിന് രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ബോണ്ടിൽ നിക്ഷേപിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഡാനിയുടെ സാമ്പത്തിക കുതിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നില്ല. 

കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്ന ജോലിയാണ് ധനകാര്യ കമ്മിഷൻ ചെയ്യുന്നത്. എന്നാൽ ഇതിന് നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ പോലും രാഷ്ട്രീയ പരിഗണനകൾ വന്നുചേരുന്നു എന്നതാണ് മോഡി ഭരണകാലത്തിന്റെ സവിശേഷത. അതേസമയം ഒരു മാനദണ്ഡവുമില്ലാതെ, ബാക്കിവരുന്ന 59 ശതമാനം തുക കേന്ദ്രം എങ്ങനെ ചെലവഴിക്കുന്നു? ആരാണിതന്വേഷിക്കുന്നത്? ഇന്ത്യൻ പാർലമെന്റിലെങ്കിലും ഇതിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കാറുണ്ടോ? ഈ തുകയിൽ ഒരു ഭാഗം സംസ്ഥാനങ്ങൾക്ക് പദ്ധതികളിലൂടെയും മറ്റും നൽകുന്നതിൽ നീതിയും ന്യായവും നടപ്പിലാക്കുന്നുണ്ടോ? രാജ്യം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണിത്. 

ഇന്ത്യയിൽ ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിൽ 481 പേരാണ് ജീവിക്കുന്നത്. കേരളത്തിൽ ഇത് 881 ആണ്. 16-ാം ധനകാര്യ കമ്മിഷൻ, കേന്ദ്രനികുതികൾ പങ്കുവയ്ക്കുന്നതിൽ ജനസംഖ്യ മുഖ്യ മാനദണ്ഡമാക്കിയാൽ അത് കേരളത്തിന് ഗുണം ചെയ്യും. അങ്ങനെയെങ്കിൽ മൊത്തം വിഹിതത്തിന്റെ 2.77 ശതമാനം കിട്ടും. വിസ്തൃതി മുഖ്യ മാനദണ്ഡമായാൽ വൻ നഷ്ടവും ഉണ്ടാകും. കാരണം രാജസ്ഥാനിൽ ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിൽ 194 പേർ ജീവിക്കുമ്പോഴാണ് കേരളത്തിൽ 881 പേർ ജീവിക്കുന്നത്. പ്രധാനപ്പെട്ട മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലും ഇതു തന്നെയാണ് സ്ഥിതി. പൊതുജനാരോഗ്യത്തിന് ഇന്ത്യയിലെ ഒരു വ്യക്തിയുടെ ശരാശരി ചെലവ് 1,979 രൂപ ആണെങ്കിൽ കേരളത്തിൽ അത് 2,635 രൂപയാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് ഇവിടെയാണ്. ജനസംഖ്യയുടെ 17 ശതമാനം വയോജനങ്ങളാണ്. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുകളിൽ പറഞ്ഞിട്ടുണ്ട്. ജനസംഖ്യയുടെ 14 ശതമാനം അതിഥിത്തൊഴിലാളികളായി ഇവിടെയുണ്ട്. ഒരു വർഷം 35,000ൽ അധികം കോടി രൂപ ഇവരിലൂടെ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു. അതേസമയം തന്നെ പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ വിദേശ മലയാളികൾ ഇന്ത്യയിലേക്കയക്കുന്നുമുണ്ട്. ഒരു സംസ്ഥാനത്തിന്റെ ഇത്തരം പ്രത്യേകതകൾ കൂടി ധനകാര്യ കമ്മിഷൻ പരിഗണിക്കേണ്ടതാണ്; അതുണ്ടാകുന്നില്ല. 

എല്ലാ സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം, കേരളം റവന്യു ചെലവ് കുറയ്ക്കുകയും മൂലധന ചെലവ് കൂട്ടുകയും വേണമെന്നാണ്. പലിശ ചെലവ്, മൂലധന ചെലവിനെക്കാൾ ഉയർന്നുനിൽക്കുന്ന സ്ഥിതിവിശേഷം അപകടകരം തന്നെയാണ്. ധനകാര്യ കമ്മിഷന്റെ മോശം ശുപാർശകളും കേന്ദ്രസർക്കാരിന്റെ പ്രതികാരബുദ്ധിയോടെയുള്ള നടപടികളും ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെ സംഭവിച്ച വരുമാന ചോർച്ചയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചതിലെ പ്രധാന കാരണം. ജനക്ഷേമം മുൻനിർത്തിയെടുത്ത ‘കിഫ്ബി’ വായ്പയും പെൻഷൻ കമ്പനി വായ്പയും വായ്പാ പരിധിയായ മൂന്ന് ശതമാനത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതികാര നയം വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാനത്തിനും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്; അതുചെയ്യണം. റവന്യു ചെലവും പലിശ ചെലവും കുതിച്ചുയരുന്നത് നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കെെവിട്ടുപോകും. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഉൾപ്പെടെ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തി, കൃത്യമായ ഗൃഹപാഠം നടത്തി, വിശദാംശങ്ങളോടെയുള്ള നിവേദനം തയ്യാറാക്കി 16-ാം ധനകാര്യ കമ്മിഷനെ സമീപിക്കുക എന്നതാണ് അടിയന്തര കടമ. കേരളത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം ജാഗ്രത എൽഡിഎഫ് സർക്കാർ കാട്ടണം.
(അവസാനിച്ചു)

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.