14 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 22, 2025
January 20, 2025
June 27, 2024
June 6, 2024
April 20, 2024
March 26, 2024
March 11, 2024
February 3, 2024
November 5, 2023
October 26, 2023

അമൂല്യ നിധി കിട്ടുന്ന സ്ഥലങ്ങൾ

അജിത് കൊളാടി
വാക്ക്
July 1, 2023 4:30 am

എഴുത്തുകാരന്റെ ഇന്റലിജൻസ് ഭാവനയെ ജ്വലിപ്പിക്കുന്നു. മനുഷ്യാവസ്ഥയെ നിശിതമായി സമീപിക്കുന്നു. വലിയ സാമൂഹിക മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. സാധാരണ മനുഷ്യരുടെ നിസഹായത വരച്ചുകാട്ടുന്നു. വായന വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറന്നുതരുന്നു. ഏററവും അടുത്ത സുഹൃത്താണ് പുസ്തകം. പുസ്തകത്തിനോട് സൗഹൃദം പങ്കിടാൻ പുസ്തകത്തിന്റെ സൗകര്യം നോക്കേണ്ട ആവശ്യമില്ല. മനുഷ്യരോട് സൗഹൃദം പങ്കിടാൻ സമയവും സാഹചര്യവും നോക്കണം. ആശയങ്ങളുടെ ലോകത്ത് സഞ്ചരിക്കാം. ആശയങ്ങളാണ് മാറ്റത്തിന്റെ ഹേതു. ഓസ്കാർ വൈൽഡ് പറഞ്ഞിട്ടുണ്ട്, ആശയങ്ങൾ ലോകത്ത് സമൂലമാറ്റം വരുത്താൻ ഉതകുന്നില്ലെങ്കിൽ അത് ആശയമേ അല്ല എന്ന്. ഇന്ന് ഉയർന്ന രാഷ്ട്രീയ സംസ്കാരമില്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ജീവിത നിലവാരം സംസ്കാരത്തെയും ജ്ഞാനത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന് പല ചിന്തകരും പറഞ്ഞു. മൂല്യങ്ങളാണ് ജീവിത നിലവാരത്തിന്റെ യഥാർത്ഥ ഘടകം.എന്നാൽ ഇന്ന് ഭൂരിഭാഗം മനുഷ്യരും കരുതുന്നത് പണമാണ് നിർണായക ഘടകം എന്നതാണ്. ജനാധിപത്യക്രമത്തിനകത്തു തന്നെയും സ്വേച്ഛാധികാരങ്ങൾ ബലം നേടുന്ന കാലമാണ് ഇന്ന്. കൺസ്യൂമറിസം സർവാധികാരശക്തിയായി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലത്തു മിതത്വം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന് പിടിച്ചുനിൽക്കാൻ പ്രയാസമാണ്. വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ വിമർശനം എന്നിവ അനുഭവിക്കുന്നു എന്ന് അഭിമാനിക്കുന്ന രാജ്യങ്ങളിൽ പോലും ഭിന്ന രാഷ്‌ട്രീയത്തെ നിഷ്ഠുരമായി അടിച്ചമർത്തുന്നു. ഗ്രന്ഥാലയങ്ങൾ ധിഷണയുടെയും ഭാവനയുടെയും കേന്ദ്രങ്ങളാണ്. വായനയിലൂടെ സ്വരൂപിക്കുന്ന അറിവ്, മനുഷ്യനെ കണ്ടെത്താൻ സഹായിക്കും. ഉമ്പർട്ടൊ എക്കോ പറയുന്നതു പോലെ പ്രപഞ്ചത്തിൽ അദൃശ്യമായ ഒരുപാട് ശക്തികളുണ്ട്. ഇതിൽ മതങ്ങളൊക്കെ പറയുന്ന ആത്മീയ ശക്തികൾക്കൊപ്പം സാഹിത്യത്തെയും വിവിധ ചിന്തകളെയും, ഉമ്പർട്ടൊ എക്കോ ഉൾപ്പെടുത്തി.

മാനവരാശി ഇതുവരെ ഉണ്ടാക്കിയതും ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അപാര ശൃംഖല അപാരമായ ശക്തിയാണ്. വായന അറിവും ഭാവനയും തരും. ഇന്നത്തെ സമൂഹത്തിൽ രാഷ്ട്രീയ സാമൂഹ്യ മതമേഖലയിൽ വായന വളരെ കുറവായതുകൊണ്ട് ഭാവനയും അറിവും തീരെ കുറയും. വായന ചിന്താരൂപീകരണ ശക്തി തരും. ചരിത്രബോധം തരും. ചിരിക്കാനും ചോദ്യം ചെയ്യാനുള്ള കഴിവ് തരും. വാക്കുകളുടെ അപാരമായ സാധ്യതകൾ വായന മനസിലാക്കിത്തരും. ഇന്നത്തെ ഇന്ത്യയിൽ ചോദ്യം ചെയ്യാനുള്ള ധൈര്യം മനുഷ്യർക്ക് തിരെ കുറയാൻ കാരണം വായനയുടെ കുറവാണ്. വായനയാണ് വിമോചനം. രാജ്യത്ത് ആധിപത്യം ചെലുത്തുന്ന, ഫാസിസത്തിനും, ഏകാധിപത്യത്തിനും എതിരെ അസന്ദിഗ്ധമായി പോരാടാൻ വായന സഹായിക്കും. പണ്ട് നമുക്കുവേണ്ടി സമയം വിനിയോഗിക്കാൻ മഹാഗുരുക്കന്മാരുണ്ടായിരുന്നു. ഇന്ന് അവർ സുലഭമല്ല. അവിടെയാണ് പുസ്തകങ്ങളുടെ വില. ഇവിടെ രാജ്യം മുഴുവൻ മതരാഷ്ട്ര വാദം വ്യാപിപ്പിക്കാൻ സംഘ്പരിവാർ കഠിനാധ്വാനം ചെയ്യുന്നു. അസഹിഷ്ണുതയും, സ്പർധയും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഫാസിസ്റ്റുകൾ ആസൂത്രിതമായി വളർത്തുന്നു. അവരുടെ വിഷലിപ്തമായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ, യഥാർത്ഥ വസ്തുതകൾ പറയണം. സത്യം പറയണം. സത്യം പറയാൻ അറിവ് വേണം. അത് നേടാൻ വായനയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്. അമിതമായ പൈസ സമ്പാദിക്കാനുള്ള തത്രപ്പാടിൽ മനുഷ്യരാകാൻ പലരും മറന്നു. രാജ്യത്തും ലോകത്തും എന്താണ് സംഭവിക്കുന്നത് എന്ന അവബോധമില്ലാത്ത ഉള്ള സമൂഹത്തെ വളർത്താൻ ഫാസിസ്റ്റുകൾ നിരന്തരം ശ്രമിക്കുന്നു. അവർക്ക് ജനാധിപത്യം ജീർണിക്കണം. ഭരണഘടനയെ അംഗീകരിക്കില്ല അവർ. ഫാസിസ്റ്റ് നേതാക്കൾ പ്രതിച്ഛായ നിർമ്മാണത്തിൽ നിരന്തരം ഏർപ്പെടുന്നു. അവർ അതിമാനുഷരെന്ന് അതിലൂടെ ജനങ്ങൾക്ക് തോന്നിപ്പിക്കുന്നു. അതിന് അവർ എല്ലാ ജനാധിപത്യ തത്വങ്ങളെയും ലംഘിക്കുന്നു. അവർ വ്യത്യസ്താഭിപ്രായങ്ങൾ സ്വീകരിക്കില്ല. ഭിന്നാഭിപ്രായങ്ങൾ പറയുന്നവരെ ശത്രുക്കളായി കാണുന്നു. ഒരു രംഗത്തും സ്വാതന്ത്ര്യം അനുവദിക്കില്ല അവർ. ജനാധിപത്യത്തെപ്പറ്റിയുള്ള ഈ സ്ഥലജലഭ്രമം ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചത് രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ മാത്രമല്ല, രാഷ്ട്രീയ സാമൂഹ്യ മേലാളന്മാരുടെ പ്രതിച്ഛായകൾക്ക് ഏറ്റവും പരന്ന പ്രചാരം നൽകുന്ന മാധ്യമങ്ങൾ കൂടിയാണ്. അതിൽ ജനം ഭ്രമിക്കുന്നു.


ഇതുകൂടി വായിക്കൂ:ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം


യഥാർത്ഥ വസ്തുതകൾ അറിയണമെങ്കിൽ സത്യം അന്വേഷിക്കേണ്ടേ. അതിന് ഗഹനമായ വായന വേണം, ആത്മവിശ്വാസം വേണം. ജനാധിപത്യ പ്രക്രിയകളെ പൂർണമായും വലിച്ചുകീറുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം പ്രതിരോധത്തിന് ചിന്ത അനിവാര്യമാണ്. ചിന്തയിൽ നിന്നേ പ്രവൃത്തി ഉടലെടുത്തിട്ടുള്ളു. നാം കണ്ടെത്തുന്ന ഓരോ പുതിയ ചിന്തകളും നമ്മെ പരിണമിപ്പിക്കും. ചിന്തയുടെ വളർച്ചയിലൂടെ മാത്രമെ. വ്യവസ്ഥാപിത മാർഗങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാൻ കഴിയൂ. ലോകത്തിൽ സോക്രട്ടീസും, ബുദ്ധനും, കൺഫൂഷ്യസും, വിവേകാനന്ദനും, ഗാന്ധിയും, ഗുരുദേവനും ചിന്തിച്ചതു മാത്രം അറിഞ്ഞാൽ പോരാ. ഹിറ്റ്ലറും, മുസോളിനിയും, സ്റ്റാലിനും, പോൾപോട്ടും ചിന്തിച്ചത് അറിയണം. അപ്പോഴെ ചരിത്ര പഠനം നിരന്തരമാകൂ. ആ പഠനത്തിലൂടെ മാത്രമെ സമകാലീന ലോകത്ത് ആര് ആരുടെയൊക്കെ അവതാരങ്ങളാണെന്ന് അറിയാൻ കഴിയൂ. ഇന്ന് നമ്മുടെ രാജ്യത്തെ മനുഷ്യരുടെ മതജീവിതത്തിന്റെ ചൂഷണം മുൻകാലങ്ങളെക്കാൾ ഭയാനകവും അപകടകരവുമായ ഒരു നിലയിലേക്ക് വളർന്നിരിക്കുന്നു. മനുഷ്യർ മതവിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പിക്കപ്പെടുക മാത്രമല്ല, മതത്തെ ജനവിരുദ്ധമായി രാഷ്ട്രീയവല്ക്കരിക്കുന്നതിലൂടെ മതഭീകരതയുടെ ഇരകളാകാൻ പാകത്തിൽ ധാർമ്മികമായി തകർക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യ ഇന്ന് ഇത്തരമൊരു ധാർമ്മിക തകർച്ചയുടെ ഭയങ്കരമായ ഗർത്തത്തിലാണ്. ഇന്ന് ലോകത്തിലെ വ്യത്യസ്ത മേഖലകളിലെ പല വിദഗ്ധന്മാരും അവരവരുടെ വൈദഗ്ധ്യമുള്ള മേഖലകൾക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് ഒട്ടും അറിവോ ആശങ്കയോ പ്രകടിപ്പിക്കാത്തവരായി മാറി.

ഇന്ന് മുമ്പത്തേക്കാളും വിദ്യാഭ്യാസ വിദഗ്ധരോ, പണ്ഡിതരോ ഉണ്ട്. പക്ഷെ, പൊതുവെ കാണാൻ കഴിയുന്ന ഒരു വസ്തുത, അതിൽ പലരും അധികാരവുമായി ഏറ്റുമുട്ടാൻ തയ്യാറാവാത്തവരാണ്, അത് സ്വതന്ത്ര ചിന്തയെ തടസപ്പെടുത്തുന്നു. നിർഭാഗ്യവശാൽ രാഷ്ട്രീയ സാമൂഹ്യ മതരംഗങ്ങളിലെല്ലാം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം കുറയുന്നു. ഓരോ കാലത്തും ആധിപത്യം പുലർത്തുന്ന ആശയങ്ങളുടെ സ്വാധീനത്തിലാണ് പൊതുവെ വായന നടക്കുന്നത്. ഇന്ന് ആധിപത്യം പുലർത്തുന്ന ഒട്ടേറെ ആശയധാരകളുണ്ട്. അവയെല്ലാം ഓരോ തരം ശക്തികളായാണ് മനുഷ്യരിൽ പ്രവർത്തിക്കുക. മിക്കവാറും ആധിപത്യം ചെലുത്തുന്ന ഈ ശക്തികളിലൂടെയാണ് വായന നടക്കുന്നത്. ഇവയെ എങ്ങനെ നേരിടണം എന്നതാണ് യഥാർത്ഥ പ്രശ്നം. ഇവയെ നേരിടാൻ പുതിയ സാംസ്കാരിക ഉപകരണങ്ങൾ രൂപപ്പെടണം. അതിലൂടെ ആധിപത്യം പുലർത്തുന്ന വായനാശീലങ്ങളെ മറികടന്നു പുതിയ വായനകൾ ശക്തിയാർജിക്കും. അതിനായി സാംസ്കാരിക രംഗത്ത് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകണം. അധികാരത്തിലേക്കുയരുന്ന പ്രതിലോമശക്തികളെ നേരിടാൻ ജനങ്ങൾക്ക് അത് ശക്തി പകരും. അത് നിർവഹിക്കാൻ ഇടതുപക്ഷത്തിന് മറ്റാരേക്കാളും ഉത്തരവാദിത്തമുണ്ട്. അതു നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട കാലമാണിത്. വായനയുടെ പുതിയ ശക്തികൾ രൂപപ്പെട്ടെ മതിയാകൂ. നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കാലത്ത് അച്ചടി മുതലാളിത്തം എന്ന് പാശ്ചാത്യ ചിന്തകർ വിശേഷിപ്പിച്ച പ്രതിഭാസം ശക്തിപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ഈ പ്രതിഭാസത്തെ ജനകീയകവും വിപ്ലവകരവുമായ ചിന്തയുടെയും വായനയുടെയും ഒരു പുതിയ ശക്തിക്ക് രൂപം കൊടുക്കുന്നതിനായി ഉപയോഗിച്ചു. ശ്രീനാരായണന്റേതടക്കം ഉള്ള രചനകൾ സമൂഹത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തി. അതെല്ലാം അന്നത്തെ പ്രതിലോമ ചിന്തകൾക്കെതിരെയുള്ള ജനകീയ ഉയിർത്തെഴുന്നേൽപ്പായിരുന്നു. ക്രമേണ അച്ചടി മുതലാളിത്തം സമൂഹത്തിൽ വിജ്ഞാന വ്യവസായത്തിന്റെ ഭാഗമായി ശക്തിപ്പെട്ടു. ഇന്ന് അത് വ്യാപകമായ വിനോദ വ്യവസായമായി രൂപാന്തരപ്പെട്ടു. വിനോദ വ്യവസായം സൃഷ്ടിക്കുന്ന നിഷ്ക്രിയ കർത്തൃത്വങ്ങളെ മറിച്ചു കടക്കാൻ പറ്റുന്ന ബദൽ കർത്തൃത്വ ശക്തികളാണ് രൂപപ്പെടേണ്ടത്. അതാകണം സാംസ്കാരിക പ്രവർത്തനം. ചിന്തയെ ഉണർത്താൻ, മാനവികതയെ എന്നും ഉയർത്തിപ്പിടിക്കാൻ വായന തീർത്തും സഹായകം. മനസിനെ മനുഷ്യന്റെ എല്ലാ ഭാവനകളിലേക്കും ജ്ഞാനങ്ങളിലേക്കും വായനയിലൂടെ തുറന്നു വിടുക. ചെറിയ മനസുകളിൽ നിന്ന് മോചിതരാകാൻ വായന സഹായിക്കും. വായന നമ്മളെ സ്വതന്ത്രരാക്കും. ഇന്ന് സർവവ്യാപകമായി കാണുന്ന മാനസിക അടിമത്തത്തിൽ നിന്ന് മോചിതരാകാം. പുസ്തകം സ്വാതന്ത്ര്യവും ആത്മാഭിമാനവും വിശാല ചിന്തയും ലഭിക്കുന്ന അമൂല്യ നിധിയാണ്.

TOP NEWS

April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.