5 March 2026, Thursday

Related news

February 17, 2026
January 13, 2026
December 3, 2025
November 20, 2025
July 24, 2025
June 8, 2025
June 4, 2025
May 25, 2025
December 24, 2024
December 23, 2024

ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക 3600 രൂപ

Janayugom Webdesk
തിരുവനന്തപുരം
November 20, 2025 2:23 pm

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ 1600ല്‍ നിന്ന് 2000 രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിച്ചിരുന്നു. ഇതോടൊപ്പം നേരത്തെ കുടിശികയുണ്ടായിരുന്ന ഒരു മാസത്തെ പെന്‍ഷന്‍ തുകയും ഉള്‍പ്പെടെ 3600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. അഞ്ച് ഗഡു പെന്‍ഷന്‍ കുടിശികയുണ്ടായിരുന്നത് ഇതോടെ തീര്‍ത്തുനല്‍കി.

 

62 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമടക്കം 1864 കോടി രൂപ ധനകാര്യ വകുപ്പ് നേരത്തെ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023–24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി.

 

ഈ സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നുണ്ട്.

 

ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. 2011–16ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ 18 മാസത്തെ കുടിശികയുൾപ്പെടെ ഒമ്പതര വർഷംകൊണ്ട് എല്‍ഡിഎഫ് സർക്കാർ ചെലവിട്ടത് 80,671 കോടി രൂപയാണ്.
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രം. കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിലും 200 കോടിയോളം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.