1999 ലെ കേരള ലോകായുക്ത നിയമം ഓർഡിനൻസ് മുഖേന സംസ്ഥാന ഗവൺമെന്റ് ഭേദഗതി ചെയ്തു. നിയമത്തിലെ വകുപ്പ് മൂന്നും 14 ഉം ആണ് പ്രധാനമായും ഭേദഗതി ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 213 അനുസരിച്ച് നിയമസഭ സമ്മേളനം ഇല്ലാതിരിക്കുന്ന സന്ദർഭത്തിൽ അടിയന്തര നിയമ നിർമ്മാണം ആവശ്യമാണെങ്കിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ 22 വർഷം മുൻപ് കേരള നിയമസഭ പാസാക്കിയ ഒരു നിയമം ഫെബ്രുവരിയിൽ നിയമസഭ സമ്മേളിക്കാൻ ഇരിക്കേ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ ഒന്നുമില്ലാതെ ധൃതിയിൽ ഒരു ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്യേണ്ടതുണ്ടായിരുന്നോ എന്നതാണ് ഇന്ന് പലരും ഉന്നയിക്കുന്ന സംശയം.
നിലവിലുള്ള നിയമത്തിൽ ഉപലോകായുക്തയായി നിയമിക്കപ്പെടുന്ന വ്യക്തി ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആകാം. എന്നാൽ ഓർഡിനൻസിൽക്കൂടി നിയമം ഭേദഗതി ചെയ്തപ്പോൾ ലോകായുക്തയും ഉപലോകായുക്തയുമെല്ലാം വിരമിച്ച ജഡ്ജിമാർ മാത്രം ആയിരിക്കും. ഒരു സിറ്റിങ് ജഡ്ജി പാടില്ലായെന്ന വിധത്തിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിന്റെ യുക്തി അചിന്തനീയം.
ഏറ്റവും പ്രധാന ഭേദഗതി 14-ാം വകുപ്പിൽ കൊണ്ടുവന്നതാണ്. ലോകായുക്തയ്ക്കോ ഉപലോകായുക്തയ്ക്കോ ലഭിച്ച പരാതി ആവശ്യമായ നടപടിക്രമങ്ങളും തെളിവുകളും പരിശോധിച്ചും അന്വേഷിച്ചും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ അവർ അധികാര സ്ഥാനത്തേക്ക് (കോമ്പിറ്റന്റ് അതോറിറ്റി) ഒരു റിപ്പോർട്ട് നൽകണമെന്ന് 12-ാം വകുപ്പ് അനുശാസിക്കുന്നു. 14-ാം വകുപ്പിൽ പറയുന്നത് കഴമ്പുണ്ടെന്ന് തെളിയുന്ന ചില പരാതികളിൽ ആരോപണ വിധേയനായ പൊതു പ്രവർത്തകൻ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായെന്ന് ലോകായുക്തക്കോ ഉപലോകായുക്തയ്ക്കോ ബോധ്യപ്പെട്ടാൽ അധികാരസ്ഥാനത്തേക്ക് നൽകുന്ന റിപ്പോർട്ടിനോടൊപ്പം ഈ ആവശ്യത്തിലേക്കായി ഒരു പ്രസ്താവന കൂടി നൽകണം. അധികാരസ്ഥാനം ആരാണോ അവർ ഈ പ്രസ്താവന അംഗീകരിക്കണം. പ്രസ്താവന അംഗീകരിക്കാൻ കോമ്പിറ്റന്റ് അതോറിറ്റി ബാധ്യസ്ഥമാണ് എന്ന് നിയമം വ്യക്തമാക്കുന്നു. ഇതാണ് ഗവൺമെന്റ് ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്തത്.
ഭേദഗതി ചെയ്തപ്പോൾ ലോകായുക്തയോ ഉപലോകായുക്തയോ റിപ്പോർട്ടിനോടൊപ്പം നൽകുന്ന പ്രസ്താവന ”കോമ്പിറ്റന്റ് അതോറിറ്റി”ക്ക് (അധികാരസ്ഥാനം) അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം എന്ന് തിരുത്തി.
ഓർഡിനൻസിൽക്കൂടി ഭേദഗതി ചെയ്ത നിയമത്തിലെ വാക്കുകൾ പുതിയതല്ല. 1999ൽ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ അതേ വാക്കുകളും വാചകങ്ങളുമാണവ. എന്നാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അന്നത്തെ പരിണിത പ്രജ്ഞരായ നിയമസഭാ സാമാജികർ മുന്നോട്ടുവച്ച ഭേദഗതി നിർദേശങ്ങൾ ഉൾക്കൊണ്ടും അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും നിയമവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നായരും പരസ്പരം കൂടിയാലോചിച്ചും രാഷ്ട്രീയ നേതൃത്വങ്ങളുമായി ആലോചിച്ചും ഒരു ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നപ്പോൾ ആ വാക്കുകളും വാചകങ്ങളും ഒഴിവാക്കി. അതിന്റെയർത്ഥം ഒരിക്കൽ നിയമസഭ തള്ളിക്കളഞ്ഞ വാക്കുകൾ 22 വർഷങ്ങൾക്കുശേഷം വീണ്ടും കൊണ്ടുവന്നു എന്നാണ്.
1999ൽ ബില്ല് പാസാക്കുന്ന വേളയിൽ അതിന്റെ മൂന്നാം വായനയിൽ മുഖ്യമന്ത്രി ഇ കെ നായനാർ ”പൊളിറ്റിക്കൽ കറപ്ഷൻ ഇല്ലാതാക്കുന്നതിന് സംശുദ്ധമായ ഭരണം കാഴ്ചവയ്ക്കണമെന്നും”, ”അഴിമതി വരുമ്പോൾ അതു നേരിടാൻ നമുക്കുള്ള ഉപകരണമാണ് ലോകായുക്ത നിയമം” എന്നും നിയമസഭയിൽ വളരെ ആർജവത്തോടെ പറയുകയുണ്ടായി. ഈ നിയമം കൂടുതൽ ശക്തമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുമെന്നും രണ്ട് വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അഴിമതിക്കെതിരായ കേരളത്തിലെ രാഷ്ട്രീയ മനസുകളുടെ പ്രതിഫലനമായിരുന്നു. നിസ്വവർഗത്തിനു വേണ്ടി പടപൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്ത രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം അഴിമതി വിരുദ്ധ പോരാട്ടത്തിലും മുൻനിരയിലായിരുന്നു. വിവരാവകാശ നിയമം, ലോകായുക്ത, സേവനാവകാശ നിയമം തുടങ്ങിയവ രാഷ്ട്രീയ ധാർമ്മികതയുടെ കൂടി ഉല്പന്നമാണ്. അവയെയൊന്നും ദുർബലപ്പെടുത്താൻ പാടില്ല.
ഓർഡിനൻസിൽക്കൂടിയുള്ള നിയമ ഭേദഗതിയെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന വാദഗതികൾ ഇവയാണ്. (1) ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 നും 164 നും വിരുദ്ധമാണ്. (2) ലോകായുക്തക്ക് കോടതിയുടെ അധികാരമില്ല. അത് കേവലം ഒരു അന്വേഷണ ഏജൻസി മാത്രമാണ്. ഈ വാദഗതികളൊന്നും ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടുന്ന അടിയന്തര സാഹചര്യത്തിനു നീതീകരണം നൽകാൻ പര്യാപ്തമല്ല. അപ്പോൾ ഓർഡിനൻസ് എന്തിനായിരുന്നു? ഉത്തരം ഇല്ലാത്ത ചോദ്യമായി അത് ഇന്നും അവശേഷിക്കുന്നു.
കേരള ലോകായുക്ത നിയമത്തിന് അസന്റ് (സമ്മതം) നൽകിയത് ഇന്ത്യൻ പ്രസിഡന്റാണ്. ഗവർണർ അല്ല. ഇന്ത്യൻ പ്രസിഡന്റ് ഒരു ബില്ലിന് അസന്റ് നൽകുന്നതിന് മുൻപ് കേന്ദ്ര നിയമ‑നീതിന്യായ വകുപ്പിന്റെ സസൂക്ഷ്മമായ പരിശോധന നടക്കുമെന്നെല്ലാവർക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത ”ലോകായുക്തയുടെ പ്രസ്താവന”യിൽ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കണ്ടെത്തൽ അപാരമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
ലോകായുക്ത അടിസ്ഥാനപരമായി പൊതു പ്രവർത്തകർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന ഏജൻസിയാണെന്നതിൽ തർക്കമില്ല. എന്നാൽ അതിന്റെ നിയമപരമായ ജുഡീഷ്യൽ സ്വഭാവത്തെ വിലകുറച്ചു കാണരുത്. 1999 ൽ ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ നിയമ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ പറഞ്ഞത്, ”ഇത് ഒരു ജുഡീഷ്യൽ കമ്മിഷൻ ആയിരിക്കണമെന്നാണ് ഗവൺമെന്റിന്റെ ആഗ്രഹം”, അതുകൊണ്ടാണ് മുൻപുള്ള പല കമ്മിഷനുകളിൽ നിന്നും വ്യത്യസ്ഥമായി മൂന്നംഗങ്ങളെയും ജുഡീഷ്യറിയിൽ നിന്നു തന്നെയെടുത്തത്. തന്നെയുമല്ല, അദ്ദേഹം വിശദീകരിച്ചത്, ജഡ്ജസ് എന്തായാലും ഇതിന്റെ അന്വേഷണ പരിധിയിൽ വരുന്നവരുമല്ല. അതിന്റെയർത്ഥം ലോകായുക്ത നിയമത്തിലെ ‘പബ്ലിക് മെൻ’ നിർവചനത്തിൽ വരുന്നവർ ലോകായുക്തയോ ഉപലോകായുക്തയോ ആകരുത് എന്നുകൂടിയാണ്.
തെളിവെടുപ്പുമായി ബന്ധപ്പെട്ട് നിയമത്തിൽ പറഞ്ഞിരിക്കുന്നത്, ലോകായുക്തക്ക് സിവിൽ നടപടിക്രമം 1908 അനുസരിച്ച് ഒരു കേസ് വിചാരണ ചെയ്യുമ്പോഴുള്ള സിവിൽ കോടതിയുടെ അധികാരം ഉണ്ടായിരിക്കും എന്നാണ്. കൂടാതെ ഇന്ത്യൻ പീനൽ കോഡിലെ 193-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ജുഡീഷ്യൽ പ്രൊസീഡിങ്സ് ലോകായുക്തയുടെ നടപടി ക്രമങ്ങളിലും കണക്കാക്കണമെന്നും പ്രസ്തുത വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ലോകായുക്താ നിയമത്തിലെ 19-ാം വകുപ്പ് പറയുന്നത് ലോകായുക്തക്ക് ഹൈക്കോടതിക്ക് ഉള്ളതുപോലെ കോടതിയലക്ഷ്യത്തിന്റെ കാര്യത്തിൽ അധികാര പരിധി, അധികാരം, അതോറിറ്റി എന്നിവ ഉണ്ടായിരിക്കും എന്നാണ്. കണ്ടംപ്റ്റ് ഓഫ് കോർട്ട് ആക്ട് 1971 ന്റെ ഉൾപ്പിരിവുകൾ ലോകായുക്തക്ക് ഈ ആവശ്യത്തിനായി വിനിയോഗിക്കാമെന്നും ഉണ്ട്. ലോകായുക്ത കേവലം ഒരു അന്വേഷണ ഏജൻസി മാത്രമാണെന്ന് തർക്കിക്കുന്നവർ വിശദീകരിക്കേണ്ടുന്നത് ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസിക്കാണ് കോടതിയലക്ഷ്യ നടപടികൾ കൈക്കൊള്ളാനും വ്യാജ തെളിവുകൾ നൽകിയാലുള്ള നടപടികൾ കൈക്കൊള്ളാനും ആധികാരികത ഉള്ളതെന്നാണ്. കേരളത്തിലെ ലോകായുക്ത കേവലമൊരു അന്വേഷണ ഏജൻസി മാത്രമല്ല അത് ഒരു അർധ ജുഡീഷ്യൽ സ്ഥാപനം കൂടിയാണ്.
മറ്റൊന്ന്, ചില വിദഗ്ധരുടെ അഭിപ്രായം ലോക്പാലിനു തുല്യമായതും മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തക്ക് തുല്യമായതുമായ നിയമം മതി കേരളത്തിനും എന്നതാണ്. അങ്ങനെയെങ്കിൽ ജനലക്ഷങ്ങളെ മണ്ണിനുടമസ്ഥരാക്കിയ ”കേരള ഭൂപരിഷ്കരണ നിയമം” ഉണ്ടാവുകയില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തികാധികാരവും പ്രവർത്തനാധികാരവും ഭരണപരമായ സ്വാതന്ത്ര്യവും നൽകിയ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ ഉണ്ടാവുകയില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കൊടുത്ത ഒരധികാരംപോലും നിയമ നിർമ്മാണത്തിൽക്കൂടിയല്ലാതെ തിരിച്ചെടുക്കാൻ സാധ്യമല്ലായെന്ന വ്യവസ്ഥ കേരളത്തിന്റെ മാത്രം നിയമ വ്യവസ്ഥയാണ്. ഇന്ത്യൻ പാർലമെന്റിലോ ഏതെങ്കിലുമൊരു നിയമസഭയിലോ ഇല്ലാത്ത കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കേരളം പാസാക്കിയ സ്വതന്ത്രൻ പോലും കൂറുമാറിയാൽ അയോഗ്യനാക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള കൂറുമാറ്റ നിയമം. സ്വകാര്യ വനഭൂമി ഒരു പൈസ പോലും നഷ്ടപരിഹാരം നൽകാതെ സംസ്ഥാന ഗവൺമെന്റിൽ നിക്ഷിപ്തമാക്കുകയും അത് ഭൂരഹിത കർഷകർക്ക് കൃഷി ചെയ്യുവാൻ നൽകിയ നിയമ നിർമ്മാണവും കേരളത്തിന്റെ മാത്രം സംഭാവനയാണ്.
ഒരു ജുഡീഷ്യൽ കമ്മിഷൻ നിയമാനുസൃതം കണ്ടെത്തുന്ന നിഗമനങ്ങളിൽ മാറ്റം വരുത്താൻ എക്സിക്യൂട്ടീവിന് (ഗവൺമെന്റിന്) അധികാരം കൊടുക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ ലംഘനമാണ്. ലോകായുക്ത എന്ന പൊതുപ്രവർത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷൻ ആരോപണ വിധേയനായ ഒരു പൊതുപ്രവർത്തകനിൽ (മുഖ്യമന്ത്രി, മന്ത്രി, എംഎൽഎ തുടങ്ങി ആരുമാകട്ടെ) തെളിവുകൾ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ അയാൾ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാർമ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോൾ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ. വേണമെങ്കിൽ അപ്പീൽ നൽകുന്നതിനുള്ള ഉപവകുപ്പ് കൂട്ടി ചേർക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം. ഈ നിയമം ദുർബലപ്പെടുത്താനുള്ളതല്ല കൂടുതൽ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നവരെങ്കിലും മറന്നുപോകരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.