16 June 2024, Sunday

Related news

June 8, 2024
May 28, 2024
May 19, 2024
May 18, 2024
May 16, 2024
May 16, 2024
May 10, 2024
May 7, 2024
May 2, 2024
April 27, 2024

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവോ? ഡോക്ടര്‍ പറയുന്നു…

Janayugom Webdesk
തൃശൂർ
May 16, 2023 9:24 am

ഹൈപോതൈറോയ്ഡ് കേസുകളുടെ വർധന ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും വന്ധ്യതാ വിദഗ്ധയുമായ ഡോ. അപർണ ജയ്റാം പറഞ്ഞു. കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. വിവിധ ആശുപത്രികളിലേയും ലാബുകളിലേയും പാരാമെഡിക്കൽ പ്രൊഫഷനലുകൾക്കും ടെക്നീഷ്യൻമാർക്കും വേണ്ടി തൃശൂരിൽ പാത്ക്വസ്റ്റ് ഡയഗ്നോസ്റ്റിക് സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ (സിഎംഇ) പരിപാടിയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. 

പുരുഷൻമാർക്കിടയിൽ ഹൈപോതൈറോയ്ഡ് കേസുകൾ വർധിച്ചു വരുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഹൈപോതൈറോയ്ഡ് വേഗത്തിൽ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ഇത് ശരിയായ ചികിത്സ ലഭ്യമാക്കാനും അതുവഴി പുരുഷ വന്ധ്യതാ സാധ്യത കുറയ്ക്കാനും സാധിക്കും. ഈ രോഗാവസ്ഥയെ കുറിച്ച് പാരാമെഡിക്കൽ പ്രൊഫഷനലുകളേയും ക്ലിനിക്കൽ ലാബ് വിദഗ്ധരേയും ബോധവൽക്കരിക്കേണ്ടതും വളരെ പ്രധാനമാണ്, ഡോ. അപർണ പറഞ്ഞു. ഇന്ത്യയിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം അതിവേഗം വർധിച്ചു വരികയാണ്. ഗ്രന്ഥി സംബന്ധമായ രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് തൈറോയ്ഡ് രോഗങ്ങളെന്നും കേരളത്തിലും സ്ഥിതി മറിച്ചല്ലെന്നും അവർ പറഞ്ഞു. കേരളത്തിലെ വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തിൽ ഏകദേശം പ്രായപൂർത്തിയായവരിൽ 20 ശതമാനം പേരിലും തൈറോയ്ഡ് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ രോഗ ബാധിതർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിൽ ക്ലിനിക്കൽ പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ശരീര ഭാരം കൂടുക, മാനസിക പ്രശ്നങ്ങൾ, ത്വക്ക് നിറംമാറ്റം, മുടി കൊഴിച്ചിൽ തുടങ്ങി അനുബന്ധ രോഗങ്ങൾക്കും തൈറോയ്ഡ് കാരണമാകുന്നു. ഇത് തൈറോയ്ഡ് ചികിത്സയെ സങ്കീർണമാക്കുമെന്നും അവർ പറഞ്ഞു. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൂതന രോഗ നിർണയ സാങ്കേതികവിദ്യങ്ങളെ കുറിച്ച് പുതിയ അറിവ് പകരുന്ന പരിപാടിയാണ് സിഎംഇ. കേരളത്തിലുടനീളം ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി മെഡിക്കൽ രംഗത്തുള്ളവർക്കു വേണ്ടി പാത്ക്വസ്റ്റ് ഡയഗ്നോസ്റ്റിക് വിവിധ വിഷയങ്ങളിൽ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബറേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) ദേശീയ തല നിർണയ വിദഗ്ധ, ആരോഗ്യ മേഖലയിൽ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയായ കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷൻസ് (സിഎഎച്ഒ) സെക്രട്ടറി എന്നീ പദവികള്‍കൂടി വഹിക്കുന്നയാളാണ് ഡോ. അപർണ.

Eng­lish Sum­ma­ry: Do Thy­roid Prob­lems Cause Male Infer­til­i­ty? Doc­tor says…

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.